പ്രധാന നഗരങ്ങളിലും അതിര്‍ത്തികളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും
തൊടുപുഴ: ജില്ലയിലെ എല്ലാ പ്രധാന ടൗണുകളിലും ജില്ലാ അതിര്‍ത്തികളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്ജ്. ജില്ലാ പൊലിസ് ഓഫീസില്‍ വ്യാപാരി വ്യവസായി ജില്ലാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് എസ്.പി ഇക്കാര്യം അറിയിച്ചത്.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സ്വന്തം നിലയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുവാനും യോഗം തീരുമാനിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട എസ് എച്ച് ഒ മാര്‍ ശേഖരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നടപ്പാതയിലേയും വാഹനങ്ങളിലേയും കച്ചവടം നിയന്ത്രിക്കുന്നതിന് ലോക്കല്‍ പൊലിസ്, ട്രാഫിക് പൊലിസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഇല്ലാത്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും. കുമളിയില്‍ ട്രാഫിക് യൂണിറ്റ് ആരംഭിക്കും. പഞ്ചായത്ത് മുനിസിപ്പല്‍ അധികാരികളുമായി ബന്ധപ്പെട്ട് ട്രാഫിക് അഡൈ്വസറി കമ്മറ്റി കൂടുകയും എല്ലാ ടൗണുകളിലും നൈറ്റ് പട്രോളിങ്ങും ഈവനിംഗ് പട്രോളിങ്ങും ഉള്‍പ്പെടെ സമഗ്രമായ പൊലിസ് പട്രോളിംഗ് ഏര്‍പ്പെടുത്തുകയും ചെയ്യും.
പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗങ്ങളക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രത്യേകിച്ച് ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തും. ആദിവാസി കോളനികളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ പാതി വഴിയില്‍ പണി നിര്‍ത്തിവച്ച നിലവിലുളള വീടുകളെ സംബന്ധിച്ചും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തും .ജില്ലയിലെ എല്ലാ ആദിവാസി കുടികളും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ സന്ദര്‍ശനം നടത്തി അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദേശിച്ചു.
ആദിവാസികള്‍ക്കെതിരെ നടക്കുന്ന എല്ലാവിധ ചൂഷണവും വെളിച്ചത്ത് കൊണ്ടുവരുമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്ന് വേണ്ട ശിക്ഷ വാങ്ങികൊടുക്കുമെന്നും എസ്.പി പറഞ്ഞു.
യോഗത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി എ.ജി ലാല്‍, വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, ജില്ലാ സെക്രട്ടറിമാരായ സണ്ണി പൈമ്പിള്ളില്‍, കെ.പി.ഹസ്സന്‍, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ കെ. ആര്‍ സജീവ്, ജോസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."