കോളജ് ജീവനക്കാരായും ഇനി കുടുംബശ്രീക്കാര്‍
മലപ്പുറം: സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളജുകളിലും ഇനി കുടുംബശ്രീക്കാര്‍. നാട്ടിന്‍പുറങ്ങളിലെ ചെറുസംരംഭങ്ങളില്‍ ഒതുങ്ങിയിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലും നടപ്പാക്കാന്‍ തീരുമാനിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍, ഇവയോടനുബന്ധിച്ചുള്ള ഹോസ്റ്റലുകള്‍ എന്നിവയിലാണ് താല്‍ക്കാലിക വേതന വ്യവസ്ഥയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
കോളജുകളിലും ഹോസ്റ്റലുകളിലുമുള്ള ക്ലീനിങ്, പാചകം മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തത് പ്രയാസപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവക്കായി താല്‍ക്കാലികാടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി ഓരോ കോളജുകളും അതത് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്ററുമായി ധാരണാപത്രം ഒപ്പുവയ്ക്കണം.
അതതു പ്രദേശത്തെ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് യൂണിറ്റുകളുടെ സേവനമാണ് ജില്ലാ മിഷന്‍ വഴി കോളജുകള്‍ക്ക് ലഭിക്കുക. കരാര്‍ ഒപ്പിട്ട് ഏഴുദിവസത്തിനകം മൈക്രോ സംരംഭക യൂണിറ്റുകള്‍ ബന്ധപ്പെട്ട ജോലിയേല്‍ക്കും.
യൂണിറ്റിന് ആവശ്യമായ പരിശീലനം, യൂണിഫോം, ഐ.ഡി കാര്‍ഡ് എന്നിവ നല്‍കുന്നതിനുള്ള ചുമതല കുടുംബശ്രീ നേരിട്ട് ഏറ്റെടുക്കും. മൈക്രോ സംരംഭക യൂനിറ്റുകളുടെ പ്രവര്‍ത്തന ഗുണനിലവാരം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ്, ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിലയിരുത്തലുകള്‍ നടത്തും. യൂണിറ്റിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ ജീവനക്കാരെ മാറ്റാനുള്ള അധികാരം കുടുംബശ്രീക്കുണ്ട്.
താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള നിശ്ചിത വേതനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭിക്കും. ഒരോ മാസവും അഞ്ചിനകം വേതനം ലഭ്യമാക്കണം. സംരംഭക ഗ്രൂപ്പിലെ വനിതകള്‍ക്ക് ആവശ്യമായ ടോയ്‌ലറ്റ്, വിശ്രമമുറി എന്നിവ കോളജുകള്‍ ഒരുക്കണം.
ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാര്‍ നിയമിക്കപ്പെടുന്നതുവരെയോ ആണ് കുടുംബശ്രീക്കാരുടെ സേവന കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."