പി. ജയരാജന്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല ലോങ് മാര്‍ച്ച് മാറ്റിയതെന്നു വയല്‍ക്കിളികള്‍
തളിപ്പറമ്പ്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടത് കൊണ്ടല്ല ലോങ് മാര്‍ച്ച് മാറ്റിവച്ചതെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. ജയരാജനുമായി ചര്‍ച്ചയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ മാര്‍ച്ച് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
ഐക്യദാര്‍ഢ്യ സമിതിയുമായി ചേര്‍ന്ന് നടത്തിയ ജനകീയ കണ്‍വന്‍ഷന്റെ തലേദിവസമാണ് പി. ജയരാജനുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ മാര്‍ച്ച് മാറ്റിവയ്ക്കാന്‍ തീരുമാനിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്നും സുരേഷ് കീഴാറ്റൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മണ്‍സൂണ്‍ ലോങ് മാര്‍ച്ചിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മഴക്കാലം കഴിഞ്ഞതിനു ശേഷം ആവശ്യമാണെങ്കില്‍ നടത്താമെന്നു തീരുമാനിച്ചത് ഐക്യദാര്‍ഢ്യ സമിതിയാണ്.
മാര്‍ച്ച് മാറ്റിവച്ചതും പി. ജയരാജനുമായി ചര്‍ച്ച നടത്തിയതും തമ്മില്‍ യാതൊരു ബന്ധവുമില്ല. നിരവധി തവണ പലരുമായും ബന്ധപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ചാണു സി.പി.എം ജില്ലാ സെക്രട്ടറിയെ കണ്ടത്. ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യവുമായി ലോങ് മാര്‍ച്ച് പ്രായോഗികമല്ല. നോട്ടിഫിക്കേഷന്‍ വന്നു കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരാണ് അലൈന്‍മെന്റ് മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നാനൂറോളം സമരങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അവരെയൊക്കെ പങ്കെടുപ്പിച്ച് കേരളത്തിന്റെ മുഴുവന്‍ സമരമെന്ന രീതിയിലാണു ലോങ് മാര്‍ച്ച് നടത്തുക. മഴക്കാലം കഴിഞ്ഞതിനു ശേഷം അതേക്കുറിച്ച് ആലോചിക്കും.കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി സമിതി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെയുള്ള ഇടവേളയാണിപ്പോഴുള്ളത്. ഈ റിപ്പോര്‍ട്ട് വയല്‍ക്കിളിയുടെ വാദത്തിന് അനുകൂലമായാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നു സി.പി.എം വ്യക്തമാക്കണം. ത്രീഡി നോട്ടിഫിക്കേഷനും ഈ മാസം തന്നെ പുറത്തുവരും അതിനുശേഷം എന്തു ചെയ്യണമെന്ന് ആലോചിക്കുമെന്നും വയല്‍ക്കിളികള്‍ അറിയിച്ചു. സമര പ്രവര്‍ത്തകരായ നമ്പ്രാടത്ത് ജാനകി, സി. മനോഹരന്‍, കെ.പി.മഹേഷ് എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."