ഇസ്‌റാഈല്‍ വെടിവയ്പ്പിനെ കുറിച്ച് സ്വതന്ത്രാന്വേഷണം: യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം അമേരിക്ക തടഞ്ഞു
യുനൈറ്റഡ് നാഷന്‍സ്: ഗസ്സയിലെ ഇസ്‌റാഈല്‍ അതിക്രമത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
തിങ്കളാഴ്ച 50ലേറെ പേരുടെ മരണത്തിനിടയാക്കിയ ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ കനത്ത പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തിയ പ്രമേയം സംഭവത്തെ കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.കുവൈത്ത് ആണ് പ്രമേയത്തിന്റെ കരടുരൂപം തയാറാക്കിയത്. തിങ്കളാഴ്ച ഗസ്സ അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനായി നേരത്തെ യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിനിടയിലാണ് കുവൈത്തിന്റെ നേതൃത്വത്തില്‍ പ്രമേയം തയാറാക്കി അംഗരാജ്യങ്ങള്‍ക്ക് കരടുരൂപം അയച്ചുകൊടുത്തത്.
ഇസ്‌റാഈലിനും ഫലസ്തീനിനുമിടയില്‍ തര്‍ക്കപ്രദേശമായി നിലനില്‍ക്കുന്ന ജറൂസലമില്‍ എംബസി തുറക്കരുതെന്ന രക്ഷാസമിതിയുടെ നിര്‍ദേശം എല്ലാ രാജ്യങ്ങളും അംഗീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടനും ജര്‍മനിയും രംഗത്തെത്തിയിരുന്നു.
വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് യോഗം ആരംഭിച്ചത്. ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികളെ അക്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത് ഹമാസാണെന്ന് യോഗത്തില്‍ യു.എസ് അംബാസഡര്‍ നിക്കി ഹാലെ ആരോപിച്ചു. അതുകൊണ്ടാണ് ഇസ്‌റാഈലിന് ഈ നടപടി കൈക്കൊള്ളേണ്ടി വന്നത്. അതിന് അവര്‍ ഉത്തരവാദികളല്ല. ഇന്നലത്തെ സംഭവവികാസങ്ങളില്‍ ഹമാസ് സന്തോഷിക്കുകയാണ്. -ഹാലെ കുറ്റപ്പെടുത്തി. ഹമാസാണ് തിങ്കളാഴ്ചത്തെ സംഭവങ്ങള്‍ക്ക് ഉത്തരവാദിയെന്ന് യോഗം ആരംഭിക്കുന്നതിനു മുന്‍പ് ഇസ്‌റാഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ ആരോപിച്ചു. ഹമാസ് പ്രവര്‍ത്തകര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്കിടയാക്കിയതെന്നും ഡാനോണ്‍ പറഞ്ഞു.
ഗസ്സയിലെ ബോധമില്ലാത്ത അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ തന്നെ ഇടപെടണമെന്ന് പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയുടെ ചുമതലയുള്ള സ്‌പെഷല്‍ കോഡിനേറ്റര്‍ നിക്കോളായ് മ്‌ലദനോവ് ആഹ്വാനം ചെയ്തു. മേഖലയെ മുഴുവന്‍ മറ്റൊരു സംഘര്‍ഷത്തിലേക്കു നയിക്കാനിടയുള്ള സംഭവങ്ങള്‍ തടയാന്‍ എല്ലാ രാഷ്ട്രങ്ങളും പരമാവധി ശ്രമം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."