ഒരു ബദല്‍ ചിന്ത
ഇന്നലെ ഒരു പ്രമുഖ മലയാളി വ്യവസായി എന്നോടു ചോദിച്ചു: ''നിങ്ങള്‍ എന്തിനാണു കരിപ്പൂര്‍ വിമാനത്താവളത്തിനു വേണ്ടി സമരംചെയ്യുന്നത്. അതൊരിക്കലും യാഥാര്‍ഥ്യമാവില്ലെന്നറിയാമല്ലോ, സുഹൃത്തേ. മലബാറില്‍ ഒരു വലിയ വിമാനത്താവളം കണ്ണൂരില്‍ വരുന്നു, അതും പിണറായിയുടെ നാട്ടില്‍.
അതുകൊണ്ടല്ലേ നിയമസഭയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം 'അത് പിന്നെ പറയാം...' എന്ന മറുപടി പറഞ്ഞത്. പിന്നീടൊരിക്കലും അതിനുത്തരം പിണറായി പറയില്ലെന്നു മലയാളമക്കള്‍ക്കറിയാം. അവരതു ചോദിക്കയുമില്ല. പിന്നെന്തിന് ഈ കുന്നിന്‍മുകളിലെ വിമാനത്താവളം വികസിപ്പിക്കണം.''
ആ വ്യവസായിയുടെ ചോദ്യംകേട്ട് ഞാന്‍ അതിശയിച്ചുപോയി. എത്ര ലാഘവത്തോടെയാണ് അയാളിതു പറയുന്നത്. ഒരു വിമാനത്താവളം മറ്റൊന്നിനു തടസ്സമാവുകയോ. ന്യൂയോര്‍ക്കില്‍ അടുത്തടുത്തായി മൂന്നുവിമാനത്താവളങ്ങളുണ്ടല്ലോ. ലണ്ടനിലും സ്ഥിതിവ്യത്യസ്തമല്ല. അവിടെയും മൂന്നു വിമാനത്താവളങ്ങളുണ്ട്. പിന്നെന്തുകൊണ്ടു മലബാറില്‍ ഒന്നിലേറെ വിമാനത്താവളങ്ങളായിക്കൂടാ.
ഇക്കാര്യം പറഞ്ഞിട്ടും ആ വ്യവസായി നേരത്തേ പറഞ്ഞതില്‍ ഉറച്ചുനിന്നു: ''കരിപ്പൂരിനെ വികസിപ്പിക്കില്ല, വലിയ വിമാനങ്ങള്‍ ഇവിടെ ഇറക്കില്ല, ഹജ്ജ് വിമാനങ്ങള്‍ ഇനി കരിപ്പൂരില്‍നിന്നു പറന്നുയരില്ല. അതൊക്കെ വലിയ കളിയാണ്. അതിനുമീതെ പറക്കാന്‍ നിങ്ങള്‍ക്കാവില്ല.''
ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുകയല്ല അദ്ദേഹം ചെയ്തത്. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: ''ലോകത്തില്‍ സാങ്കേതികവിദ്യ വളര്‍ന്നുവലുതാവുകയാണ്. കോഴിക്കോട്ടുനിന്നു കണ്ണൂരിലെത്താന്‍ ഇപ്പോള്‍ മൂന്നുമണിക്കൂര്‍ വേണം. ആധുനികസാങ്കേതികവിദ്യയിലൂടെ അത് ഇരുപതുമിനിറ്റാക്കാം. അതായത്, നൂറുകിലോമീറ്റര്‍ ദൂരം വെറും ഇരുപതു മിനുട്ടുകൊണ്ട് എത്താന്‍ കഴിയും. പിന്നെന്തിനാണ് കരിപ്പൂരില്‍ ഒരു വിമാനത്താവളം.''
ഞാന്‍ വീണ്ടും അന്ധാളിച്ചു. ഇദ്ദേഹത്തിനു വട്ടാണോയെന്ന് ഒരുനിമിഷം സംശയിച്ചുപോയി. അയാള്‍ വീണ്ടും വിവരിച്ചു: ''ഞങ്ങള്‍ വ്യവസായികള്‍ കോഴിക്കോട്ടുനിന്നു കണ്ണൂര്‍വരെ ഒരു 'ഹൈപെര്‍ ലൂപ്' കൊണ്ടുവരാന്‍പോകുന്നു.''
ഈ സാങ്കേതികവിദ്യയെക്കുറിച്ചു കേട്ടപ്പോള്‍ ശരിക്കും അതിശയം തോന്നി. കേരളം പോലൊരു നാട്ടില്‍ ഹൈപെര്‍ ലൂപ് വിദ്യ കൊണ്ടുവരുമെന്നോ. അതും കോഴിക്കോട്ടെ വിമാനയത്രക്കാര്‍ക്കുവേണ്ടി. എന്റെ അതിശയം ചിറകുവിരിച്ചപ്പോള്‍ അയാളുടെ വിശദീകരണം വാനോളമെത്തി.
'മെട്രോ കോച്ചുകള്‍ പോലുള്ള വാഹനം. നിയര്‍ വാക്വം ട്യൂബിലൂടെയുള്ള യാത്ര. ടെക് എന്റര്‍പ്രണ്യുര്‍ എലോന്‍ മസ്‌കിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം. 660 കിലോമീറ്റര്‍ റോഡ് യാത്ര വേണ്ടുന്ന അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍നിന്ന് ലോസ് ആഞ്ചലസിലെത്താന്‍ കേവലം മുപ്പതുമിനുട്ട്! (റോഡ് വഴി അഞ്ചു മണിക്കൂര്‍ മുപ്പതു മിനിറ്റ്), ദുബൈയില്‍നിന്ന് അബൂദബിയിലെത്താന്‍ പതിനാലു മിനിറ്റ് !(ഇപ്പോള്‍ റോഡ് മാര്‍ഗം 2 മണിക്കൂര്‍) അപ്പോള്‍ കോഴിക്കോട്ടുനിന്നു കണ്ണൂരിലെത്താന്‍ ഇരുപതുമിനിറ്റു മതിയല്ലോ!!
ഇവിടെയാണു കച്ചവടക്കാരനും സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസം. സാധാരണക്കാരന്റെ പണം എങ്ങനെ കച്ചവടക്കാരന്റെ കീശയിലെത്തിക്കാന്‍ പറ്റുമെന്നാണ് അവന്‍ ചിന്തിക്കുന്നത്. ഇന്ത്യയില്‍ ഹൈപെര്‍ലൂപ് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ ആദ്യം തിരുവനന്തപുരം, കൊച്ചി, ബംഗളൂരു ആയിരുന്നു മാപ്പിലുള്ളതെങ്കിലും കോഴിക്കോട്ടെ വിമാനയാത്രക്കാരുടെ ക്ലേശം കണക്കിലെടുത്ത് ആദ്യം ഇവിടെത്തന്നെ തുടങ്ങാനാണു പ്ലാന്‍. അതുകൊണ്ടാണു വ്യവസായി പറയുന്നത് കോഴിക്കോടു വിമാനത്താവളം വികസിപ്പിക്കില്ലെന്ന്. ഇപ്പോള്‍ മനസ്സിലായോ അയാളുടെ മനസ്സിലിരുപ്പ്. ഇപ്പോള്‍ മനസ്സിലായോ പിണറായി എന്തിനാണ് ഉത്തരം അര്‍ധവിരാമത്തില്‍ നിര്‍ത്തിയതെന്ന്.
ഇതൊക്കെയാണു മക്കളേ കളികള്‍!
വിമാനത്തേക്കള്‍ വേഗതയുള്ള മറ്റൊരു വാഹനമുള്ളപ്പോള്‍ എന്തിനാണു കോഴിക്കോടു വിമാനത്താവളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."