റേഷന്‍ വാതില്‍പ്പടി വിതരണം; ടെന്ററെടുത്തത് കരിഞ്ചന്ത മാഫിയകള്‍: ബോബിച്ചന്‍ മുക്കാടന്‍
കൊല്ലം: കേരളത്തില്‍ റേഷന്‍ വാതില്‍പ്പടി വിതരണത്തിന്റെ ടെന്റര്‍ ഉറപ്പിച്ചു നല്‍കിയവരില്‍ ക്രിമിനലുകളും കരിഞ്ചന്ത മാഫിയയുമാണെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബോബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ വാതില്‍പ്പടി റേഷന്‍ വിതരണം അട്ടിമറിക്കപ്പെടുകയാണെന്നും 35 റേഷന്‍ സാധനങ്ങളും കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടര്‍വല്‍ക്കരണം, സ്മാര്‍ട്ട്കാര്‍ഡ്, ജി.പി.എസ് സംവിധാനങ്ങള്‍ ഉടന്‍ വേണ്ടെന്നുവച്ച ഉദ്യോഗസ്ഥ നിലപാട് കരിഞ്ചന്തക്കാരെ സംരക്ഷിക്കാനാണ്. ക്രിമിനലുകളെയും കരിഞ്ചന്തക്കാരെയും ഒഴിവാക്കി കരിഞ്ചന്ത തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് 27ന് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭഷ്യമന്ത്രിയ്ക്കും നിവേദനം നല്‍കും.
കൊല്ലത്തെ വാതില്‍പ്പടി വിതരണത്തിന് ഇടനില നിര്‍ത്തിയത് ഗുണ്ടാ പശ്ചാത്തലമുള്ളവരെയാണ്. നിലവില്‍ സംസ്ഥാനത്തെ ആറുജില്ലകളില്‍ വിതരണ ചുമതല നല്‍കിയിരിക്കുന്നത് ഈ ഏജന്‍സിക്കാണ്. കഴിഞ്ഞ നവംബറില്‍ കായംകുളം പൊലിസ് പിടികൂടിയ റേഷനരി കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ മാഫിയയാണെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍കടകളില്‍ നേരിട്ടെത്തിച്ചു കൊടുക്കുന്ന വൃവസ്ഥയ്ക്കു പകരം കടയുടമകള്‍ താലൂക്കുതല ഗോഡൗണുകളിലെത്തി സ്‌റ്റോക്ക് ഏറ്റുവാങ്ങണമെന്നാണ് സിവില്‍സപ്ലൈസ് തീരുമാനം. എന്നാല്‍ തൂക്കം കടയുടമയെ ബോധ്യപ്പെടുത്താന്‍ തയാറല്ലെന്നും സാധാനങ്ങള്‍ വാഹനങ്ങളില്‍ എത്തിച്ചു നല്‍കുകമാത്രമാണ് ചുമതലയെന്നുമാണ് വിതരണക്കാര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ വിതരണക്കാര്‍ക്കൊപ്പം നിന്ന് ലാഭവിഹിതം പറ്റാന്‍ ശ്രമിക്കുകയാണ്. പുനലൂര്‍,പത്തനാപുരം താലൂക്കുകളില്‍ ഒരു കടയുടമ പോലും റേഷന്‍ സാധനങ്ങള്‍ ഏറ്റെടുത്തിട്ടില്ല. കൊട്ടാരക്കരയില്‍ ഉദ്യോഗസ്ഥന്റെ ഭീക്ഷണിയ്ക്ക് വഴങ്ങിയാണ് ചിലരെങ്കിലും സാധനങ്ങള്‍ ഏറ്റെടുത്തത്. കരുനാഗപ്പള്ളി,കുന്നത്തൂര്‍, കൊല്ലം താലൂക്കുകളില്‍ ബഹിഷ്‌കരണ സമരത്തിലാണ് വ്യാപാരികളെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."