ആലുവയില്‍ എ.ടി.എം കൗണ്ടറില്‍ സ്‌ഫോടനം; കവര്‍ച്ചാശ്രമമെന്ന് പൊലിസ്
ആലുവ: ആലുവയില്‍ എ.ടി.എം കൗണ്ടറില്‍ സ്‌ഫോടനം. എസ്.ബി.ഐ കുന്നുമ്പുറം ബാങ്ക് ശാഖയോട് ചേര്‍ന്ന കൗണ്ടറിലാണ് സ്‌ഫോടനം നടന്നത്. കവര്‍ച്ചാ ശ്രമമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ബൈക്കിലെത്തിയ അജ്ഞാതനാണ് കൗണ്ടറില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചത്.
പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഹെല്‍മറ്റും കയ്യുറയും ധരിച്ചെത്തിയ അജ്ഞാതന്‍ എ.ടി.എം മെഷീനിനു സമീപം സ്‌ഫോടക വസ്തു സ്ഥാപിക്കുകയായിരുന്നു. കൗണ്ടറിലെ സി.സി.ടി.വി ക്യാമറയില്‍ ആക്രമിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല.
സ്‌ഫോടനത്തില്‍ എടി.എം മെഷീന്‍ തകര്‍ന്നു. പല ഭാഗങ്ങളും ചിതറി തെറിച്ചു. എകിലും പണം നഷ്ടപ്പെട്ടിട്ടില്ല. പുലര്‍ച്ചെ ബാങ്കില്‍ പതിവ് ബീറ്റിനെത്തിയ പൊലിസ് പട്രോളിങ്ങ് സംഘമാണ് എ. ടി.എം കത്തുന്നത് കണ്ടത്. ഉടനെ പൊലിസ് തീ കെടുത്തിയ ശേഷം ബാങ്ക് അധികൃതരെ വിവരമറിയിച്ചു.
ഈ ബ്രാഞ്ചില്‍ സ്ഥിരം സെക്യൂരിറ്റി ഇല്ലെന്ന് മനസിലാക്കിയാണ് കവര്‍ച്ചാ ശ്രമത്തിന് തെരഞ്ഞെടുത്തതെന്ന് പൊലിസ് കരുതുന്നു. പ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചു. ഒരു വര്‍ഷം മുമ്പ് തൊട്ടടുത്ത് ആലുവ പറവൂര്‍ കവലയിലും എ.ടി.എം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചിരുന്നു.
ഏറെ ആസൂത്രിതമായിട്ടാണ് കവര്‍ച്ചാശ്രമം നടന്നതെന്ന് പൊലിസ് പറഞ്ഞു. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."