ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്:പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന്
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങളും മാതൃക പെരുമാറ്റ ചട്ടവും കര്‍ശനമായി പാലിക്കണമെന്ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരി എം.വി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ആര്‍.ഡി. ഓഫീസില്‍ വിളിച്ച യോഗത്തില്‍ പൊതുനിരീക്ഷകന്‍ കെ.ഡി. കുഞ്ജം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി പെരുമാറ്റ ചട്ടം അറിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചത്. തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് ഒബ്‌സര്‍വര്‍ പറഞ്ഞു.
വാഹനത്തിനു അനുമതി ലഭിച്ചതിന്റെ രേഖ പുറത്തു കാണത്തക്ക വിധം വാഹനത്തില്‍ പതിച്ചിരിക്കണം. ഇലക്ട്രിക്ക് ടെലഫോണ്‍ പോസ്റ്റുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോസറ്റര്‍ പതിക്കാന്‍ പാടില്ല. നേരത്തെ പതിച്ചിട്ടുള്ളവ ഒഴിവാക്കേണ്ടതാണ്. സ്വകാര്യ ഇടങ്ങളില്‍ പോസ്റ്ററോ മറ്റ് പ്രചരണ സാമഗ്രികളോ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സ്വകാര്യ വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം. അതിനുള്ള അനുമതി പത്രവും കൈവശം സൂക്ഷിക്കണം. രാവിലെ 9.30 മുതല്‍ രാത്രി 9.30വരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തു പരാതികളും തനിക്കു നല്‍കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര ഘട്ടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാം. പരമാവധി എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതല്‍ വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍.ഡി. ഓയുടെ ഓഫീസില്‍ താന്‍ ഉണ്ടായിരിക്കും. ഈ സമയങ്ങളില്‍ തന്നെ നേരിട്ട് സമീപിക്കാവുന്നതാണെന്നും കുഞ്ജം പറഞ്ഞു. വിവിപാറ്റ് മിഷനിലൂടെ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും സുതാര്യമാണെന്ന് ഉറപ്പ് വരുത്തുമെന്ന് വരണാധികാരി എം.വി. സുരേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു.
പരസ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം: കലക്ടര്‍
ആലപ്പുഴ: നിയമസഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്‌ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് സ്ഥാനാര്‍ഥികളോ കക്ഷികളോ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
ജില്ലാതലത്തില്‍ തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്രഇലക്‌ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ റെക്കോഡു ചെയ്യുകയും ചെയ്യുന്നുണ്ട്. മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി പരസ്യങ്ങള്‍ സംപ്രേഷണംപ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ശ്രവ്യദൃശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ഏതെങ്കിലും സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയപാര്‍ട്ടിയേയോ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഒന്നിലധികം പത്രങ്ങളില്‍ സമാനമായോ മിനുക്കുപണികളോടെയോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളും മറ്റും പെയ്ഡ് ന്യൂസിന്റെ ഗണത്തിലാണോയെന്നു പരിശോധിക്കുന്നുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യപ്പെടുന്നവയും നിരീക്ഷിക്കുന്നുണ്ട്. പെയ്ഡ് ന്യൂസാണെന്നു തെളിഞ്ഞാല്‍ പരസ്യം എന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ തുക ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് ചെയ്യും. മാതൃക പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യും.
സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റുകളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ നിര്‍വചനത്തില്‍ വരുന്നതിനാല്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ അവയില്‍ പ്രസിദ്ധീകരിക്കുന്നതിന് എം.സി.എം.സിയുടെ അനുമതി വാങ്ങിയിരിക്കണം. സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ക്കുളള ചെലവുകളും തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയില്‍ ഉള്‍പ്പെടും.
ചെലവ് നിരീക്ഷകനെത്തി; 18,22,26 തീയതികളില്‍ അക്കൗണ്ട് പരിശോധന
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെലവ് നിരീക്ഷകന്‍ ഗൗരവ് അവാസ്തിജില്ലയിലെത്തി. ജില്ല കളക്ടര്‍ ടി.വി. അനുപമയുമായി നിരീക്ഷകന്‍ കൂടികാഴ്ച നടത്തി.
രണ്ട് വീഡിയോ നിരീക്ഷണ സംഘമുള്‍പ്പടെ 18 പരിശോധന സംഘങ്ങള്‍ മണ്ഡലത്തില്‍ സജീവമാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ശരാശരി നൂറ്റിയമ്പതിലേറെ വണ്ടികള്‍ ഒരു സംഘം പരിശോധിക്കുന്നുണ്ട്. മുന്നറിയിപ്പു ലഭിക്കുന്ന വാഹനങ്ങള്‍ വിശദമായും പരിശോധിക്കുന്നുണ്ട്.
ആറു കേന്ദ്രങ്ങളിലായി എട്ടു മണിക്കൂര്‍ ഇടവിട്ട് പരിശോധന സംഘം 24 മണിക്കൂറും സജീവമാണെന്നും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ചെലവ് അവലോകന സമതി നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ പി. രജികുമാര്‍ അറിയിച്ചു. സമയക്രമം അനുസരിച്ച് ഈ മാസം 18ന് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ ആദ്യഘട്ട പരിശോധന നിരീക്ഷകന്‍ നടത്തും. രണ്ടാം ഘട്ട പരിശോധന 22നും 26ന് മൂന്നാം ഘട്ട പരിശോധനയും നടത്തും.
ഉപതിരഞ്ഞെടുപ്പ് നടത്തിപ്പ് വിജയകരമാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് ഗൗരവ് അഭ്യര്‍ഥിച്ചു. അച്ചടി മാധ്യമങ്ങളിലും പ്രാദേശിക ന്യൂസ് ചാനലുകളിലും വരുന്ന പരസ്യ സ്വഭാവത്തിലുള്ള വാര്‍ത്തകളും മറ്റുംനിരീക്ഷിക്കുന്നതിനുള്ള എം.സി.എം.സി. പ്രവര്‍ത്തനവും നിരീക്ഷകന്‍ ചോദിച്ചറിഞ്ഞു.
വൈകീട്ട് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്ന എല്ലാ പരിശോധക സംഘങ്ങളുടെയും യോഗത്തിലും ചെലവ് നിരീക്ഷകന്‍ പങ്കെടുത്തു.
ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ അതുല്‍ എസ്.നാഥ്, എം.സി.എം.സി കണ്‍വീനര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവരും പങ്കെടുത്തു.
കണക്ക് പരിശീലനം ഇന്ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നത് സംബന്ധിച്ചുള്ള ഒരു പരിശീലനക്ലാസ് ഇന്ന് രാവിലെ 10ന് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തും.
സ്ഥാനാര്‍ഥിയോ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റോ അവരുടെ പ്രതിനിധിയോ പങ്കെടുക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."