വിനോദസഞ്ചാരികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ അരിവിഹിതം നേടാന്‍ പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി നിവേദക സംഘം ഡല്‍ഹിക്ക്.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. വിനോദസഞ്ചാരികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. അന്ത്യോദയ, അന്നയോജന (എ.എ.വൈ) ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ചുരുങ്ങിയത് അഞ്ച് കിലോ വീതം അരി ലഭ്യമാക്കുന്നതിനും കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് സര്‍വകക്ഷിയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭക്ഷ്യഭദ്രതാനിയമം നടപ്പില്‍ വന്നതോടെ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയമപ്രകാരം കാര്‍ഡുടമകളെ പല വിഭാഗങ്ങളായി തിരിച്ചാണ് റേഷന്‍ നല്‍കുന്നത്. സ്റ്റാറ്റിയൂട്ടറി റേഷന്‍ നിലവിലുണ്ടായിരുന്ന കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശ്ചിത അളവില്‍ എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാക്കാന്‍ കഴിയണം. നേരത്തെ 16 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഭക്ഷ്യഭദ്രതാനിയമം നടപ്പിലായപ്പോള്‍ അത് 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. എല്ലാവര്‍ക്കും നിശ്ചിത അളവില്‍ റേഷന്‍ നല്‍കുന്നതിന് 7.22 ലക്ഷം ടണ്‍ അരി കൂടുതലായി ലഭിക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ വിശദീകരിച്ചു.
സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ അന്യദേശങ്ങളില്‍ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുണ്ട്. ഹര്‍ത്താലുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ നമുക്കാവില്ല. പക്ഷേ ഇക്കാര്യത്തില്‍ കുറേക്കൂടി ജാഗ്രതപാലിക്കണം.
ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തെ അറിയിച്ചു. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയകക്ഷി നേതാക്കള്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആഭ്യന്തര വിജിലന്‍സ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഭക്ഷ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി മിനി ആന്റണി, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ഭക്ഷ്യവകുപ്പ് ഡയറക്ടര്‍ എന്‍.ടി.എല്‍ റെഡ്ഡി, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."