നാരദാ വിഡിയോ: സി.ബി.ഐ അന്വേഷണത്തിന് കൊല്‍ക്കത്താ ഹൈക്കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ വീഡിയോ ദൃശ്യങ്ങളിലൂടെ നാരദാ ന്യൂസ് ഉന്നയിച്ച കൈക്കൂലി ആരോപണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താനും അന്വേഷണത്തിന്റെ പ്രാഥമിക വിവരം 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാനും കൊല്‍ക്കത്താ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് നിഷിത മാത്രേ, ജസ്റ്റിസ് ടി. ചക്രവര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനു തൊട്ടുമുന്‍പാണ് തൃണമൂലിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നത്.
യു.പി.എ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന മുകുള്‍ റോയി, സുഗതാ റോയ്, സംസ്ഥാന മന്ത്രിമാരായ സുബ്രതോ മുഖര്‍ജി, ഫര്‍ഹദ് ഹക്കീം, എം.പിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്ദ്വാന് എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവര്‍ പണംവാങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.
ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."