ചില യൂനിവേഴ്‌സിറ്റികളിലെ വി.സിമാര്‍ പോലും വര്‍ഗീയതയുള്ളവര്‍: പിണറായി
തിരൂര്‍: രാജ്യത്തെ ചില യൂനിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാര്‍ പോലും വര്‍ഗീയതയും ജാതീയതയുമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഴി പിഴച്ചുപോകുന്നവരെ കേന്ദ്രസര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസോസിയേഷന്‍ ഓഫ് കേരള ഗവ: കോളജ് ടീച്ചേഴ്‌സ് 59-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ചെറിയൊരു വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും ഇത്തരത്തിലുള്ള ചിന്താഗതിയ്ക്ക് അടിമപ്പെട്ടവരാണ്. ആശയപരമായ ഏറ്റുമുട്ടലില്‍ വിജയിക്കില്ലെന്ന് ബോധ്യമുള്ളതിനാല്‍ വലതു പക്ഷ- ഫാസിസ്റ്റ് ശക്തികള്‍ യൂനിവേഴ്‌സിറ്റികളെ പോലും ആക്രമിക്കുന്നു. ശാസ്ത്രത്തോടും യുക്തിയോടും ആര്‍.എസ്.എസിന് കടുത്ത അസഹിഷ്ണുതയാണ്. അതിനാലാണ് അസഹിഷ്ണുതയോടെ ഇത്തരക്കാര്‍ കലാലയങ്ങളെ സമീപിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്‍ക്ക് കീഴില്‍ രാജ്യത്തെ ജീവിതം എത്രമാത്രം ദുസഹമാണെന്നതിന്റെ തെളിവാണ് ജെ.എന്‍.യുവിലെ മുത്തുകൃഷ്ണന്റെ ആത്മഹത്യ വ്യക്തമാക്കുന്നത്. ഇത്ര ദാരുണമായ അവസ്ഥ ഇന്ത്യയിലല്ലാതെ ലോകത്തെവിടെയും ഉണ്ടാകില്ല.
മതനിരപേക്ഷവാദികള്‍, ന്യൂനപക്ഷങ്ങള്‍, ദലിതര്‍ എന്നിവരോടാണ് ആര്‍.എസ്.എസിന് കടുത്ത പക. ഇതെല്ലാം സമീപഭാവി അത്ര ശുഭകരമായിരിക്കില്ലെന്നതാണ് വ്യക്തമാക്കുന്നതെന്ന് പിണറായി സൂചിപ്പിച്ചു.
ഉന്നത- പൊതുവിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്നത് സര്‍ക്കാര്‍ പരിശോധിക്കും. സമൂഹത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അധ്യാപക സമൂഹം തങ്ങളുടെ ഉത്തരവാദിത്വം ഗൗരവത്തോടെ നിറവേറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."