എം.സി റോഡ് പുനര്‍ നിര്‍മാണത്തിന് സാങ്കേതികാനുമതി ലഭ്യമായതായി എം.എല്‍.എ
പെരുമ്പാവൂര്‍ : എം.സി റോഡില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികാനുമതി ലഭ്യമയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചേലാമറ്റം അമ്പലം മുതല്‍ നിയോജകമണ്ഡല അതിര്‍ത്തിയായ താന്നിപുഴ വരെ ബി.എം ആന്റ് ബി.സി നിലവാരത്തില്‍ റോഡ് നവീകരിക്കും. 3.250 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12.5 മുതല്‍ 15 മീറ്റര്‍ വരെ വീതിയിലാണ് റോഡ് നിര്‍മാണം. കൂടുതല്‍ മോശമായ ഭാഗങ്ങളിലാണ് ബി.എം നിലവാരത്തില്‍ ടാര്‍ ചെയ്യുന്നത്. ദിശാ ബോര്‍ഡുകളും രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് യാത്രികര്‍ക്ക് സഹായകരമാകുന്ന റിഫ്ലെക്ടറുകളും ഇതോടൊപ്പം സ്ഥാപിക്കുന്നതിനും പദ്ധതി എസ്റ്റിമേറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
എം.സി റോഡില്‍ തന്നെ മലമുറി മുതല്‍ ചേലാമറ്റം അമ്പലം വരെയുള്ള ഭാഗത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചു. 1.10 കോടി രൂപയാണ് ഈ ഭാഗത്തെ പുനരുദ്ധാരണ പ്രവത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡില്‍ ഏറ്റവും മോശമായ ഇടങ്ങളില്‍ ബി.സി നിലവാരത്തിലാണ് നവീകരിച്ചത്.
പെരുമ്പാവൂര്‍ ടൗണില്‍ വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന ഭാഗങ്ങള്‍ ടൈല്‍ വിരിച്ച് മികവുറ്റതാക്കി. 24 ലക്ഷം രൂപയാണ് ടൈല്‍ വിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."