ഡെങ്കിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ: ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ആഴ്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, മുട്ടത്തോട്, ടയറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന ചെറിയ അളവിലെ ശുദ്ധജലത്തില്‍ വരെ കൊതുകുകള്‍ പെരുകാനുളള സാധ്യതയുണ്ട്. ടെറസുകള്‍, വാട്ടര്‍ ടാങ്ക്, ഫ്രിഡ്ജിലെ ട്രേ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്ക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. വേലികെട്ടുന്നതിനും വിറകുകളും മറ്റു മൂടിയിടുന്നതിനുമൊക്കെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകള്‍, ചെടിച്ചട്ടികള്‍, മരപ്പൊത്തുകള്‍, കുറ്റികള്‍, അങ്കോല ചെടികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുക വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
ശുദ്ധജല സംഭരണി, കുടിവെള്ളം സംഭരിച്ചു വെയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത രീതിയില്‍ അടച്ചുസൂക്ഷിക്കണം. രാവിലെയും വൈകുന്നേരവും കതകുകളും ജനലകളും അടച്ചിടൂകയും കസേര, മേശ, തൂണികള്‍ എന്നിവിടങ്ങളിലുള്ള കൊതുകുകളെ നശിപ്പിക്കുകയും ചെയ്യണം. ഞായറാഴ്ച തോറും വീടുകളിലെ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം.
പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ. ഒപ്പം ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടുകയും വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."