ഫയലുകള്‍ ചോര്‍ന്നു പോകുംമുന്‍പേ വേണം ചോര്‍ന്നൊലിക്കാത്ത മേല്‍ക്കൂരയെങ്കിലും.
നാദാപുരം: ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനു താഴെ ജീവന്‍ പണയംവച്ച് കഴിയുകയാണ് ഇവിടെ പൊലിസുകാര്‍. നാദാപുരത്തെ ഡിവൈ.എസ്.പി ഓഫിസിനാണ് ഈ ദുര്‍ഗതി. മുന്‍പ് പൊലിസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
ബ്രിട്ടിഷ് ഭരണ കാലത്താണ് കെട്ടിടം നിര്‍മിച്ചത്. നാദാപുരത്തിനു സ്വന്തമായി സബ് ഡിവിഷനല്‍ ഓഫിസ് അനുവദിച്ചതോടെ അറ്റകുറ്റപ്പണികള്‍ നടത്തി കെട്ടിടം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു.
എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍പ്പാലം, കൂരാച്ചുണ്ട്, പെരുവണ്ണാമുഴി പരിധിയില്‍ വരുന്ന സ്റ്റേഷനുകളിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല നിര്‍വഹിക്കുന്നത് നാദാപുരത്തെ ഡിവൈ.എസ്.പി ഓഫിസ് കേന്ദ്രീകരിച്ചാണ്.
മേല്‍ക്കൂര പൂര്‍ണമായും നശിച്ചതോടെ പഴയ മരഉരുപ്പടികളും ഓടും മാറ്റി ടാര്‍പായ കൊണ്ട് മൂടിയാണ് ഓഫിസ് പ്രവര്‍ത്തനം നടത്തുന്നത്. കേസ് സംബന്ധമായ വിലപ്പെട്ട രേഖകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ടാര്‍പോളിന്‍ കൊണ്ട് മറച്ച ഈ കെട്ടിടത്തിനുള്ളിലാണ്.
കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടു നാളേറെയായെങ്കിലും കെട്ടിടം പുതുക്കിപ്പണിയാനുള്ള നീക്കം ഇതുവരെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത വേനല്‍മഴയില്‍ ഓഫിസിനകത്തു വെള്ളം ഇറങ്ങിയതോടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തൊട്ടടുത്ത കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കെട്ടിടത്തിനുമേല്‍ മരം വീണ് ഒരുവശം തകര്‍ന്നിരുന്നു.
അന്നു ഭാഗ്യം കൊണ്ടാണ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്. ഡിവൈ.എസ്.പി അടക്കമുള്ള പത്തോളം പൊലിസുകാരുമാണ് അപകടം പതിയിരിക്കുന്ന ഈ ജനമൈത്രി പൊലിസ് സ്റ്റേഷനു കീഴെ ജോലി ചെയ്യുന്നത്.
അടിക്കടി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന നാദാപുരം മേഖലയില്‍ മാസത്തില്‍ പലതവണ ഉന്നത പൊലിസ് ഉദ്യോഗസ്ഥരും പരിശോധനക്കു വരുമ്പോള്‍ ക്യാംപ് ചെയ്യുന്നത് ഈ ഓഫിസിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."