അപകടമൊഴിയാതെ രാമനാട്ടുകര ബൈപാസ്
ഫറോക്ക്: രാമനാട്ടുകര ബൈപാസ് സ്ഥിരം അപകട മേഖലയാകുന്നു. നിരവധി ജീവനുകള്‍ പൊലിഞ്ഞ പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗതയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്.
തൃശൂര്‍, മലപ്പുറം ഭാഗങ്ങളില്‍ നിന്നു വേഗത്തില്‍ കോഴിക്കോട്ടേക്ക് എത്താന്‍ കഴിയുമെന്നതിനാല്‍ ബൈപാസിലൂടെ വാഹനങ്ങളുടെ ഇടതടവില്ലാത്ത മരണപ്പാച്ചിലാണ്. ബൈപാസ് ആരംഭിക്കുന്ന നിസരി ജങ്ഷനില്‍ അപകടങ്ങള്‍ നിത്യസംഭവമായിട്ടുണ്ട്.
2002 ജൂണില്‍ ഗതാഗത്തിന് തുറന്നുകൊടുത്ത ബൈപാ സില്‍ അധികൃതര്‍ വേണ്ടത്ര വെളിച്ചം ഇതുവരെ സജ്ജീകരിച്ചിട്ടില്ല. റോഡിന്റെ പല ഭാഗങ്ങളും പാടത്ത് മണ്ണിട്ട് ഉയര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ സുരക്ഷാ ഭിത്തിയില്ലാത്തതിനാല്‍ നിയന്ത്രണംവിടുന്ന വാഹനങ്ങള്‍ വലിയ ഗര്‍ത്തത്തിലേക്ക് വീഴുന്നതും പതിവാണ്. വേഗത നിയന്ത്രക്കുന്നതിനായി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു കാര്യക്ഷമമല്ല.
ഇന്നലെ രാവിലെ പതിനൊന്നോടെ രാമനാട്ടുകര സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നാലു പേരുടെ ജീവന്‍ നഷ്ടമായി. പരുക്കേറ്റ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമാണ്. കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലേക്ക് മകളുടെ കണ്ണ് പരിശോധിക്കാനായി പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
താനാളുര്‍ മീനടത്തൂര്‍ വരിക്കോട്ടില്‍ യാഹുട്ടി (65), ഭാര്യ നഫീസ (59), മകള്‍ സഹീറ (31), ബന്ധു മീനടത്തൂര്‍ മഠത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ (44) എന്നിവര്‍ മരിച്ചു. സഹീറയുടെ മക്കള്‍ സെഷ ഫാത്തിമ (6), ഷഫിന്‍ മുഹമ്മദ് (4) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലോറിയെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ എതിരേ രാമനാട്ടുകര മേല്‍പാല നിര്‍മാണത്തിനുള്ള കോണ്‍ക്രീറ്റ് മിക്‌സിങ്ങുമായെത്തിയ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ട്രാഫിക് പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്ത്.
നഫീസ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷമാണ് മരിച്ചത്. അപകടത്തെ തുര്‍ന്ന് ബൈപാസില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ട്രാഫിക് അസി. കമ്മിഷണര്‍ എം.സി ദേവസ്യ, സി.ഐ ടി.പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും രാമനാട്ടുകര റസ്‌ക്യു വളണ്ടിയര്‍മാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."