യാത്രാദുരിതത്തിന് അറുതിയായി: കുരിയാടിയില്‍ റെയില്‍വേ അടിപ്പാത വരുന്നു
വടകര: ചോറോട് പഞ്ചായത്തിലെ പുഞ്ചിരിമില്ലില്‍ റെയില്‍വേ അടിപ്പാത പണിയുന്നതിനുള്ള പ്രാഥമിക നടപടിയായി. കുരിയാടി നിവാസികള്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ് അടിപ്പാത.
ബി.ജെ.പി ദേശീയ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ റെയില്‍വേ സഹമന്ത്രി രഞ്ജന്‍ ഗൊഹയിന്‍ കുരിയാടി സന്ദര്‍ശിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്. വാര്‍ഡ് മെമ്പര്‍ ശ്യാംരാജ് കണ്‍വീനറായുള്ള ജനകീയ സമിതി കൊടുത്ത നിവേദനത്തിന്റെ തുടര്‍ച്ചയായാണ് നടപടി.
ഇന്നലെ കൊയിലാണ്ടിയിലെ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ച് സര്‍വേ നടപടികള്‍ സ്വീകരിച്ചു. നൂറു ശതമാനവും അടിപ്പാത ആവശ്യമായ സ്ഥലമായാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. സര്‍വേ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കു വേണ്ട തുക ജനകീയ സമിതി ഉടന്‍ കണ്ടെത്തും.
അടിപ്പാത യാഥാര്‍ഥ്യമാക്കാന്‍ മൂന്നു കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. എം.പി, എം.എല്‍.എ, റിച്ചാര്‍ഡ്‌ഹേ, സുരേഷ്‌ഗോപി തുടങ്ങിയ രാജ്യസഭാംഗങ്ങളുടെ ഫണ്ട് ഉള്‍പ്പെടെ നേടിയെടുക്കാനാണ് ശ്രമം.
കുരിയാടിയിലെയും അറക്കല്‍നടയിലെയും ജനങ്ങള്‍ക്കു ദേശീയപാതയില്‍ പുഞ്ചിരിമില്ലില്‍ എത്താന്‍ റെയില്‍പാളം മുറിച്ചു കടക്കേണ്ടതുണ്ട്. ഉയരത്തിലുള്ള പാളം മുറിച്ചു കടക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടാണ്. ഇതു പലപ്പോഴും ജീവഹാനിക്ക് വരെ ഇടയാക്കുന്നു. കഴിഞ്ഞമാസം ഇവിടെ മത്സ്യത്തൊഴിലാളി ട്രെയിനിടിച്ച് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."