കലക്ടറുടെ സ്‌ക്വാഡ് പരിശോധന നിര്‍ത്തി; പുതുശേരിയില്‍ ചെങ്കല്ല് ചൂളകള്‍ സജീവം
പാലക്കാട്: കലക്ടറുടെ സ്‌ക്വാഡ് പരിശോധന നിര്‍ത്തിയതോടെ പുതുശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചെങ്കല്ല് ചൂളകള്‍ സജീവമായി. കുടിവെള്ളത്തിന് പോലും ജനങ്ങള്‍ മൈലുകള്‍ അലയുമ്പോഴാണ് ഇവിടെ കുഴല്‍ കിണറുകളില്‍ നിന്നും വലിയ കൊക്കര്‍ണികളില്‍ നിന്നും വെള്ളമെടുത്ത് കല്ല് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. രാത്രി സമയത്താണ് പണികള്‍ കൂടുതലായി നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ജനപ്രതിനിധികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന ആക്ഷേപവുമുണ്ട്.
വടശേരിമലയുടെ താഴ്‌വര പ്രദേശങ്ങളായ പയറ്റുകാട്, വല്ലടി, വി .വി.കോളജിന് സമീപം എന്നിവിടങ്ങളില്‍ 30 ചെങ്കല്ല് ചൂളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പയറ്റുകാട് മാത്രം 18 ചൂളകളാണ് ഇപ്പോളുള്ളത്. ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് ചൂളകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. വെള്ളക്ഷാമം മൂലം ഇവിടത്തെ ജലനിധി പദ്ധതിയില്‍ നിന്നും രാവിലെയും വൈകീട്ടുമായി ഓരോ മണിക്കൂര്‍ വെള്ളമാണ് വിടുന്നത്. കൊക്കര്‍ണികളില്‍ കൂറ്റന്‍ മോട്ടോറുകള്‍ വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അതുംകാര്‍ഷിക സബ്‌സിഡി പ്രകാരം സൗജന്യ കണക്ഷന്‍ നല്‍കിയ മോട്ടോറുകളാണ് ചൂളക്ക് വെള്ളത്തിനായി ഉപയോഗിക്കുന്നത്. ഈ പ്രദേശത്ത് കൃഷിക്ക് വെള്ളം ഉപയോഗിക്കുന്നതിന്റെ മറവില്‍ നടത്തുന്ന ജലഉപയോഗം തടയാന്‍ റവന്യൂ ,കൃഷി ,വൈദ്യുതി വകുപ്പുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലേക്ക് രാത്രി സമയത്താണ് ചെങ്കല്ല് കടത്തല്‍ . ഇതിന് ഗുണ്ടാ സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. വാളയാര്‍ പൊലിസും നടപടിയെടുക്കുന്നില്ലെന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."