നിര്‍ദേശങ്ങള്‍ കാറ്റില്‍ പറക്കുന്നു; മനോരോഗത്തിനുള്ള മരുന്ന് കുറുപ്പടിയില്ലാതെ വില്‍ക്കുന്നു
കോട്ടയം: ഡോക്ടറുടെ കുറുപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന നിയമം ലംഘിച്ച് മെഡിക്കല്‍ ഷോപ്പുകള്‍. കുറുപ്പടിയില്ലാതെ വിതരണം ചെയ്യുന്നതില്‍ അപസ്മാര, മാനസികരോഗത്തിനുള്ള മരുന്നുകളുമുണ്ട്. ഫാര്‍മസികള്‍ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുമ്പോള്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.
ജീവന്‍രക്ഷാ മരുന്നുകള്‍ വിദ്യാര്‍ഥികള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കുമ്പോഴും വിവിധ മെഡിക്കല്‍ ഷോപ്പുകള്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഡോക്ടറുടെ കുറുപ്പടിയില്ലാതെ പ്രത്യേക കാറ്റഗറിയില്‍പ്പെട്ട മരുന്നുമായി വിദ്യാര്‍ഥി എക്‌സൈസ് പിടിയിലായിരുന്നു.
മാനസിക രോഗത്തിനുള്ള എട്ട് ഗുളികകളാണ് വിദ്യാര്‍ഥിയില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവം അതീവ ഗൗരവമുള്ളതാണെങ്കിലും വീഴ്ച വരുത്തിയ മെഡിക്കല്‍ ഷോപ്പ് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
അന്വേഷണം നടക്കുകയാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടറും എക്‌സൈസും സംയുക്ത പരിശോധന നടത്തുകയാണ്. കുറുപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തിയാല്‍ മെഡിക്കല്‍ഷോപ്പിന്റെ ലൈസന്‍സ് വരെ റദ്ദാക്കാം. നിയമം കര്‍ശനമാക്കിയിട്ടും മരുന്നുകള്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥികളുടെ കൈയില്‍ എങ്ങനെയെത്തുന്നുവെന്നതും ദുരൂഹമാണ്. ഷെഡ്യൂള്‍ഡ് എച്ച് കാറ്റഗറിയില്‍പ്പെട്ട മരുന്നുകള്‍ കുറുപ്പടിയില്ലാതെ നല്‍കുന്നതല്ലെന്ന വിവരം ഷോപ്പുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ജീവനക്കാര്‍ പലരും കുറുപ്പടി നോക്കാറുപോലുമില്ലെന്നതാണ് വാസ്തവം. പ്രത്യേക വിഭാഗത്തില്‍പ്പെട്ട മരുന്നു വാങ്ങുമ്പോള്‍ അവയുടെ വിവരം ചീട്ടില്‍ ഫാര്‍മസിസ്റ്റുകള്‍ രേഖപ്പെടുത്തണമെന്നും ചട്ടത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഡോക്ടറുടെ പേരും ഒപ്പും മരുന്നു കഴിക്കുന്നതിന്റെ കാലാവധിയും രേഖപ്പെടുത്തണം. ദിവസവും മരുന്ന് കഴിക്കുന്ന വ്യക്തികളാണെങ്കില്‍ അറുപത് ദിവസത്തിന് ശേഷം ചീട്ട് പുതുക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. മരുന്നുകള്‍ക്ക് പുറമെ സിറിഞ്ചുകളും യഥേഷ്ടം ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് വാങ്ങുന്നതില്‍ ഏറെയും വിദ്യാര്‍ഥികള്‍ തന്നെയാണ്. ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിയമം കര്‍ശനമായി പാലിക്കുമ്പോഴും ഭൂരിഭാഗവും വീഴ്ചവരുത്തുന്നത് ജീവന്‍രക്ഷാ മരുന്നുകളുടെ ദുരുപയോഗം വര്‍ധിപ്പിക്കാന്‍ ഇടയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."