സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ തുടങ്ങി
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചു.
കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, മേപ്പാടി, മൂപ്പൈനാട്, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലുമാണ് ആരംഭിച്ചത്. ബാക്കി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒരാഴ്ചക്കകം പുതുക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
നിലവില്‍ ഉപയോഗപ്രദമായ സ്മാര്‍ട്ട് കാര്‍ഡുള്ള കുടുംബങ്ങളിലെ ഒരംഗം മാര്‍ച്ച് 31നകം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും റേഷന്‍ കാര്‍ഡുമായി പഞ്ചായത്തിലെ പുതുക്കല്‍ കേന്ദ്രത്തില്‍ എത്തണം. 30 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് 2016 സെപ്റ്റംബറില്‍ അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം മാര്‍ച്ച് അവസാനവാരം ആരംഭിക്കും. പുതുതായി ആവിഷ്കരിച്ച എസ് ചിസ് പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഗുണഭോക്താക്കളില്‍ 60 വയസ് പിന്നിട്ടവര്‍ക്ക് നേരത്തെയുള്ള 30000 രൂപയുടെ ആനുകൂല്യത്തിനു പുറമെ 30000 രൂപയുടെ അധിക ചികിത്സാ സഹായവും ലഭ്യമാവും. ഈ ആനുകൂല്യം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാവും.
പുതുക്കല്‍ കേന്ദ്രങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായോ പഞ്ചായത്തിലെ കുടുംബശ്രീയുമായോ ബന്ധപ്പെടണം. ടോള്‍ ഫ്രീ നമ്പര്‍ 18002002530.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."