ബിവറേജസ് ഔട്ട്‌ലറ്റ്: വനമേഖലയിലേക്ക് മാറ്റുന്നത് ചെറുക്കുമെന്ന് സി.പി.ഐ
നിലമ്പൂര്‍: നിലവില്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് തേക്ക് പ്ലാന്റേഷനുള്ളിലെ സ്വകാര്യ ഭൂമിയിലെ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമം ചെറുക്കുമെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ 31ന് മുന്‍പ് മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കെ.എന്‍.ജി റോഡില്‍ നിന്നും 750 മീറ്റര്‍ അകലെ ഉള്‍വനത്തിനു സമീപത്തെ വിജനമായ ഭൂമിയിലുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് ബിവറേജസ് ചില്ലറ വില്‍പനശാല മാറ്റാനുള്ള നീക്കം നടക്കുന്നത്.
30ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇവിടം ബിവറേജസ് വന്നാല്‍ ഇക്കോ ടൂറിസം കേന്ദ്രത്തിനു വരെ നാശം വരുത്താനിടയാക്കും. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വനത്തിലൂടെയുള്ള റോഡിലൂടെ നിര്‍മാണ സാമഗ്രികള്‍ കൊണ്ടു പോകുന്നത്. പ്രദേശത്ത് വിട്ടുകിട്ടിയ വുഡ് കോംപ്ലക്‌സിന്റെ ഭൂമിയില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ, ബിവറേജസ് ഔട്ട് ലെറ്റ് വനപ്രദേശത്തേക്ക് മാറ്റുന്നത് ജനദ്രോഹ നടപടിയാണ്. മുതുകാട് കള്ള് ഷാപ്പ് തുറക്കാനുള്ള നടപടിയെ എതിര്‍ത്ത ജനകീയ സമരം ഇവിടെയും ആവര്‍ത്തിക്കുമെന്നും സി.പി.ഐ ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം ബഷീര്‍ അധ്യക്ഷനായി. ടി.കെ ഗിരീഷ് കുമാര്‍, സി.വി അശോകന്‍, ഇ.കെ ഷൗക്കത്തലി, പി.ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."