മത്സ്യ മാര്‍ക്കറ്റില്‍ മാംസകച്ചവടത്തിനു അനുമതി നല്‍കാന്‍ നീക്കം: പ്രതിഷേധവുമായി കോണ്‍ഗ്രസ്
കുന്നംകുളം : പട്ടാമ്പി റോഡിലെ പാറയില്‍ മത്സ്യമാര്‍ക്കറ്റിലെ മുറികളില്‍ മാംസ കച്ചവടത്തിനു അനുമതി നല്‍കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. മുറികളില്‍ മാംസ കച്ചവടത്തിനായി അനുമതി നല്‍കണമെന്നാവശ്യപെട്ടു കച്ചവടക്കാര്‍ നല്‍കിയ അപേക്ഷ ധനകാര്യ സ്ഥിരം സമിതിയില്‍ ചര്‍ച്ചക്കു വന്നതാണു പ്രതിഷേധത്തിനു ഇടവെച്ചത്.
കമ്മിറ്റി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസ്സ് അംഗങ്ങളാണു എന്നതിനാല്‍ പ്രതിഷേധ സ്വരം ഇരട്ടിച്ചു. അനുമതി ഇല്ലെങ്കിലും കാലങ്ങളായി ഇവിടെ മാംസ കച്ചവടം നടന്നുവരുന്നുണ്ട്. ഇതിനെതിരെ നിരന്തര പരാതികള്‍ ലഭിക്കുകയും ചില കച്ചവടക്കാര്‍ മുറികള്‍ മാംസ കച്ചവടത്തിനു നല്‍കി ബൈജു റോഡിലെ പൊതു നിരത്തില്‍ മത്സ്യ കച്ചവടം നടത്തുകയും ചെയ്യുന്നതു നഗരത്തില്‍ വലിയ അഴിമതി ആരോപണത്തിനു കാരണമായിരുന്നു.
നഗരസഭ മുറികള്‍ കച്ചവട സ്വഭാവം മാറ്റുന്നതില്‍ തെറ്റില്ലെന്നാണു ഭരണ സമതി നിലപാട്. എന്നാല്‍ മത്സ്യ കച്ചവടത്തിനു അനുവദിച്ച സ്ഥലത്തു അതുതന്നെ മതിയെന്ന നിലപാടിലാണു കോണ്‍ഗ്രസ്. നഗരത്തിലെ പൊതു നിരത്തുകളില്‍ സമാന്തര മാര്‍ക്കറ്റു പ്രവര്‍ത്തിപ്പിക്കുന്നതു ഇത്തരം കടമുറികള്‍ ഉള്ളവര്‍ തന്നെയാണെന്നും ബൈജു റോഡിലൂടെ ഇത്തരം അനധികൃത മത്സ്യ കച്ചവടം മൂലം വഴി നടക്കാന്‍ പോലുമാകാത്ത സാഹചര്യമുണ്ടെന്നും കൗണ്‍സിലര്‍ ബിജു സി. ബേബി പറഞ്ഞു.
ഈ കച്ചവടം നിരോധിച്ചു ഹൈകോടതി ഉത്തരവുണ്ടായി പത്തു വര്‍ഷം കഴിഞ്ഞിട്ടും ഇതു നിര്‍ത്തലാക്കാന്‍ മാറി വന്ന ഭരണസമിതികള്‍ക്കു കഴിഞ്ഞിട്ടില്ല.
ഈ സമാന്തര മാര്‍ക്കറ്റു സംബന്ധിച്ചു പരസ്പരം പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഴിമതി ആരോപിക്കുന്നതല്ലാതെ ഭരണത്തിലെത്തുമ്പോള്‍ കണ്ണടക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. മത്സ്യ മാര്‍ക്കറ്റ് മാംസ കട്ടവടത്തിനു നല്‍കി പൊതു നിരത്തില്‍ മത്സ്യ വില്‍പന നടത്താനുള്ള ഭരണ സമിതിയുടെ മൗനാനുവാദമാണു ഈ വിഷയത്തിലൂടെ വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."