വിനോദ സഞ്ചാരത്തിനെത്തിയവരുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞു; 25 പേര്‍ക്ക് പരുക്ക്
നിലമ്പൂര്‍: വിനോദ സഞ്ചാരകേന്ദ്രമായ കക്കാടംപൊയിലിന് സമീപം ടൂറിസ്റ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു വയോജനങ്ങളുള്‍പ്പെടെ 25 പേര്‍ക്ക് പരുക്ക്. വളാഞ്ചേരി എടയൂരിനടുത്ത് പൂക്കാട്ടിരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വയോജനങ്ങളുമായി ഒരു ദിവസത്തെ വിനോദ സഞ്ചാരത്തിന് നിലമ്പൂരിലെത്തിയവരാണ് ഇന്നലെ വൈകീട്ടോടെ അപകടത്തില്‍പെട്ടത്.
മലയോര ഹൈവേയായ നിലമ്പൂര്‍-നായാടംപൊയില്‍ റോഡില്‍ എസ് വളവിലാണ് ടെമ്പോ ട്രാവലര്‍ വാഹനം അപകടത്തില്‍പെട്ടത്. സാരമായി പരുക്കേറ്റ മാലാപറമ്പില്‍ ചീരു (75)വിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ചോലക്കല്‍ കോത(65), ചോലക്കല്‍ കാരിച്ചി(70), തോരക്കാട്ടത്തൊടി നാരായണി(65), എരഞ്ഞിപ്പാലത്തിങ്കല്‍ കളരിക്കല്‍ പദ്മാവതി(70), ദേവകി(65), ചെരിയ പറമ്പില്‍ ബിരിയക്കുട്ടി(70), തലവണ്ണക്കാട്ടില്‍ കുറുമ്പ(70), സൈനബ(70), കടുങ്ങാട്ടില്‍ കാര്‍ത്ത്യാനി(60), തലവണ്ണക്കാട്ടില്‍ കടുങ്ങന്‍(75), ഓലഞ്ചേരി കിഴക്കേപ്പാട്ടില്‍ ശ്രീധരന്‍(65), കാലുക്കൊട്ടില്‍ ഭാസ്‌കര്‍(65), പാറപ്പുറത്ത് ഉദയശങ്കര്‍(75), ഓലഞ്ചേരി കിഴക്കേപ്പാട്ട് പദ്മാവതി(65), അമ്പലപ്പാട്ടില്‍ കാളി(65),അമ്പലപ്പാട്ടില്‍ ജാനകി(65), കുട്ടിപ്പള്ളിയാളി ഷാജി(43), പുളിക്കല്‍ പുത്തന്‍വീട്ടില്‍ ബിനു(45), കൊട്ടാരത്ത് ഷറഫുദ്ദീന്‍(53), റംലത്ത്(45), കിഴക്കേവാരിയത്ത് ഉണ്ണി(53), കിഴക്കേവാരിയത്ത് സുശീല(45), ചോലക്കല്‍ സിന്ധു(43), ഡ്രൈവര്‍ നിയാസ് (21) എന്നിവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാഴ്ചകളെല്ലാം കണ്ട് കക്കാടംപൊയിലില്‍നിന്ന് മടങ്ങുമ്പോള്‍ നിലമ്പൂര്‍-നായാടംപൊയില്‍ റോഡിലെ എസ് വളവിനടുത്ത് വാഹനം നിര്‍ത്തി കാഴ്ചകള്‍ കണ്ട ശേഷം പുറപ്പെട്ടപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക് പോയ വിവരം ഡ്രൈവര്‍ അറിയുന്നത്. റോഡിന്റെ ഇടതുഭാഗത്ത് അഗാധമായ കൊക്കയാണ്. ഡ്രൈവര്‍ സംയമനം പാലിച്ച് വാഹനം റോഡിന്റെ വലതുഭാഗത്ത് കണ്ട ചെറിയ ഒരു മണ്‍റോഡിലേക്ക് കയറ്റുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. ഇതോടെ വാഹനം അവിടെ മറിയുകയായിരുന്നു. പൊലിസും നാട്ടുകാരും ആ വഴി മറ്റു വാഹനങ്ങളില്‍ വന്ന യാത്രക്കാരും അകമ്പാടത്തെ ടാക്‌സി ഡ്രൈവര്‍മാരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.വാഹനത്തിന്റെ ബ്രേക്ക് പോയതു തന്നെയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറും അപകടത്തില്‍പ്പെട്ടു. മരത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ആളപായമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."