പാര്‍ക്കിങ്ങിനെച്ചൊല്ലി കൊലപാതകം: സിദ്ദുവിനെ വെറുതെവിട്ടു
ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെച്ചൊല്ലി വയോധികനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ദേശീയ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദുവിനെ സുപ്രിംകോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, പൊതുസ്ഥലത്തുവച്ച് വയോധികനെ മര്‍ദിച്ചതിന് സിദ്ദു 1,000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു. 30 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും എസ്.കെ കൗളും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. കേസില്‍ സിദ്ദുവിന്റെ കൂട്ടുപ്രതിയും ബന്ധുവുമായ രൂപീന്ദര്‍ സിങ് സിദ്ദുവിനെയും വെറുതെവിട്ടിട്ടുണ്ട്.
1988 ഡിസംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. പാട്യാലയയിലെ റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുര്‍ണാം സിങ് (65) അടക്കമുള്ള മൂന്നുപേരുമായി സിദ്ദുവും ബന്ധുവും വഴക്കിടുകയായിരുന്നു. വഴക്കിനിടെ ഇരുവരുടെയും മര്‍ദനമേറ്റ ഗുര്‍ണാം സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മരിക്കുകയുമായിരുന്നു. കേസില്‍ വിചാരണക്കോടതി 1999 സെപ്റ്റംബറില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍, 2006 ഡിസംബറില്‍ സിദ്ദുവിനെയും രൂപീന്ദര്‍ സിങ്ങിനെയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്നുവര്‍ഷം തടവിനു ചാണ്ഡിഗഡ് ഹൈക്കോടതി ശിക്ഷിച്ചു. തുടര്‍ന്ന് ബി.ജെ.പി എം.പിയായിരുന്ന സിദ്ദുവിന് സ്ഥാനം ഒഴിയേണ്ടിവന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിദ്ദു നല്‍കിയ ഹരജിയിലാണ് ഇന്നലത്തെ സുപ്രിംകോടതി വിധി.
ഇതിനിടെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."