മുകേഷിനെതിരെയുള്ള പരാതി: എസ്.ഐക്കെതിരെ പ്രതിഷേധം
കൊല്ലം: കൊല്ലം എം.എല്‍.എ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐയ്ക്കെതിരെ പ്രതിഷേധം.
പരാതി സ്വീകരിച്ച എസ്.ഐ ഗിരീഷ് രസീതും നല്‍കിയിരുന്നു. ഇത് വിവാദമായതോടെ വെള്ളിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനോ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി റക്സ്ബോബി
അര്വിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എസിപി ഇനിയും റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതായി
ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ടാണ് എസ്.ഐയ്ക്കെതിരായ നടപടി വൈകുന്നതെന്നാണ് സൂചന.
പരാതി സ്വീകരിച്ച ശേഷം രസീത് നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ എസ്.ഐ സമ്മതിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ നേതൃത്വം സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനോയ്ക്ക് വെള്ളിയാഴ്ച പരാതി നല്‍കിയിരുന്നു. എസ്ഐ ഗിരീഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വെള്ളിയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിലാണ് വെസ്റ്റ് എസ്ഐയ്ക്ക് വ്യാഴാഴ്ച്ച പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി കമ്മറ്റി പ്രസിഡന്റ് അഡ്വ. വിഷുണു സുനില്‍ പന്തളത്തിന്റെ പേരിലാണ് പരാതി സ്വീകരിച്ച് രസീത് നല്‍കിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തി.
പൊലീസിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് മുകേഷിനെ കണാനില്ലെന്ന പരാതി എസ്ഐ സ്വീകരിച്ചതെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആക്ഷേപമുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."