സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പൊലിസ് അതിക്രമമെന്ന് പരാതി
വടകര: സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പൊലിസ് അതിക്രമിച്ചു കയറിയതായി പരാതി. ഇന്നലെ രാത്രിയോടെ വില്ല്യാപ്പള്ളി വൈക്കിലശ്ശേരി റോഡ് മീത്തലെ പുതുക്കുടി അസ്മിയുടെ വീട്ടിലാണ് സംഭവം.
രാവിലെ അസ്മിയുടെ സഹോദരനുള്ള സമന്‍സുമായി ഒരു പൊലിസുകാരന്‍ മഫ്തിയില്‍ എത്തിയിരുന്നു. ഇയാളെ മനസിലാകാത്തതിനാല്‍ അസ്മി ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു. എന്നാല്‍ പൊലിസുകാരന്‍ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചില്ല. ഇയാള്‍ പോകുന്നതിനിടെ അസ്മി പൊലിസുകാരന്റെ ഫോട്ടോ എടുത്തതായി പറയുന്നു. തുടര്‍ന്ന് രാത്രിയോടെ രണ്ട് വനിതാ പൊലിസുകാരടക്കമുള്ളവര്‍ വീട്ടിലെത്തുകയും അസ്മിയെ പിടിച്ചുവലിച്ച് ജീപ്പിലേക്കു കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞു നാട്ടുകാരെത്തിയതോടെ പൊലിസുകാര്‍ അസ്മിയുടെ ഫോണ്‍ വാങ്ങിയശേഷം ഇന്നു രാവിലെ സ്‌റ്റേഷനിലെത്താന്‍ പറഞ്ഞു സ്ഥലംവിടുകയായിരുന്നു.
രാവിലെ പൊലിസ് വാഹനത്തിലാണ് സമന്‍സുമായി പൊലിസുകാരന്‍ പോയതെന്നും ഇയാളെ തിരിച്ചറിയാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നു പറഞ്ഞ് പൊലിസുകാരന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രാത്രി പൊലിസ് വീട്ടിലെത്തിയത്. എന്നാല്‍ ഒരു വീട്ടമ്മയെ അറസ്റ്റ് ചെയ്യാന്‍ രാത്രിയില്‍ പൊലിസ് എത്തിയത് എന്തിനാണെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്.
മാത്രമല്ല കഴിഞ്ഞ ദിവസമാണ് ഏറെ കൊട്ടിഘോഷിച്ച് കോഴിക്കോട് റൂറല്‍ ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളും ജനമൈത്രി പൊലിസ് സ്റ്റേഷനുകളാക്കി വടകരയില്‍ പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."