പെണ്ണിന് നിലവിളിയല്ല ആയുധമെന്ന ഓര്‍മപ്പെടുത്തലുമായി 'സിഗ്നല്‍'
കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ. കോളജില്‍ നടന്ന എഫ് സോണ്‍ കലോത്സവത്തില്‍ വര്‍ത്തമാനകാലത്തിലെ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളുടെയും അതിജീവനങ്ങളുടെയും കഥ പറഞ്ഞ സിഗ്നല്‍ എന്ന നാടകം ശ്രദ്ധേയമായി. കൊട്ടിയൂരും, വാളയാറും, വയനാടുമടക്കം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം വാര്‍ത്തയായ സാഹചര്യത്തിലാണ് അതേ പ്രമേയവുമായി സിഗ്നല്‍ എത്തിയതെന്നാണ് ഈ നാടകത്തെ വേറിട്ടതാക്കിയത്. സ്വന്തം ശരീരം ആക്രമിക്കപ്പെടുമ്പോള്‍ പെണ്ണിന്റെ കൈയിലുള്ള ആയുധം നിലവിളി മാത്രമാണ്. എന്നാല്‍ ഇത് തീരെ മതിയാവില്ലെന്ന ഓര്‍മപ്പെടുത്തലിലേക്കാണ് നാടകം കാഴ്ചക്കാരെ കൊണ്ടുപോകുന്നത്. അതിജീവനത്തിന് നിലവിളി മതിയാവില്ലെന്ന തിരിച്ചറിവിലേക്കാണ് സിഗ്നലിലെ ആട്ടിന്‍കുട്ടികള്‍ ഉണരുന്നത്. എന്നാല്‍ ഇതേ അമ്മമാര്‍ പെറ്റിട്ട ആണ്‍മക്കള്‍ തന്നെയാണ് ആട്ടിന്‍കുട്ടികളെ കടിച്ചുകീറുന്ന നായ്ക്കുറുക്കന്മാരായി മാറിയത്. പെറ്റിട്ട പുരുഷന്മാരെ നേര്‍വഴിക്ക് നടത്തുന്ന പാഠങ്ങള്‍ പഠിപ്പിക്കാന്‍ അമ്മമാര്‍ ഒരുമ്പെട്ടിറങ്ങിയിരുന്നെങ്കില്‍ ഇത്തരമൊരവസ്ഥയുണ്ടാവില്ലായിരുന്നുവെന്ന് നാടകം പറഞ്ഞവസാനിപ്പിക്കുന്നു. കാലത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയിട്ടതാണ് പൂമല ബി എഡ് സെന്ററിലെ പെണ്‍കുട്ടികളെ വിജയത്തിലെത്തിച്ചത്. നാടകത്തിലെ അഭിനയത്തിന് പി.എസ് അതുല്യ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. എ ശാന്തകുമാര്‍ രചിച്ച നാടകം പൂമല ബി എഡ് സെന്ററിലെ പൂര്‍വവിദ്യാര്‍ഥിഅശോക് ബത്തേരിയാണ് സംവിധാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."