സാമൂഹ്യ പെന്‍ഷന്‍; ഡാറ്റാ എന്‍ട്രി ലിസ്റ്റ് പുനപ്പരിശോധിക്കുന്നു
കൊണ്ടോട്ടി:തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കിയ സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഡാറ്റാ എന്‍ട്രി വീണ്ടും പുനപ്പരിശോധിക്കുന്നു. അനര്‍ഹരെ പുറംതള്ളാനും തദ്ദേശ സ്ഥാപനങ്ങളുടെ പിഴവ് മൂലം പെന്‍ഷന്‍ തടയപ്പെട്ട ഗുണഭോക്താക്കളുടെ തെറ്റ് തിരുത്താനുമാണ് ഡാറ്റാ ബേസ് വീണ്ടും പരിശോധിക്കുന്നത്. 20 ദിവസത്തിനകം ഡാറ്റാ എന്‍ട്രിയിലെ തെറ്റുകള്‍ തിരുത്തിയും അനര്‍ഹരെ ഒഴിവാക്കിയുമുള്ള ലിസ്റ്റ് സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചത്.
ഡാറ്റാ എന്‍ട്രി ചെയ്ത സമയത്ത് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാതിരിക്കല്‍, ആധാര്‍ നമ്പര്‍ ചേര്‍ക്കാതിരിക്കല്‍, തെറ്റായ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കല്‍, ബാങ്ക് ഐ.എഫ് എസ്. കോഡിലെ പിശക്, സെക്രട്ടറി ഡിജിറ്റല്‍ ഒപ്പ് വെക്കാത്തതടക്കമുള്ള കാരണങ്ങളാല്‍ പെന്‍ഷന്‍ മുടങ്ങിയവര്‍ക്ക് പെന്‍ഷന്‍ ലഭ്യാമാക്കാനാണ് വീണ്ടും തെറ്റ് തിരുത്താന്‍ അവസരം നല്‍കുന്നത്. ഡാറ്റാ എന്‍ട്രിയില്‍ തിരുത്തല്‍ വരുത്താനാവശ്യമായ സോഫ്റ്റ് വെയര്‍ സംവിധാനം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ഡി.ബി.ടി സെല്‍ എന്നിവ ഒരുക്കും. 20 ദിവസത്തിനുള്ളില്‍ തിരുത്തലുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം അനര്‍ഹരെ ഡാറ്റാ ബാങ്കില്‍ നിന്ന് നീക്കം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തയാറാക്കിയ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ അനര്‍ഹരുടെ ലിസ്റ്റ് പ്രാദേശിക ഭരണസമിതികള്‍ അട്ടിമറിക്കുന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. സാമൂഹിക പെന്‍ഷന്‍ അപേക്ഷകന്റെ ഭൗതിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിശോധിച്ച് സെക്രട്ടറിമാര്‍ തയാറാക്കുന്ന ലിസ്റ്റിലെ അനര്‍ഹര്‍ക്ക് ഭരണ സമിതിയുടെ സ്വാധീനത്തില്‍ വീണ്ടും പെന്‍ഷന്‍ അനുവദിക്കുന്നതായാണ് ആക്ഷേപം. അനര്‍ഹരാണെന്ന് സെക്രട്ടറിക്ക് ബോധ്യപ്പെട്ടാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും സര്‍ക്കാറിന് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരായി 42.5ലക്ഷം പേരും, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവര്‍ 10ലക്ഷം പേരുമാണുള്ളത്. ഇവരില്‍ 12 ശതമാനവും അനര്‍ഹര്‍ കൈപ്പറ്റുന്നതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി)യുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."