ജിഷ വധക്കേസ്: ആദ്യ അന്വേഷണസംഘത്തിന്റെ വീഴ്ച പരിശോധിക്കുമെന്ന് ഡി.ജി.പി
കൊച്ചി: ജിഷ വധക്കേസ് അന്വേഷിച്ച ആദ്യ സംഘത്തിനുണ്ടായ വീഴ്ച അന്വേഷിക്കുമെന്നു ഡി.ജി.പി ലോക്നാഥ് ബെഹ്റ. ആദ്യസംഘത്തിനു വീഴ്ച സംഭവിച്ചതായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം എറണാകുളത്തു പറഞ്ഞു.
ഈ ഘട്ടത്തില്‍ വീഴ്ച പരിശോധിക്കുന്നതിലല്ല, അന്വേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡി.ജി.പി വ്യക്തമാക്കി. ശാസ്ത്രീയമായും ശരിയായ രീതിയിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതു പ്രസ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ്. പ്രതിയുടെ ചിത്രം പുറത്തുവന്നതു കേസില്‍ തിരിച്ചറിയല്‍ പരേഡിനുള്ള സാധ്യത ഇല്ലാതാക്കിയെന്നും മാധ്യമങ്ങളുടെ അമിതാവേശം കേസിനെ പ്രതികൂലമായി ബാധിച്ചാല്‍ മറുപടി പറയേണ്ടിവരുന്നതു താനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന ചിത്രം പ്രതിയുടേതാണോയെന്നു വ്യക്തമാക്കാന്‍ ഡി.ജി.പി തയാറായില്ല.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്കുമ്പോള് മാത്രമേ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് പോലുള്ള പ്രൊഫഷണല്‍ ഏജന്‍സികളെല്ലാം അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പു വിവരങ്ങള്‍ പുറത്തുവിടാറില്ല. കേസില്‍ കുറ്റപത്രം നല്കാറായിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."