വിദ്യാര്‍ഥി സംഘര്‍ഷം; ലോ അക്കാദമി അടച്ചു സംഘട്ടനത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘട്ടനത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. സാരമായ പരുക്കേറ്റ ഏഴുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പേരൂര്‍ക്കട ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം.എസ്.എഫ് , എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പരുക്കേറ്റവരില്‍ ഭൂരിപക്ഷവും. സംഭവത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകരായ മന്‍സൂര്‍, അസ്‌ലം എന്നിവരെ റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥികളായ ആഷിഖ് അലി, സുബിന്‍, കാര്‍ത്തിക്, അഭിജിത്ത് സുഗതന്‍, ആഷിഖ്, രാഹുല്‍ രാധാകൃഷ്ണന്‍, വിനായകന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈഷ്ണവ്, ഹരീഷ്, ആബേല്‍, അഭിനന്ദ്, എബിന്‍, അന്‍സാര്‍, ബാലമുരളി, ദേവകൃഷ്ണന്‍ എന്നിവരാണ് പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് ലോ അക്കാദമി അടച്ചു. ഇന്നും ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇന്നലെ രാവിലെ 10.30ഓടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. എസ്.എഫ്.ഐയും മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെട്ട ഐക്യസമിതിയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വടിയും ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഏതാനും പേര്‍ക്ക് തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് വ്യാഴാഴ്ച എം.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ സംഘം ചേര്‍ന്ന് അക്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഇന്നലെ രാവിലെ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ ഒരു ഭാഗത്തും എസ്.എഫ്.ഐ മറുഭാഗത്തുനിന്നും ഏറ്റുമുട്ടുകയായിരുന്നു.
പേരൂര്‍ക്കട സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികളെ ലാത്തിവീശി ഓടിച്ചതോടെയാണ് രംഗം ശാന്തമായത്. പൊലിസാണ് പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."