35 മനുഷ്യ ജീവന്‍ കവര്‍ന്ന ചേപ്പാട് തീവണ്ടി ദുരന്തത്തിന് 22 വയസ്
ഹരിപ്പാട്: മുപ്പത്തി അഞ്ചോളം മനുഷ്യ ജീവനുകള്‍ തീവണ്ടിക്ക് മുന്നില്‍ പിടഞ്ഞു വീണ ചേപ്പാട് തീവണ്ടി അപകടം നടന്നിട്ട് 22 വര്‍ഷം തികഞ്ഞു. കല്യാണ വീട്ടിലെ സന്തോഷം തല്ലിക്കെടുത്തിയ ദുരന്തം നടന്നത് തീരദേശ പാതയിലെ ഏവൂര്‍ ലവല്‍ ക്രോസിലായിരുന്നു. 1996 മേയ് 14ന് ഉച്ചയ്ക്ക് 1.20 ന് ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം.കായംകുളം ആലപ്പുഴ പാസഞ്ചര്‍ ട്രയിന്‍ കല്യാണത്തിന് പോയിട്ടു വന്ന ടൂറിസ്റ്റ് ബസില്‍ ഇടിച്ചുകയറുകയായിരുന്നു. മനുഷ്യ ശരീരങ്ങള്‍ പ്രദേശമാകെ ചിതറിത്തെറിച്ചു. സമീപത്തെ വൃക്ഷങ്ങളിലും വീടുകളിലും വീട്ടുമുറ്റത്തെ കിണറുകളിലുള്‍പ്പടെ ചോരയും മാംസവും ചിതറി വീണു. ചില ശരീരങ്ങള്‍ തീവണ്ടി കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി.
അന്നത്തെ നടുക്കം ഇന്നും പ്രദേശത്ത് നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ദുരന്തത്തിനിരയായ ബസില്‍ നിന്നും അവസാന നിമിഷം മറ്റു വണ്ടികളിലേക്ക് മാറിക്കയറിയതു കൊണ്ട് ജീവന്‍ തിരിച്ചു കിട്ടിയവര്‍ക്കും നടുക്കുന്ന ഓര്‍മ്മകള്‍ വിട്ടുമാറിയിട്ടില്ല. ഏവൂര്‍ വടക്ക് ഇടയ്ക്കാട് തെക്കതില്‍ കൊച്ചുനാരായണന്റെ മകന്‍ സോമന്റെ വിവാഹത്തിന് കൊട്ടാരക്കരയ്ക്ക് പോയിട്ടു വന്ന ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തിനിരയായത്.രണ്ടു ടൂറിസ്റ്റ് ബസുകളും ഒരു മിനി ബസും ഏതാനും കാറുകളും കല്യാണ യാത്രയ്ക്കുണ്ടായിരുന്നു. അപകടത്തില്‍ പെട്ട ബസില്‍ 44 പേര്‍ ഉണ്ടായിരുന്നു.ഇതില്‍ 35 പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍ നിരന്നു കിടക്കുന്നത് കണ്ട് ഹൃദയം പൊട്ടിയും ഒരാള്‍ മരിച്ചു. കല്യാണത്തിന് യാത്ര പുറപ്പെട്ടപ്പോള്‍ ബസില്‍ സിനിമ വച്ചിരുന്നു. വധൂഗൃഹത്തിലെത്തിയപ്പോഴേക്കും സിനിമ പകുതി കഴിഞ്ഞിരുന്നു.മടക്കയാത്രയില്‍ സിനിമയുടെ പകുതി കാണാന്‍ പലരും സീറ്റ് നേരത്തേ പിടിച്ചിരുന്നു. ആ യാത്രയാണ് ഏവൂരിലെ കാവല്‍ക്കാരില്ലാത്ത ലവല്‍ ക്രോസില്‍ അവസാനിച്ചത്.ദുരന്തം നടന്ന സ്ഥലത്തിന് തൊട്ടു തെക്ക് റയില്‍വേട്രാക്കിന് വളവാണ്.
ബസിനുള്ളിലെ ബഹളങ്ങള്‍ കാരണം ട്രയിന്‍ വളവ് തിരിഞ്ഞു വരുന്നത് ബസിന്റെ ഡ്രൈവര്‍ കാണാതിരുന്നതാണ് നാടിനെ നടുക്കിയ ദുരന്തത്തിന് കാരണം.അപകടത്തിന് ശേഷം അര കിലോമീറ്ററോളം മാറി ചേപ്പാട് റയില്‍വേ സ്റ്റേഷന് തൊട്ടടുത്തായിട്ടാണ് ട്രയിന്‍ വന്നു നിന്നത്.വരന്റെ വീട്ടിലാണ് വലിയ ദുരന്തം സംഭവിച്ചത്. വരന്‍ സോമന്റെ മാതാവ് ഗൗരി, സഹോദരങ്ങളായ രാധാകൃഷ്ണന്‍, മധു, മുരളി എന്നിവര്‍ മരിച്ചു.ഒപ്പം അടുത്ത ബന്ധുക്കളും മരിച്ചു.അപകടസ്ഥലത്ത് ദുരന്തത്തെപ്പറ്റി സന്നദ്ധ സംഘടന സ്ഥാപിച്ച ബോര്‍ഡ് തുരുമ്പെടുത്ത് ഇന്നും നില്‍ക്കുന്നുണ്ട്.അപകടത്തിന് ശേഷം റയില്‍വേ ഇവിടെ ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."