കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കര്‍മപദ്ധതി തയാറാക്കണം: പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കര്‍മ പരിപാടി തയാറാക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിര്‍ദേശിച്ചു. കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനായി ചേര്‍ന്ന വികസന, ഏകോപന മോണിട്ടറിങ് സമിതി(ദിശ)യുടെ നാലാം പാദ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നിര്‍വഹണത്തിലുണ്ടാകുന്ന കാലതാമസം കൂടുതല്‍ കേന്ദ്ര ഫണ്ട് ലഭ്യമാകുന്നതിന് തടസമാകും. ഇതൊഴിവാക്കുന്നതിന് സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും എം.പി പറഞ്ഞു. പി.എം.എ.വൈ പദ്ധതിയില്‍ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസില്‍ ഉള്‍പ്പെടാത്ത ഭവനരഹിതര്‍ക്കും ഗ്രാമസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ നല്‍കാന്‍ കഴിയണമെന്ന് കെ. സോമപ്രസാദ് എം.പി നിര്‍ദേശിച്ചു. ഭവനിര്‍മാണത്തില്‍ ജില്ലയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എം.എ.വൈ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നതായി യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ബാങ്കുകളുടെ ശാഖകളില്‍ എത്താത്താണ് കാരണം. ഇക്കാര്യം ബാങ്ക് അധികൃതരെ ധരിപ്പിക്കും.
എസ്.സി, എസ്.റ്റി വിഭാഗത്തിന് അനുവദിച്ചിട്ടുള്ള എണ്ണം തികയ്ക്കുവാന്‍ കഴിയാത്തതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഗ്രാമസഭയ്ക്ക് നല്‍കുവാന്‍ വേണ്ട അനുവാദം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.
കൊല്ലം ജില്ലയെ സമ്പൂര്‍ണ വെളിയിട വിമുക്ത ജില്ലയായി (ഒ.ഡി.എഫ്) പ്രഖ്യാപിക്കുവാന്‍ നേതൃത്വം വഹിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ ശില്‍പശാല ഏപ്രില്‍ മാസം 18 ന് സംഘടിപ്പിക്കും.
കൊല്ലം നഗരത്തില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി 78.35 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൊല്ലംതിരുമംഗലം ദേശീയപാതയുടെ വികസനത്തിനായി അനുവദിച്ച ഇരുന്നൂറ് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ സര്‍വേ അന്തിമഘട്ടത്തിലാണ്.
ചിന്നക്കടയില്‍ നിന്നും പുനലൂര്‍ വരെ 15 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കാനാണ് പദ്ധതിയുടെ ഒന്നാം ഘട്ടം വിഭാവന ചെയ്യുന്നത്. രണ്ടാം ഘട്ടമായി പദ്ധതി കോട്ടവാസല്‍ വരെ നടപ്പാക്കും. പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചല്‍, ചടയമംഗലം, ഇത്തിക്കര, ശാസ്താംകോട്ട, കൊട്ടാരക്കര ബ്ലോക്കുകളില്‍ പതിനൊന്ന് റോഡുകള്‍ക്ക് 40 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു.
ഇതില്‍ 28 കോടി രൂപയുടെ ഏഴ് റോഡുകളുടെ കരാറുകള്‍ ഒപ്പിട്ടു. കൊല്ലം ബൈപ്പാസിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആസ്തി വികസനത്തിന് മുന്‍ഗണന നല്‍കാന്‍ യോഗത്തില്‍ ധാരണയായി. നൈപുണ്യ വികസനത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ പരിശീലന കേന്ദ്രങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി വിപുലപ്പെടുത്തുവാനുള്ള സംവിധാനം ആവിഷ്‌കരിക്കും. കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുവാന്‍ ആവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കും.
ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ. സുമ(ശാസ്താംകോട്ട), എസ് അരുണാദേവി(ചടയമംഗലം), മായ സുരേഷ്(ഇത്തിക്കര), ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ. വനജകുമാരി, ദിശ കണ്‍വീനറായ പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ ജി കൃഷ്ണകുമാര്‍, കേന്ദ്രാവിഷ്‌കൃത പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥര്‍, ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."