വീടു കുത്തിത്തുറന്ന് 11 പവന്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
ബദിയടുക്ക: വീടിന്റെ വാതില്‍ പൂട്ട് പൊളിച്ച് 11 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയെ ബദിയടുക്ക എസ്.ഐ എ ദാമോദരനും സംഘവും അറസ്റ്റ്‌ചെയ്തു. കണ്ണൂര്‍ എടക്കാട് ആദികടലായി സ്വദേശി ബഷീറാ(42 )ണ് അറസ്റ്റിലായത്. ജനുവരി 31ന് ബാറാടുക്കയിലെ ശാരദയുടെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന പ്രതികള്‍ ശാരദയുടെ മകള്‍ നിഷ(22)യുടെ വിവാഹാവശ്യത്തിനായി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണു കവര്‍ന്നത്. കേസില്‍ ഒന്നാം പ്രതി നെക്രാജെയിലെ ഹരീഷ(32)നെയും രണ്ടാം പ്രതി മുള്ളേരിയ കാംപ്‌കോവിനു സമീപം താമസക്കാരനായ അശോക(34)നെയും നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ പൊലിസ് പറയുന്നതിങ്ങിനെ: 2006ല്‍ എറണാകുളം കളമശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ തലക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് ബഷീര്‍. കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചാരായ കേസില്‍ ശിക്ഷിക്കപ്പെട്ട അശോകന്‍ ജയിലിലെത്തുന്നത്. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതിനു ശേഷമാണു ബാറടുക്കയിലെ വീട്ടില്‍ കവര്‍ച്ച നടത്തുന്നത്. മോഷണം നടത്തിയ സ്വര്‍ണത്തില്‍ നിന്ന് അഞ്ചര പവന്‍ സ്വര്‍ണം മംഗളുരുവിലെ ഒരു ജ്വല്ലറിയില്‍ നിന്നു പൊലിസ് കണ്ടെത്തിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു കൂടുതല്‍ സ്വര്‍ണം കണ്ടെത്തനായിട്ടില്ലെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."