പൈങ്കുളം പാടശേഖരത്തില്‍ ഇനി പൊന്കതിര് വിളയും
പേരാമ്പ്ര: കൃഷിഭവന്റെ പരിധിയില്‍ വരുന്ന പൈങ്കുളം പാടശേഖരത്തില്‍ ഇനി പൊന്കതിര് വിളയും. ഇതിനായി കര്‍ഷകരും നാട്ടുകാരും ഒരുമിച്ച് പാടത്തിറങ്ങി.
വര്‍ഷങ്ങളായി തരിശായിക്കിടന്ന 50 ഏക്കര്‍ പാടത്തിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. നേരത്തെ രണ്ടു തവണയായി കൃഷിയിറക്കിയിരുന്ന വയലില്‍ വിതയ്ക്കാന്‍ കര്‍ഷകര്‍ തയാറായിരുന്നില്ല.
പ്ലാസ്റ്റിക് പാഴ്വസ്തുക്കളും മാലിന്യങ്ങളും വയലിലേക്ക് ഒഴുകിയെത്തിയതോടെ തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതായി. നിയോജക മണ്ഡലത്തിലെ തരിശായി കിടന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും സന്നദ്ധരായി രംഗത്തുവന്നതോടെയാണ് പൈങ്കുളം പാടത്തും കതിരണിയിക്കാന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപപ്പെട്ടത്.
പഞ്ചായത്തിലെ അഞ്ഞൂറോളം തൊഴിലുറപ്പു തൊഴിലാളികള്‍ പാടത്തെ പായലുകളും കുറ്റിപ്പുല്ലുകളും നീക്കി നിലമൊരുക്കല്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ട മാര്‍ഗ നിര്‍ദേശവുമായി പേരാമ്പ്ര പഞ്ചായത്തും കൃഷിഭവനും രംഗത്തുവന്നതോടെ ഏറെ ആവേശത്തിലാണ് കര്‍ഷകര്‍. കൃഷിഭവന്റെ സഹായവും പഞ്ചായത്ത് ഫണ്ടും എത്തുന്നതോടെ കൃഷി വിപുലമാക്കാനാണ് പാടശേഖര സമിതിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, മെമ്പര്‍മാരായ വി.കെ പ്രമോദ്, ലിസി കെ.കെ, കൃഷി ഓഫിസര്‍ അഞ്ജന രാജേന്ദ്രന്, അസി. കൃഷി ഓഫിസര്‍മാരായ എന്‍. ജിനി, ജയേഷ് ഇ.ആര്, പാടശേഖര സമിതി ഭാരവാഹികളായ മൂസ പെരണ്ടച്ചേരി, അസീസ് ഒതയോത്ത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."