ലിഫ്റ്റ് പണിമുടക്കിയിട്ട് ഒരാഴ്ച പിന്നിട്ടു; മൃതദേഹം ചുമന്നിറക്കി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതകാലം. ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ടു പത്തു ദിവസത്തോളമായെങ്കിലും ഇത് നന്നാക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ഇതോടെ മൃതദേഹങ്ങള്‍ കൂടി മുകള്‍ നിലയില്‍നിന്നു താഴേക്കു ചുമന്നുകൊണ്ടിറക്കേണ്ട അവസ്ഥയാണ് ആശുപത്രിയില്‍.
ഏഴു നിലയുള്ള ആശുപത്രി കെട്ടിടം പണിയുമ്പോള്‍ റാമ്പ് പണിയാത്തതാണ് വര്‍ഷങ്ങളായി ആശുപത്രി ജീവനക്കാരെയും രോഗികളെയും ദുരിതത്തിലാക്കുന്നത്. റാമ്പില്ലാതെ ആശുപത്രി കെട്ടിടം പണിതതോടെ കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ ആശുപത്രി കെട്ടിടത്തിലെ വിവിധ നിലകളിലുള്ള വാര്‍ഡുകളിലേക്കു ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണുണ്ടായത്.
ജനരോഷം ഉയര്‍ന്നതോടെ ആശുപത്രിയില്‍ ഒരു ലിഫ്റ്റ് സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ലിഫ്റ്റ് ഇടക്കിടെ പണിമുടക്കുന്നതോടെ രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും വീണ്ടും ദുരിതം കൂടുകയായിരുന്നു.
ഒരു വര്‍ഷത്തിനിടയില്‍ എട്ടാം തവണയാണ് ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കുന്നത്. ഒരുതവണ ലിഫ്റ്റ് കേടായാല്‍ നന്നാക്കണമെങ്കില്‍ ഒരുമാസത്തോളം സമയമെടുക്കാറാണ് പതിവ്.
രണ്ടുമാസം മുമ്പ് ലിഫ്റ്റ് കേടാവുകയും തുടര്‍ന്ന് ഒരു മാസം കഴിഞ്ഞു നന്നാക്കിയ ലിഫ്റ്റ് വീണ്ടും ഒരു മാസം തികയുമ്പോഴേക്കും കേടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കിടത്തി ചികിത്സക്കെത്തിയ രോഗിയെ ജീവനക്കാര്‍ ചുമന്നു കൊണ്ടു പടവുകള്‍ കയറി വാര്‍ഡിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച ഒരാളുടെ മൃതദേഹം ചുമന്നു കൊണ്ടാണ് വാര്‍ഡില്‍ നിന്നു ജീവനക്കാര്‍ താഴെയിറക്കിയത്.
മഴക്കാലം ആരംഭിക്കുന്നതോടെ ആശുപത്രിയില്‍ കിടത്തി ചികിത്സക്കു വിധേയമാകുന്ന രോഗികളുടെ എണ്ണം പെരുകും. ഇതോടെ ജീവനക്കാര്‍ക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും വീണ്ടും പ്രയാസങ്ങള്‍ പതിന്മടങ്ങാകും.
അതിനിടെ സ്ത്രീകളുടെ വാര്‍ഡില്‍ തറയിലെ ടൈല്‍സ് പൊട്ടിത്തകര്‍ന്ന നിലയിലാണ്. ഇത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മറ്റൊരു ദുരിതമാകുന്നു.
രോഗികളുടെ എണ്ണം പെരുകുന്നതോടെ ആശുപത്രിയില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതും തറകളിലെ ടൈലുകള്‍ ഇളകി കിടക്കുന്നതും ആളുകള്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."