മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങള്‍ക്ക് വികസനപദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവരുടെ സ്വാധീനം കുറയ്ക്കുന്നതിനും ഈ മേഖലകളുടെ വികസനത്തിലൂടെ സര്‍ക്കാര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പ്രത്യേക വികസന പദ്ധതികള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
മാവോയിസ്റ്റ് സ്വാധീനമുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കാണു പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് മെഹ്രിഷിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളായ ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, മഹാരാഷ്ട്ര എന്നവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് യോഗത്തില്‍ സംബന്ധിച്ചത്. യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും സംബന്ധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം ചെയ്ത പദ്ധതികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടാകുന്ന മരണസംഖ്യ വലിയതോതില്‍ കുറയ്ക്കാനായതായി രാജ്‌നാഥ് സിങ് പറഞ്ഞു. 2013നെ അപേക്ഷിച്ച് 2015 ആയപ്പോഴേക്കും അക്രമങ്ങളെ തുടര്‍ന്നുള്ള മരണസംഖ്യയില്‍ 42 ശതമാനത്തോളം കുറവുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
കേന്ദ്രം നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് റോഡ് നിര്‍മാണം. മൊബൈല്‍ ഫോണ്‍ സൗകര്യം മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള സ്‌കൂളുകള്‍, ആശുപത്രികളുടെ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയും കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."