നാലരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
ചങ്ങനാശ്ശേരി: ചീട്ടുകളിസംഘത്തില്‍ നിന്നും നാലരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. വര്‍ക്കല കരവാരം തെങ്ങുവിളവീട്ടില്‍ വാള്‍ബിജു എന്നുവിളിക്കുന്ന ബിജു(42)നെയാണ് കല്ലമ്പലത്തു നിന്നും ചങ്ങനാശ്ശേരി ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു. ജനുവരി 30ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറിയിലുള്ള വീട്ടില്‍ ചീട്ടുകളിച്ച സംഘത്തില്‍നിന്നും നാലരലക്ഷം രൂപാ പിടിച്ചുപറിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.
ഈ കേസ്സില്‍ പ്രതികളായ മിഥുന്‍, അലോട്ടി എന്നിവരെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. എന്നാല്‍ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവര്‍ എറണാകുളം സ്വദേശികളാണെന്നു പറഞ്ഞ് പോലീസിനെ ഇവര്‍ തെറ്റദ്ധരിപ്പിച്ച് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ബിജുവിനെ കല്ലമ്പലത്തു നിന്നും പിടികൂടാനായത്.
ബിജുവിന്റെ പേരില്‍ നിലവില്‍ 28 കേസുണ്ട്. പിടിച്ചുപറി, മോഷണം, വെട്ടുകേസ് എന്നിവയാണ് പ്രധാനകേസുകള്‍.
വെട്ടുകേസില്‍ മാത്രമായി 14 കേസാണ് ഇയാളുടെ പേരിലുള്ളത്. മിഥുനും ബിജുവും നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുമ്പോഴാണ് പരസ്പരം പരിചയത്തിലാകുന്നത്. ഈ പരിചയമാണ് ബിജു കല്ലമ്പലത്തു നിന്നും തൃക്കൊടിത്താനത്ത് എത്താന്‍ കാരണം. ബിജുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുടെ കൂട്ടുപ്രതികളായ നാലുപേരെകൂടി തിരിച്ചറിഞ്ഞതായും ഇവര്‍ പൊലിസ് കസ്റ്റഡിയില്‍ ഉള്ളതായും സൂചനയുണ്ട്. ഷാഡോ പൊലിസ് എ.എസ്.ഐമാരായ കെ.കെ റെജി, പ്രദീപ് ലാല്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."