ജിഷകേസും - ഉത്തരംതേടുന്ന ചോദ്യങ്ങളും
അന്‍പതുദിവസത്തെ കാത്തിരിപ്പിനുശേഷം ജിഷ കൊലക്കേസ്സില്‍ അസംകാരനായ പ്രതിയെ പൊലിസ് കണ്ടെത്തിയിരിക്കുന്നു. ഇതു കേരളപൊലിസിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്നു മാലോകരോട് ആദ്യംപറഞ്ഞത്, മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെയാണ്. അറസ്റ്റ് പ്രഖ്യാപിക്കുന്നതിനുമുന്‍പ് അദ്ദേഹം മാധ്യമങ്ങളോടു വാര്‍ത്താവിളംബരം നടത്തുകയായിരുന്നു.
കുറ്റാന്വേഷണത്തിലെ നിര്‍ണായകപ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രിതന്നെ രംഗപ്രവേശംനടത്തുന്നതു കേരളത്തില്‍ അസാധാരണമാണ്. പ്രതിയുടെ അറസ്റ്റ് സ്വയം പ്രഖ്യാപിച്ചു രാഷ്ട്രീയനേട്ടം സൃഷ്ടിക്കാമെന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കരുതിയിട്ടുണ്ടാവണം!
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ 'പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടു'വെന്നു പുറംലോകത്തോടു പറഞ്ഞ പൊലിസ്‌സംഘംതന്നെയാണ് ഇപ്പോള്‍ ഇതൊക്കെ വന്‍നേട്ടമായി കൊട്ടിഘോഷിക്കുന്നത്.
ജിഷയുടെ മരണം കൊലപാതകമായി മാറാനും വന്‍പ്രശ്‌നമായി വിവാദമാകാനുമിടയായതു കേരളത്തിലെ പൊതുസമൂഹത്തിന്റെ കൃത്യമായ ഇടപെടല്‍കൊണ്ടാണ്. അല്ലെങ്കില്‍ അന്വേഷണംനടത്തി തുമ്പില്ലാതാക്കപ്പെട്ട മറ്റൊരു കേസായി ഇതുംമാറുമായിരുന്നു. പ്രതിയായ അസംകാരന്‍ ഈ അരുംകൊല നടത്തിയ കൊടുംകുറ്റവാളിയാണെന്ന പൊലിസിന്റെ പ്രഖ്യാപനം ഖണ്ഡിക്കാന്‍ വര്‍ത്തമാനകേരളത്തിന്റെ പക്കല്‍ കരുക്കളൊന്നുമില്ല. അത്തരമൊരു ഖണ്ഡനത്തിന്റെ ആവശ്യവുമുണ്ടെന്നു തോന്നുന്നുമില്ല. സ്വാഭാവികമായും ഇക്കാര്യത്തില്‍ പൊലിസ് കണ്ടെത്തല്‍ ശരിയായേക്കാം. എന്നാല്‍, ജനമനസ്സുകളില്‍ ഈ കേസുയര്‍ത്തുന്ന ദുരൂഹതകളും ആശങ്കകളും ദുരീകരിക്കുന്നതിനു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഒരു ശ്രമവും നടത്തുന്നില്ല.
ദുരൂഹതകളുടെ കരിനിഴലില്ലാതാക്കാന്‍ അധികാരികളാരും മുന്നോട്ടുവരുന്നില്ലെന്നതു പോരായ്മതന്നെയാണ്. കേസന്വേഷണത്തിന്റെ ഗതിവിഗതികള്‍ പൊതുജനങ്ങളോടു വെളിപ്പെടുത്തണമെന്നു നിയമം എവിടെയും നിഷ്‌കര്‍ഷിക്കുന്നില്ല. എന്നാല്‍, നീതി നടപ്പാക്കുന്നതോടൊപ്പം അതു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും ഭരണകൂടത്തിനുണ്ടെന്ന തത്വം അംഗീകരിക്കുന്ന നാടാണു നമ്മുടേത്.
ഗുജറാത്തിലെ വ്യാജയേറ്റുമുട്ടല്‍ സംഭവത്തോടു ബന്ധപ്പെട്ട പ്രജാപതിക്കേസില്‍ സുപ്രിംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ എടുത്തുപറഞ്ഞ തത്വം ഓര്‍ക്കേണ്ടതുണ്ട്. 'ഗുജറാത്ത് പൊലിസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് അതൃപ്തിയില്ല. പക്ഷേ, ഈ കേസില്‍ പൊതുജനവിശ്വാസമാര്‍ജ്ജിക്കാന്‍ അവര്‍ക്കാവുന്നില്ല. അതിനാല്‍, കേസ് സി.ബി.ഐ.ക്കു കൈമാറാന്‍ ഉത്തരവിടുന്നു' എന്നാണു സുപ്രിം കോടതി വിധിച്ചത്.
ഏതു കേസന്വേഷണത്തിലും പൊതുവിശ്വാസമാര്‍ജ്ജിക്കല്‍ ആവശ്യമാണെന്നു സുപ്രീം കോടതി ഉദ്‌ഘോഷിക്കുന്നു. അതിനാല്‍ ജിഷ കൊലക്കേസിലും പൊതുജനങ്ങളിലെ ആശങ്കകളും ദുരൂഹതകളും നീക്കാന്‍ സംസ്ഥാനപൊലിസിനും ഭരണകൂടത്തിനും ബാധ്യതയുണ്ട്. വര്‍ത്തമാനകേരളം കണ്ട ഏറ്റവും ഭീഭത്സമുഖമുള്ള ജിഷാകൊലക്കേസില്‍ ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുകതന്നെവേണം. ദളിത്,പിന്നോക്കവിഭാഗങ്ങള്‍ക്കെതിരേ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന കേരളത്തില്‍ നിഷ്ഠൂരവും സമൂഹമനഃസാക്ഷിയെ ഞെട്ടിപ്പിച്ചതുമായ ഈ കൊലപാതകത്തില്‍ കേരള ഭരണകൂടം അവസരത്തിനൊത്തുയരുകയാണുവേണ്ടത്.
പ്രതിയായ അസംകാരന്‍ തന്നെയാണോ ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നവരെ സോഷ്യല്‍മീഡിയയില്‍ കാണാന്‍ കഴിയുന്നുണ്ട്. അത്തരക്കാര്‍ക്ക് അവരുടേതായ വാദങ്ങളുമുണ്ട്. കേസിന്റെ രജിസ്‌ട്രേഷന്‍ മുതല്‍ സംശയങ്ങളുടെ കുന്തമുനകള്‍ നീളുന്ന കേസാണിത്. രാത്രി 8.15 ന് ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍നിന്നു പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കുപോലും അനുവദിക്കാതെ പൊസിസ് എന്തിനു ധൃതിപിടിച്ചു ദഹിപ്പിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ലഭ്യമല്ല.
അഞ്ചുമണിക്കുശേഷം ശ്മശാനത്തില്‍ ശവം ദഹിപ്പിച്ചുകൂടെന്ന നിയമം ബോധപൂര്‍വം അവിടെ വഴിമാറ്റുകയായിരുന്നു. ജോലിയെപ്പോലും ദോഷമായി ബാധിച്ചേക്കാമെന്നുറപ്പുള്ള ഇത്തരം ഒരു തീരുമാനത്തിന് എന്തുകൊണ്ടു പൊലിസ് ഓഫീസര്‍ നിര്‍ബന്ധിതനായി. പ്രാഥമികമായ തെളിവുകള്‍ ആദ്യത്തെ അഞ്ചുദിവസംകൊണ്ട് എന്തിനു ബോധപൂര്‍വം ഇല്ലാതാക്കി. എഫ്.ഐ.ആര്‍ തയാറാക്കുമ്പോഴും തുടര്‍നടപടികളിലും റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കേണ്ട ഇത്തരം കേസുകളില്‍ എന്തേ അതുണ്ടായില്ല ഇപ്പോള്‍ കേസിലെ തുറുപ്പുശീട്ടായി മാറിയ ചെരുപ്പുകള്‍ എന്തിന് കെട്ടിതൂക്കിയിട്ട് അതുമായി ബന്ധപ്പെട്ട തെളിവുകളുടെ സാധ്യതകുറച്ചു എന്ന ചോദ്യത്തിനും പോലീസിന് ഉത്തരമില്ല.
കേസുമായി ബന്ധപ്പെട്ട രേഖകളിലൊന്നും മദ്യം ജിഷയുടെ ഉള്ളിലുണ്ടായിരുന്ന കാര്യം സൂചിപ്പിക്കുന്നില്ല. മദ്യം കഴിച്ചു വളരെക്കഴിഞ്ഞാല്‍ മാത്രമേ അതിന്റെ അംശം രക്തത്തില്‍ലെത്തുകയുള്ളൂ. ഈ കേസില്‍ മദ്യത്തിന്റെ അംശം ജിഷയുടെ രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ ബലം പ്രയോഗിച്ചു മദ്യം കഴിപ്പിച്ച് ഉടന്‍ കൊന്നുവെന്ന വാദം ദുര്‍ബലമാവുകയല്ലേ കുളക്കടവില്‍ ഉണ്ടായ അടിപിടി സംഭവവും അതില്‍ ജിഷയുടെ പങ്കുമൊക്കെ നാട്ടുകാര്‍ വിശ്വസിക്കാത്ത കെട്ടുകഥയായി മാറിയിരിക്കുന്നു.
കേസന്വേഷണത്തില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍വേണം പ്രതിയുടെ രൂപരേഖ തയാറാക്കി പ്രസിദ്ധീകരിക്കാന്‍. ഈ കേസില്‍ ആ തെളിവും പ്രഥമദൃഷ്ട്യാ ദുര്‍ബലമാണ്. പാരകുത്തിയിറക്കിയോ മൂര്‍ച്ചയുള്ള ആയുധംകൊണ്ടോ ഉണ്ടായ മുറിവാണോ ജിഷയുടെ സ്വകാര്യഭാഗത്തുണ്ടായതെന്ന കാര്യവും സംശയം ജനിപ്പിക്കുന്നു. മരിച്ച പെണ്‍കുട്ടി തലയിണയുടെ അടിയില്‍ കത്തിവച്ച് ഉറങ്ങുന്നത് ആരെ പേടിച്ചായിരുന്നു. എന്തിന് പെന്‍ക്യാമറ കൊണ്ടുനടന്നു. എന്താണു കൊലയ്ക്കു പിന്നിലെ കാരണം. ഇക്കാര്യത്തിലൊക്കെ പൊലിസ് മൗനത്തിലാണുള്ളത്.
ചുരുക്കത്തില്‍, ജിഷകൊലക്കേസില്‍ ഒട്ടേറെ സമസ്യകള്‍ പൂരിപ്പിക്കാനായി അവശേഷിക്കുന്നുണ്ട്. മലയാളി പൊതുസമൂഹം ഉത്തരംതേടുന്ന ചോദ്യങ്ങള്‍ക്കു പെട്ടെന്നു മറുപടി ലഭിക്കുന്നതു ഗുണകരമാണ്. സൂക്ഷ്മാവലോകനത്തില്‍ ഒരുപാടു ദുര്‍ബല കണ്ണികളെകൊണ്ട് ഈ കേസ് വലയം ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേസന്വേഷണം കൂടുതല്‍ ശൂഷ്‌കാന്തിയോടെ നടത്താനും ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാനും അധികാരികള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."