ആഘോഷദിനങ്ങള്‍ കഠിനമാകും; വിപണി ഇടപെടല്‍ സംവിധാനങ്ങള്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: കുതിച്ചുയരുന്ന അവശ്യസാധന വില ആഘോഷദിനങ്ങള്‍ കഠിനമാക്കും. വിലക്കയറ്റത്തിലൂടെയാണു റമദാന്‍ ദിനങ്ങള്‍ കടന്നുപോകുന്നത്. ഈദുല്‍ ഫിത്വറും അടുത്തുകഴിഞ്ഞു. രണ്ടു മാസങ്ങള്‍ക്കപ്പുറമാണ് ഓണവും ബലിപെരുന്നാളും. വിപണിയിലെ ഈ പ്രവണത തുടരുകയാണെങ്കില്‍ ഓണക്കാലത്ത് താങ്ങാനാവുന്നതിലപ്പുറമായിരിക്കും വിലക്കയറ്റം.
ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടംമറിക്കും. അരിക്ക് മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായ വലവര്‍ധന ആശങ്കാജനകമാണ്. ഗുണനിലവാരമുള്ള അരിക്ക് കിലോയ്ക്ക് 40 രൂപയ്ക്കടുത്താണ് വില. പരിപ്പ് ഇനങ്ങളുടെ വില 200 രൂപയോടടുക്കുന്നു. പച്ചക്കറിക്കും പൊള്ളുന്ന വിലയാണ്.
അതേസമയം, വില നിയന്ത്രണത്തിന് വിപണിയില്‍ ഇടപെടാറുള്ള സര്‍ക്കാര്‍ സംവിധാനങ്ങളായ സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. സബ്‌സിഡി ഇനത്തില്‍ മാത്രമായി 535 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. വിതരണക്കാര്‍ക്ക് 75 കോടി രൂപയും നല്‍കാനുണ്ട്. മൊത്തം 1,060 കോടിയെങ്കിലും ബാധ്യത വരും. ഇതിനാല്‍ സപ്ലൈകോയ്ക്ക് വിപണിയില്‍ ഇടപെടണമെങ്കില്‍ 255 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സപ്ലൈകോയുടെ ബജറ്റ് വിഹിതം ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 150 കോടി രൂപയാക്കുമെന്ന് അധികാരമേറ്റയുടന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കണ്‍സ്യൂമര്‍ഫെഡിന് സബ്‌സിഡി ഇനത്തില്‍ കുടിശ്ശികയായി 408 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. 74 കോടിയുടെ പലിശ കുടിശ്ശികയുമുണ്ട്. 200 കോടി രൂപ വിതരണക്കാര്‍ക്കും നല്‍കാനുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ മൊത്തം ബാധ്യത 1,039 കോടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടു സ്ഥാപനങ്ങളുടെയും ബാധ്യതകള്‍തീര്‍ത്ത് ഫലപ്രദമായി വിപണിയില്‍ ഇടപെടണമെങ്കില്‍ രണ്ടായിരം കോടിയിലേറെ രൂപ വേണ്ടിവരും. ആയിരം കോടി രൂപയെങ്കിലും വിപണി ഇടപെടലിന് ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവില്ല.
എന്നാല്‍, വിപണി ഇടപെടലിനു മാത്രമായി ഇത്രയും തുക ബജറ്റില്‍ വകയിരുത്താവുന്ന അവസ്ഥയിലല്ല സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ക്കു തന്നെ സര്‍ക്കാര്‍ പാടുപെടുകയാണ്. ഇതിനുപുറമെ വലിയ ചെലവുവരുന്ന മറ്റു നിരവധി പദ്ധതികളും നയപ്രഖ്യാപനത്തിലുണ്ട്. ഇതിനെല്ലാം തുക കണ്ടെത്തുക അത്ര എളുപ്പമല്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."