ഗീര്‍ സിംഹങ്ങള്‍ എത്തുമോ.... നെയ്യാറിലെ സിംഹ സഫാരി പാര്‍ക്കിന് വില്ലനായി സെന്‍ട്രല്‍ അതോരിറ്റി
നെയ്യാര്‍: ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നും നെയ്യാറില്‍ എത്തിക്കാനിരുന്ന സിംഹങ്ങള്‍ക്ക് പാര പണിത് സെന്‍ട്രല്‍ സൂ അതോറിറ്റി. ഇതോടെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് നവീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നും രണ്ടു സിംഹങ്ങളെ കൊണ്ടു വരാനായിരുന്നു നീക്കം നടത്തിയത്. ഇതിനായി സംസ്ഥാന വനം വകുപ്പും ഗുജറാത്ത് വനം വകുപ്പും കരാറിലേര്‍പ്പെട്ട് ഫയല്‍ സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് കൈമാറിയിരുന്നു.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൈമാറല്‍ തരത്തിലാണ് ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍ നിന്നും സിംഹവാലന്‍ കുരങ്ങുകളും വേഴാമ്പലും ഗുജറാത്തിന് കൈമാറുമ്പോള്‍ അവര്‍ തിരികെ നല്‍കുന്നതാണ് സിംഹങ്ങള്‍. ഈ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി അവസാന തീര്‍പ്പിനായിട്ടാണ് സൂ അതോറിറ്റിക്ക് കൈമാറിയത്. എന്നാല്‍ ചിലരിതിന് ഇടങ്കോലിടുകയായിരുന്നു. സിംഹവാലന്‍ കുരങ്ങുകള്‍ ഗുജറാത്തിനല്ല തമിഴ്‌നാട്ടിന് കൈമാറിയാലേ സിംഹങ്ങളെ നല്‍കാന്‍ അനുമതി നല്‍കൂവെന്ന് സെന്‍ട്രല്‍ സൂ അതോറിറ്റി കടും പിടുത്തം പിടിച്ചതോടെ ശരിക്കും കേരളം വെട്ടിലായി. ധാരണ പ്രകാരം സിംഹവാലന്‍ കുരങ്ങുകളെ തങ്ങള്‍ക്ക് നല്‍കിയാലേ തങ്ങള്‍ സിംഹങ്ങളെ നല്‍കൂ എന്ന് ഗുജറാത്ത് പറഞ്ഞതോടെ ഏതാണ്ട് ത്രിശങ്കുവിലായിരിക്കുകയാണ് കേരള വനംവകുപ്പ്.
എത്ര ഇടപെടലുകള്‍ നടത്തിയെങ്കിലും ഗുജറാത്തും സൂ അതോറിറ്റിയും അതേപടി തന്നെ നിന്നു. ഇതോടെ സിംഹങ്ങളെ എത്തിക്കാനുള്ള പരിപാടി മുടങ്ങിയിരിക്കുകയാണ്. തീര്‍ത്തും ഏഷ്യന്‍ വംശജയായ സിംഹങ്ങളെ ഇവിടെ എത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നിയതിനാലാണ് ഗീര്‍ വനത്തില്‍ നിന്നും എത്തിക്കാന്‍ നീക്കം നടത്തിയത്. ഇപ്പോള്‍ സമ്പൂര്‍ണ വന്ധ്യംകരണം നടത്തിയ സിംഹങ്ങളാണ് ഇവിടുള്ളത്. അതിനാല്‍തന്നെ പുതിയ ജന്മം ഉണ്ടാവുന്നുമില്ല. പുതിയ ഇനങ്ങള്‍ എത്തിയാല്‍ നെയ്യാര്‍ സിംഹ പാര്‍ക്കിന് നഷ്ടമായ പഴയ പ്രതാപം തിരികെയത്തും. പുതിയ അതിഥികള്‍ വരുന്നതോടെ സഫാരി പാര്‍ക്കില്‍ പുതിയ കുഞ്ഞുങ്ങളും പിറക്കും. അതാണ് നടക്കാതെയാകുന്നത്.
നെയ്യാര്‍ അണക്കെട്ട് സൃഷ്ടിച്ച തുരുത്തില്‍ 9.065 സ്‌ക്വയര്‍ കി.മീറ്റില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണ് സിംഹപാര്‍ക്ക്. മുളങ്കാടുകള്‍ അതിരിടുന്ന ഈ തുരുത്തില്‍ സിംഹങ്ങള്‍ക്ക് ഒരു കാലത്ത് പ്രതാപമായിരുന്നു. എന്നാല്‍ ഇന്ന് ആ പൊലിമ പോയിരിക്കുകയാണ്. പശ്ചിമഘട്ട വികസന പദ്ധതിയില്‍പ്പെടുത്തി 1985ല്‍ ആരംഭിച്ച പാര്‍ക്ക് ഏറെക്കാലം നെയ്യാറിന്റെ ആകര്‍ഷകമായിരുന്നു. ബോട്ട് വഴിയും വാഹനം വഴിയും കൂട്ടത്തോടെയാണ് സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നത്. ഇന്നത് പഴങ്കഥയായി. ഇവിടെ ആകെയുള്ളത് 5 സിംഹങ്ങളാണ്. 2 ആണും മൂന്ന് പെണ്ണും. ആണ്‍ സിംഹങ്ങള്‍ വന്ധ്യംകരിക്കപ്പെട്ടതിനാല്‍ പാര്‍ക്കിനകത്ത് പ്രസവം പോലും നടക്കാതായതോടെ എണ്ണവും കുറഞ്ഞു.
ഇതോടെ ആരും ഇവിടെ വരാന്‍ താല്‍പ്പര്യമെടുക്കാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ നടപടികള്‍ക്കായി വനം വകുപ്പ് മുന്നിട്ടിറങ്ങിയത്. പാര്‍ക്കില്‍ പുതിയ ഏഷ്യന്‍ വംശജരായ സിംഹങ്ങളെ കൊണ്ടുവന്ന് പാര്‍പ്പിക്കുകയും അതുവഴി കൂടുതല്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനും കഴിയും എന്നതും ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനാലാണ് ഗീര്‍ സിംഹങ്ങളെ ഇവിടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. പുതിയ അതിഥികളെ സ്വീകരിക്കാന്‍ അധികൃതര്‍ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് സൂ അതോരിറ്റി തന്നെ ഇടങ്കോലിട്ടതും കേരളത്തിന് ഗീര്‍ സിംഹങ്ങള്‍ കിട്ടാതെയാകുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."