സത്യസന്ധരായ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെ തട്ടിക്കളിക്കുന്നു
തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിന് ഭീഷണിയായി യുവ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ കേരളം വിടാന്‍ നീക്കം തുടങ്ങി. മറ്റു ചിലര്‍ നീണ്ട അവധിയിലും പ്രവേശിച്ചു. സത്യസന്ധരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ചട്ടംലംഘിച്ച് തട്ടിക്കളിക്കുന്നതില്‍ മനംനൊന്താണ് ഇവര്‍ കൂട്ടത്തോടെ കേരളം വിടുന്നത്.
കേന്ദ്ര ഡപ്യൂട്ടേഷനിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകാനാണ് അധികപേരും നീക്കം ആരംഭിച്ചത്.
സുതാര്യമല്ലാത്ത ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെ തട്ടിക്കളിക്കുന്നുവെന്നാണ് ഒരുപറ്റം യുവ ഉദ്യോഗസ്ഥരുടെ ആരോപണം. മന്ത്രിമാരുടെ ധാര്‍ഷ്ട്യവും ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും അപ്രധാനമായ പാര്‍ലമെന്ററി കാര്യ വകുപ്പിലേയ്ക്ക് തട്ടിയ ബി.അശോക് നീണ്ട അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേരളം വിടാനുള്ള ആലോചനയിലാണ് അദ്ദേഹം. സുതാര്യമല്ലാത്ത ടെന്‍ഡര്‍ നടപടികളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്ക് കൂട്ടുനില്‍ക്കാത്തതാണ് അശോകിന് വിനയായത്.
നേരത്തെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് പാര്‍ലമെന്ററികാര്യ വകുപ്പിലേയ്ക്ക് സ്ഥലംമാറ്റിയ രാജു നാരായണ സ്വാമി മൂന്നുമാസത്തോളമായി അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
പ്രവര്‍ത്തന മികവുകൊണ്ട് ശ്രദ്ധേയരായ ശ്രീറാം വെങ്കിട്ടരാമന്‍, ജി.ആര്‍ ഗോകുല്‍, അജിതാബീഗം, സതീഷ് ബിനോ തുടങ്ങിയവരും ആയുഷ്, വ്യവസായം, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ്, കണ്ണൂര്‍ റേഞ്ച് ഐ.ജിയായിരുന്ന മഹിപാല്‍ യാദവ് എന്നിവരും കേരളം വിട്ടിരിക്കുകയാണ്.
കോഴിക്കോട് കലക്ടറായിരുന്ന എന്‍.പ്രശാന്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഡല്‍ഹിയിലേക്ക് പോയി. അടിക്കടിയുള്ള സ്ഥലംമാറ്റത്തിലും പലതരം വിലക്കുകളിലും മനംനൊന്താണ് അഴിമതിരഹിതരായ ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടേഷനും പഠനത്തിനുമായി സംസ്ഥാനത്തെ സേവനം മതിയാക്കുന്നത്.
ഒരു തസ്തികയില്‍ കുറഞ്ഞത് രണ്ടുവര്‍ഷം എന്ന കേന്ദ്രചട്ടം പോലും സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതിന് വേട്ടയാടപ്പെട്ട് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ അപ്രധാന തസ്തികയിലേക്ക് ഒതുക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലും ഇടുക്കി കലക്ടര്‍ ജി.ആര്‍.ഗോകുല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും ഉന്നതപഠനത്തിന് പോയിരിക്കുകയാണ്. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും പേരെടുത്ത ഐ.പി.എസ് ദമ്പതികളായ അജിതാബീഗവും സതീഷ് ബിനോയും ഹൈദരാബാദിലെ ദേശീയ പൊലിസ് അക്കാദമിയില്‍ പരിശീലക വേഷത്തിലാണിപ്പോള്‍. കേന്ദ്ര ഡെപ്യൂട്ടേഷന് എന്‍.ഒ.സി തേടിയ ഇവരെ സ്ഥലംമാറ്റി പകരം നിയമനം നല്‍കാതെ പുറത്തുനിര്‍ത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതിന് ശേഷമാണ് ഇവര്‍ക്ക് അനുമതി നല്‍കിയത്. ഭക്ഷ്യസുരക്ഷാ കമ്മിഷണറായ എം.ജി രാജമാണിക്യം വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റായ ഭാര്യ നിശാന്തിനിക്കൊപ്പം ഡെപ്യൂട്ടേഷനില്‍ പോകാന്‍ ശ്രമം തുടങ്ങി. നിശാന്തിനി യു.എന്‍ മിഷനിലേക്കാണ് ഡപ്യൂട്ടേഷനില്‍ പോകുന്നതെന്നാണ് സൂചന. സര്‍ക്കാരിന്റെ പീഡനത്തിന് ഏറ്റവും ഒടുവില്‍ ഇരയായത് ജലവകുപ്പ് ഡയറക്ടറായിരുന്ന ഷൈനമോളാണ്. സ്വകാര്യ കുപ്പിവെള്ള കമ്പനിയ്ക്ക് ഒത്താശ ചെയ്യാന്‍ തയാറാകാത്തതാണ് ഷൈനമോള്‍ക്ക് വിനയായത്.
കൊച്ചിയിലെ ഭൂമാഫിയക്കെതിരേ പോരാടി, കോടികള്‍ വിലയുള്ള ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതിനു പിന്നാലെ സ്ഥലംമാറ്റപ്പെട്ട അദീല അബ്ദുല്ലയും സര്‍ക്കാര്‍ നടപടികള്‍ അതൃപ്തയാണ്. സര്‍ക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് മിഷനിലെ സി.ഇ.ഒ ആക്കിയെങ്കിലും ഇവര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ലൈഫ് മിഷനില്‍ നിന്നു മാറ്റിത്തരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള എല്ലാ ഐ.എ.എസുകാരും നീണ്ട അവധിയിലാണ്. ചട്ടം ലംഘിച്ച് സ്ഥലംമാറ്റുന്നതില്‍ ഐ.പി.എസുകാരും അതൃപ്തരാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അഞ്ച് ഐ.എ.എസുകാരും അഞ്ച് ഐ.പി.എസുകാരും അഞ്ച് ഐ.എഫ്.എസുകാരുമാണ് കേരളം വിട്ടത്. എട്ടുപേര്‍ അവധിയില്‍ പോയി. ഇതില്‍ നാലുപേര്‍ ആറ് മാസത്തിലേറെയായി അവധിയിലാണ്. ഐ.എ.എസില്‍ 86ഉം, ഐ.പി.എസില്‍ 52ഉം, ഐ.എഫ്.എസില്‍ 42ഉം ഒഴിവുകളാണ് നിലവിലുള്ളത്. അതേസമയം, അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെ അവധി റദ്ദാക്കി തിരികെക്കൊണ്ടുവരാനുള്ള സമ്മര്‍ദം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഐ.എ.എസ് അസോസിയേഷന്‍ സെക്രട്ടറി ടോം ജോസ് വഴിയാണ് ശ്രമം നടത്തുന്നുവെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."