മുന്നേറാന്‍ ജര്‍മനിയും ഫ്രാന്‍സും
പാരിസ്: യൂറോ കപ്പില്‍ ഇന്ന് മൂന്നു പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് അയര്‍ലന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ജര്‍മനി സ്ലോവാക്യയെയും മൂന്നാമത്തേതില്‍ ഹംഗറി ബെല്‍ജിയത്തെയും നേരിടും.
ഐറിഷ്പ്രതിരോധത്തെവീഴ്ത്താന്‍ ഫ്രാന്‍സ്
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തിയറി ഹെന്റിയുടെ കൈകൊണ്ടുള്ള ഗോളിന്റെ ഓര്‍മകളുമായാണ് അയര്‍ലന്‍ഡ് ഫ്രാന്‍സിനെതിരേ കളത്തിലിറങ്ങുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മത്സരം ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ സത്യസന്ധതയെ തന്നെ ചോദ്യം ചെയ്ത മത്സരം കൂടിയായിരുന്നു. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ അതൊന്നും മനസില്‍ വയ്ക്കാതെയാണ് കളത്തിലിറങ്ങുന്നതെന്ന് അയര്‍ലന്‍ഡ് താരം ഷെയ്ന്‍ ലോങ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കളിക്കളത്തിലെ മികവ് നോക്കുമ്പോള്‍ ഫ്രാന്‍സിനെതിരേ ജയിക്കാന്‍ അയര്‍ലന്‍ഡ് വിയര്‍പ്പൊഴുക്കേണ്ടി വരും. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെ മികവിലേക്കുയരാന്‍ ഫ്രാന്‍സിനുമായിട്ടില്ല. ഗ്രൂപ്പ് ചാംപ്യന്‍മാരായിട്ടാണ് നോക്കൗട്ടിലെത്തിയതെങ്കിലും ടീമിന്റെ പ്രകടനം ശരാശരിയാണ്. എന്നാല്‍ അയര്‍ലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. അവസാന മത്സരത്തില്‍ ഇറ്റലിയെ അട്ടിമറിക്കാനും ടീമിന് സാധിച്ചു.
പ്രതിരോധത്തിന് പേരുകേട്ട ടീമാണ് അയര്‍ലന്‍ഡ്. എന്നാല്‍ യൂറോയില്‍ അവരുടെ പ്രതിരോധത്തേക്കാള്‍ മികച്ചു നിന്നത്. മുന്നേറ്റവും മധ്യനിരയുമാണ്. ഷെയ്ന്‍ ലോങ് എന്ന സൂപ്പര്‍ താരമാണ് അവരുടെ മുന്നേറ്റങ്ങളെ നയിക്കുന്നത്. ജെഫ് ഹെന്‍ട്രിക്ക് മധ്യനിരയെ പ്രചോദിപ്പിക്കുന്ന താരമാണ്. ടൂര്‍ണമെന്റിനിറങ്ങും മുന്‍പ് സാധാരണ താരമെന്ന പരിഗണന കിട്ടിയിരുന്ന ഹെന്‍ട്രിക്ക് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളോടെ സൂപ്പര്‍ താര പദവിയിലെത്തി കഴിഞ്ഞു. ലോങും ഹെന്‍ട്രിക്കും നയിക്കുന്ന മുന്നേറ്റങ്ങള്‍ ഫ്രഞ്ച് ടീമിന് തലവേദന സൃഷ്ടിക്കും. ജെയിംസ് മക്കാര്‍ത്തി, ഡാരില്‍ മര്‍ഫി, റോബി ബ്രാഡി എന്നീ മികവുറ്റ താരങ്ങള്‍ ടീമിലുണ്ട്. ഇറ്റലിക്കെതിരേ കളം നിറഞ്ഞു കളിച്ച ബ്രാഡി ടീമിന്റെ നിര്‍ണായക ഗോളും നേടിയിരുന്നു. ദുര്‍ബലമായ ഫ്രഞ്ച് പ്രതിരോധത്തിന് ഇവരെ തടയാന്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടി വരും. പ്രതിരോധത്തില്‍ സീമസ് കോള്‍മാനും സ്റ്റീഫന്‍ വാര്‍ഡുമടങ്ങുന്ന സഖ്യവും മികച്ചതാണ്. ഇവര്‍ക്കൊപ്പം ജെയിംസ് മക്ക്ലീനും ചേരുന്നതോടെ ഫ്രഞ്ച് മുന്നേറ്റത്തിന് ഗോള്‍ നേടുക ദുഷ്‌കരമാവും.
അതേസമയം മുന്നേറ്റത്തില്‍ നിരവധി താരങ്ങളുണ്ടെങ്കിലും ഫ്രാന്‍സിന് ഇതുവരെ മികവിലേക്കുയരാനായിട്ടില്ല. ഒലിവര്‍ ജിറൂദോ അന്റോണിയോ ഗ്രിസ്മാനോ ആദ്യ ഇലവനില്‍ കളിക്കുമെന്ന കാര്യത്തില്‍ ടീമിനകത്ത് തീരുമാനമായിട്ടില്ല. അതേസമയം ആന്റണി മാര്‍ഷലിന് പകരം ഗ്രിസ്മാന്‍ കളിക്കാനും സാധ്യതയുണ്ട്. ദിമിത്രി പയെറ്റാണ് ടീമിന്റെ പ്‌ളേമേക്കര്‍ താരത്തിന്റെ പ്രകടനമാണ് ടീമിനെ പ്രീ ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. അയര്‍ലന്‍ഡിനെതിരേ പയെറ്റ് മികവിലേക്കുയര്‍ന്നാല്‍ ഫ്രാന്‍സി് മികച്ച ജയം സ്വന്തമാക്കാം. ടീമിനൊപ്പം ബ്ലെയ്‌സ് മാറ്റിയൂഡി, കിങ്‌സ്ലെ കോമാന്‍, എന്‍ഗോലോ കാന്‍ഡെ, പാട്രിക് എവ്‌റ, ആദില്‍ റമി എന്നിവരുമുണ്ട്.
അട്ടിമറിഭീഷണയില്‍ ജര്‍മനി
ലോകചാംപ്യന്‍മാരായ ജര്‍മനി ഭീതിയോടെയാണ് സ്ലോവാക്യയ്‌ക്കെതിരേ കളത്തിലിറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്ലോവാക്യയോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോറ്റതിന്റെ ചരിത്രം ടീമിന് തിരിച്ചടിയാണ്. പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറി ആവര്‍ത്തിക്കുമെന്ന് സ്ലോവാക്യന്‍ താരം വ്‌ളാദിമിര്‍ വീസ് ജര്‍മനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ വഴങ്ങിയ തോല്‍വി കൂടിയായിരുന്നു ജര്‍മനിക്കത്. ലോകകപ്പ് നേടിയ ശേഷം ടീമില്‍ നിന്ന് ഇതുവരെ ആധികാരിക പ്രകടനം ഉണ്ടായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു ജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും കരുത്തരായ പോളണ്ടിനോട് ടീം സമനില വഴങ്ങിയിരുന്നു. മെസുറ്റ് ഒസില്‍ മാത്രമാണ് ടീമില്‍ മികച്ച പ്രകടനം നടത്തുന്നത്. മരിയോ ഗോമസ്, ടോണി ക്രൂസ്, മരിയോ ഗോട്‌സെ, തോമസ് മുള്ളര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ ഇതില്‍ ഗോമസിനൊഴികെയുള്ളവര്‍ക്ക്‌ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ നിര്‍ണായക പോരാട്ടങ്ങളില്‍ മികവിലേക്കുയരുന്നവരാണ് ജര്‍മന്‍ ടീം. നോക്കൗട്ടിലും അതുകൊണ്ട് പ്രവചനങ്ങള്‍ സാധ്യമല്ല. ടീമിന്റെ വിജയത്തില്‍ ഗോളി മാനുവല്‍ നൂയറുടെ പ്രകടനവും നിര്‍ണായകമാവും.
മികച്ച മൂന്നാം സ്ഥാനക്കാരായാണ് സ്ലോവാക്യ നോക്കൗട്ടിലെത്തിയത്. പ്രതിരോധവും ആക്രമണവും കൂട്ടികലര്‍ത്തിയ പ്രകടനമാണ് ടീം ഇതുവരെ പുറത്തെടുത്തത്. ആന്‍ഡ്രെ ഡുഡ, മരെക് ഹാമ്‌സിക്, റോബര്‍ട്ട് മാക്, വിക്ടര്‍ പെകോവിസ്‌കി, മാര്‍ട്ടിന്‍ സ്‌കര്‍ട്ടല്‍ എന്നിവരുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്തുറ്റതാക്കുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കര്‍്ട്ടലിന്റെ പ്രതിരോധ മികവും ടീമിന് ഗുണം ചെയ്തിരുന്നു. മാറ്റുസ് കൊസാക്കിച്ച് എന്ന വണ്ടര്‍ ഗോളിയും ടീമിന്റെ മുതല്‍ക്കൂട്ടാണ്. ജര്‍മനിയുടെ മുന്നേറ്റത്തെ സമര്‍ഥമായി പ്രതിരോധിച്ച് അവസരങ്ങള്‍ മുതലാക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറാനാണ് സ്ലോവാക്യ കളത്തിലിറങ്ങുന്നത്.
ബെല്‍ജിയത്തെ പൂട്ടാന്‍ ഹംഗറി
ഗ്രൂപ്പ് എഫില്‍ നിന്ന് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ ഹംഗറി മികച്ച ഫോമിലാണ് ബെല്‍ജിയത്തിനെതിരേ ഇറങ്ങുന്നത്. പോര്‍ച്ചുഗലിനെതിരേ പ്രകടിപ്പിച്ച പോരാട്ടവീര്യം ബെല്‍ജിയത്തിനെതിരേയും പുറത്തെടുക്കുമെന്ന് ഹംഗറി വ്യക്തമാക്കിയിട്ടുണ്ട്. ആദം സാലായ്, ബലാസ് സുഡ്‌സാക്, ജെര്‍കോ ലോവ്‌റെന്‍സിക്‌സ്, അകോസ് എലെക്, സോള്‍ട്ടന്‍ ജെറ എന്നീ താരങ്ങള്‍ ടീമിലുണ്ട്. ആദം ലാങ്, മിഹാലി കോര്‍ഹട്ട്, എന്നീ മികച്ച പ്രതിരോധ താരങ്ങളും ടീമിന്റെ കരുത്താണ്. ഗാബോര്‍ കിരാലിയുടെ ഗോള്‍ കീപ്പിങ് ടീമിനെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങാതിരിക്കാന്‍ ടീമിനെ സഹായിച്ചതും കിരാലിയുടെ സേവുകളാണ്.
അതേസമയം ബെല്‍ജിയം ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളും ജയിച്ച് മികവിലേക്കുയര്‍ന്നു കഴിഞ്ഞു. റൊമേലും ലൂകാകു, ഏദന്‍ ഹസാര്‍ദ്, യാനിക് കരാസ്‌കോ, ഏക്‌സല്‍ വിറ്റ്‌സെല്‍, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവര്‍ ടീമിന്റെ കരുത്തുറ്റ താരങ്ങളാണ്. ലൂകാകു മികച്ച ഫോമിലാണ് കളിക്കുന്നത്. തിബറ്റ് കോര്‍ട്ടോയിസ് ടീമിന്റെ ഗോള്‍ വലകാക്കുന്നു. നിര്‍ണായക മത്സരത്തില്‍ ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ബെല്‍ജിയത്തിന് ജയം സ്വന്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."