ഗ്രാമീണ ഗവേഷക സംഗമത്തിനു മിഴിവേകി കണ്ടുപിടിത്തങ്ങളുടെ അവതരണം
കല്‍പ്പറ്റ: പുത്തൂര്‍വയല്‍ കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഗ്രാമീണ ഗവേഷക സംഗമത്തിനു മിഴിവേകി കണ്ടുപിടിത്തങ്ങളുടെ അവതരണം. ഗ്രാമീണ ജീവിതം മെച്ചപ്പെടുത്താന്‍ ഉതകുന്ന നാല്‍പ്പതില്‍പരം കണ്ടുപിടിത്തങ്ങളാണ് ഗവേഷക സംഗമത്തില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കപ്പ വിളവെടുപ്പ് ആയാസരഹിതമാക്കുന്ന യന്ത്രം, കാട്ടുപന്നികളെ പാടത്തുനിന്നകറ്റുന്ന ഉപകരണം, വയര്‍ലെസ് ഓട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ കണ്‍ട്രോള്‍ സിസ്റ്റം, വൈദ്യുതിയിലും പെട്രോളിലും പ്രവര്‍ത്തിപ്പിക്കാവുന്ന കറവയന്ത്രം, മുളയും ചകിരിയും സിമന്റും ചേര്‍ത്തുണ്ടാക്കിയ മേച്ചിലോട്...
ഇങ്ങനെ നീളുകയാണ് കണ്ടുപിടിത്തങ്ങളുടെ നിര. തിരുവനന്തപുരം മരിയന്‍ എന്‍ജിനീയറിങ് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനികളായ എസ്.എ അഞ്ജന, ആര്യ മുരളീധരന്‍, പി. ഗൗരി, കാവ്യ സുധാകരന്‍, ഫ്‌ളോറ ബോസ്‌കോ എന്നിവര്‍ പ്രൊഫ. കെ.പി. നാരായണന്റെ മേല്‍നോട്ടത്തില്‍ അവസാനവര്‍ഷ പ്രൊജക്ടിന്റെ ഭാഗമായി രൂപകല്‍പന ചെയ്ത നിര്‍മിച്ചതാണ് മേച്ചിലോട്. ഇതര ഇനം മേച്ചിലോടുകളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ് നിര്‍മിക്കാവുന്നതും കൂടുതല്‍ സുരക്ഷിതവുമാണ് ചകിരിയും മുളയും സിമന്റും ചേര്‍ത്ത് പ്രത്യേക മൂശയില്‍ തയാറാക്കുന്ന ഓടെന്ന് വിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അസോസിയേറ്റ് പ്രഫസര്‍ ഭാരതിരാജ് പറഞ്ഞു. സംഭരണിയില്‍ വെള്ളം കുറയുമ്പോള്‍ മോട്ടോര്‍പമ്പ് തനിയെ ഓണാകുകയും ടാങ്ക് നിറയുന്നതിനു മുമ്പ് ഓഫാകുകയും ചെയ്യുന്നതാണ് തലശേരി തിരുവങ്ങാടിലെ പി. അജയന്‍ അവതരിപ്പിച്ച വയര്‍ലെസ് ഓട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ കണ്‍ട്രോള്‍ സിസ്റ്റം.
സംഭരണിയുമായി വയര്‍ കണക്ഷന്‍ ഇല്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മോട്ടോര്‍ പമ്പിന്റെ ഏറ്റവും അടുത്തുള്ള വാട്ടര്‍ ടാപ്പിലാണ് ഉപകരണം ഘടിപ്പിക്കുന്നത്.ഇവിടെനിന്നു മോട്ടോര്‍ പമ്പുവരെ മാത്രമാണ് വയറിന്റെ ഉപയോഗം. 900 രൂപ ചെലവിലാണ് ഉപകരണം വികസിപ്പിച്ചതെന്ന് അജയന്‍ പറഞ്ഞു. ജലശുദ്ധീകരണ യന്ത്രം, അടയ്ക്ക പൊളിക്കല്‍ യന്ത്രം എന്നിവ അജയന്റെ മുന്‍ കണ്ടുപിടിത്തങ്ങളാണ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജീനീയറിങ് വിദ്യാര്‍ഥികളായ സി.എം ആകാശ്, ജിയോ ബിജോയ്, ക്രിസ്റ്റി വിത്സണ്‍ എന്നിവര്‍ അസിസ്റ്റന്റ് പ്രഫസര്‍ ജോര്‍ജ് സെബാസ്റ്റ്യന്റെ ശിക്ഷണത്തില്‍ വികസിപ്പിച്ചതാണ് കപ്പ വിളവെടുപ്പിനുള്ള യന്ത്രം. കസാവ അപ്പ്‌റൂട്ടര്‍ എന്നാണിതിനു പേരിട്ടിരിക്കുന്നത്.
കഠിനമായ ഉറപ്പുള്ള മണ്ണില്‍നിന്നു ഒരു കിഴങ്ങുപോലും പൊട്ടാതെ കപ്പ വിളവെടുപ്പു നടത്താന്‍ സഹായിക്കുന്നതാണ് യന്ത്രമന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. നിലമ്പൂരിലെ കര്‍ഷക കുടുംബാംഗം അജയ് രാജന്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചതാണ് ഇക്കണോമിക് ജെന്‍സെറ്റ് എന്ന് നാമകരണം ചെയ്ത കറവയന്ത്രം. യന്ത്രം ഒരു മണിക്കൂറും 20 മിനിറ്റും പ്രവര്‍ത്തിപ്പിക്കുന്നതിനു ഒരു യൂനിറ്റ് വൈദ്യുതി മതിയാകും. വൈദ്യുതിയുടെ അഭാവത്തില്‍ പെട്രോള്‍ ഉപയോഗിച്ചും യന്ത്രം പ്രവര്‍ത്തിപ്പിക്കാം. ഒരു ലിറ്റര്‍ പെട്രോളില്‍ രണ്ടര മണിക്കൂര്‍ പ്രവര്‍ത്തനം സാധ്യമാണെന്നു അജയ്‌രാജന്‍ പറഞ്ഞു. 40,000 രൂപ ചെലവിലാണ് യന്ത്രം നിര്‍മിച്ചത്. അള്‍ട്രോസോണിക് സൗണ്ട് ഉപയോഗപ്പെടുത്തി കാട്ടുപന്നികളെ കൃഷിയിടത്തില്‍നിന്നു തുരത്താന്‍ സഹായിക്കുന്നതാണ് തൃശൂര്‍ മായന്നൂര്‍ സ്വദേശിയും കോയമ്പത്തൂര്‍ ജെസിടി കോളജ് ഓഫ് എന്‍ജിനീയറിംഗ് ടെക്‌നോളജിയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ പി.ആര്‍. രേഷിക് വികസിപ്പിച്ച ന്യൂ വൈല്‍ഡ് ബോര്‍ റെപ്പിലന്റ് എന്ന ഉപകരണം. കാടിറങ്ങുന്ന പന്നികളില്‍ കടുത്ത അലോസരം ഉണ്ടാക്കുന്നതാണ് യന്ത്രത്തില്‍നിന്നുള്ള ശബ്ദം. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നതല്ല ഇത്. പ്രവര്‍ത്തനത്തിനു സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന യന്ത്രത്തിന്റെ നിര്‍മാണത്തിനു 10,000 രൂപയോളമാണ് ചെലവെന്ന് രേഷിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."