HOME
DETAILS

ഭീതിനിഴലിക്കുന്ന നോട്ടങ്ങള്‍ക്കിടയിലൂടെ

  
backup
March 18 2017 | 23:03 PM

thanur-riot-suprabhaatham-investigation

''സാധാരണ നല്ല തിരക്കുണ്ടാകേണ്ട സമയമാണിത്. അക്രമസംഭവത്തിനുശേഷം പൊലിസിനെ പേടിച്ച് ആണുങ്ങളെല്ലാം സ്ഥലംവിട്ടിരിക്കുകയാണ്. പല വീടുകളിലും പെണ്ണുങ്ങളുമില്ല. ആളുള്ള വീട്ടില്‍ത്തന്നെ എല്ലാവരും വാതിലടച്ച് അകത്തിരിക്കുകയായിരിക്കും. എല്ലാവര്‍ക്കും പുറത്തിറങ്ങാന്‍ പേടിയാണ്. '' ഒപ്പമുണ്ടായിരുന്ന സാദത്ത് പറഞ്ഞു.


സാദത്തിനുപോലും ഞങ്ങള്‍ക്കൊപ്പം വരാന്‍ ഭയമായിരുന്നു. പൊലിസ് പിടിക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന ഉറപ്പിലാണ് അദ്ദേഹം വഴികാട്ടിയായി ഒപ്പംവന്നത്. ചാപ്പപ്പടിയില്‍ വാഹനം നിര്‍ത്തി പൂഴിനിറഞ്ഞ ചെറിയ വഴിയിലൂടെ സംഘര്‍ഷബാധിതമേഖലയിലേക്ക്...
സാദത്ത്  പറഞ്ഞപോലെ ഒരു വീട്ടിലും ആളില്ല.


കുറച്ചുദൂരം നടന്നപ്പോള്‍ ഒരു ഷെഡില്‍നിന്ന് കുട്ടികളുടെ ശബ്ദകോലാഹലം കേട്ടു. അതൊരു അങ്കണവാടിയായിരുന്നു. ഞങ്ങളുടെ സംസാരം കേട്ടായിരിക്കാം ഭയപ്പാടോടെ അങ്കണവാടി ടീച്ചര്‍ പുറത്തേക്കു നോക്കി. ആണുങ്ങള്‍ മാത്രമല്ല, സ്ത്രീകളുമുണ്ടെന്നുകണ്ട് ചിരിച്ചു.


''കുട്ടികളൊക്കെ വരുന്നുണ്ടോ? '' ഞങ്ങളുടെ ടീമിലുള്ള സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദി ചോദിച്ചു.
'' കുറച്ചുകുട്ടികള്‍ വരുന്നുണ്ട്. പഴയതുപോലില്ല.'' അവര്‍ മറുപടി പറഞ്ഞു.
താന്‍ പറയുന്നതു കാമറയില്‍ പകര്‍ത്താന്‍ വിഡിയോഗ്രാഫര്‍ ശ്രമിക്കുന്നതു കണ്ടതോടെ അവര്‍ പെട്ടെന്ന് വാതിലിനു പിറകിലേക്ക് ഉള്‍വലിഞ്ഞു. സുനി അല്‍ഹാദിയും ഫര്‍സാനയും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പലതും ചോദിച്ചിട്ടും പിന്നെ മറുപടിയൊന്നുമില്ല.

 

താനൂര്‍ കടപ്പുറത്തെ ജനങ്ങളുടെ ഭയപ്പാടിന്റെ നിദര്‍ശനമായിരുന്നു അത്. പറയാന്‍ അവരുടെ മനസ്സില്‍ ഒരുപാടുണ്ട്. പക്ഷേ, പറഞ്ഞാല്‍, അതിന്റെ പേരില്‍ പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുമോയെന്നും ഏതെങ്കിലും കേസില്‍ പ്രതിയാകുമോയെന്നുമുള്ള ഭയം ആ പ്രദേശത്തെ ആണിനും പെണ്ണിനുമുണ്ടെന്നു സാദത്ത് പറഞ്ഞു.
നടവഴിയിലൂടെ മുന്നോട്ടുപോകുന്തോറും അക്രമസംഭവങ്ങളുടെ ഭീകരത കൂടുതല്‍ തെളിയുകയായിരുന്നു. ഇരുഭാഗത്തുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ എറിഞ്ഞും ആയുധങ്ങള്‍കൊണ്ട് അടിച്ചും തകര്‍ത്തിരിക്കുന്നു. സംഭവിച്ചതെന്താണെന്ന് അറിയാനായി വാതില്‍ക്കല്‍ മുട്ടുമ്പോള്‍ അകത്തുനിന്നു ഖനീഭവിച്ച നിശ്ശബ്ദത മാത്രമാണു പ്രതികരണം.


പലതിലും ആളില്ല. ഉള്ളതെല്ലാം ഇട്ടെറിഞ്ഞു സുരക്ഷിതസ്ഥാനങ്ങളിലേക്കു പോയിരിക്കുന്നു.
ആളുള്ളയിടങ്ങളിലും വാതില്‍ തുറക്കാന്‍ തയാറായില്ല. പേടിയാണവര്‍ക്ക്.
ചില വീടുകളുടെ വാതിലുകള്‍ തുറക്കപ്പെട്ടു. ചിലര്‍ പ്രതികരിക്കാന്‍ തയാറായി. പേടിച്ചുപേടിച്ചാണെങ്കിലും അവര്‍ സുപ്രഭാതത്തിനു മുന്നില്‍ മനസ്സുതുറന്നു.


അതാകട്ടെ, കെട്ടിനിര്‍ത്തപ്പെട്ട സങ്കടങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഒരുപക്ഷേ, പുറംലോകത്തിന്റെ മനസ്സില്‍ ഇതുവരെ പതിയാത്ത ഭീകരയാഥാര്‍ഥ്യങ്ങളുടെ കുത്തൊഴുക്ക്.
ഏറെ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തിക്കപ്പെട്ട വീട്ടമ്മയുടെ വേദന, മരിച്ച വീട്ടില്‍പ്പോലും അക്രമം നടത്തിയതു കണ്ടുള്ള ബന്ധുക്കളുടെ അന്ധാളിപ്പ്,  മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി വച്ച പണവും ആഭരണവും കൊള്ളയടിക്കപ്പെട്ട ഭീകരയാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന രക്ഷിതാക്കളുടെ മാനസികാവസ്ഥ, മൂന്ന് ഔട്ട്‌ബോര്‍ഡ് എന്‍ജിനുകളും നാലഞ്ചു വലകളുമുള്‍പ്പെടെ ഒരു ഷെഡിനുള്ളിലെ സകലതും കത്തിച്ചു ചാമ്പലാക്കിയതിനു മുന്നില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന മത്സ്യത്തൊഴിലാളിയുടെ ദയനീയത...


ഒരു പകല്‍ മുഴുവന്‍ താനൂര്‍ കടപ്പുറത്തു ചെലവഴിച്ചപ്പോള്‍ ഞങ്ങളെ അസ്തപ്രജ്ഞരാക്കിയ കാഴ്ചകളുടെ ഭീകരത ഇവിടെ വിവരിച്ചു തീര്‍ക്കാന്‍ കഴിയുമോ എന്നറിയില്ല.
താനൂരിലെ ഒട്ടുമ്പ്രം, എളാരം, പണ്ടാരക കടപ്പുറങ്ങളില്‍ സി.പി.എം, മുസ്‌ലിംലീഗ് സംഘര്‍ഷം എന്ന വാര്‍ത്ത വായിച്ചപ്പോള്‍ അത്രയൊന്നും ഭീകരത ഞങ്ങളുടെ മനസ്സിലേക്കു കടന്നുവന്നിരുന്നില്ല. പലപ്പോഴും സംഘര്‍ഷവേദിയാകാറുള്ളതാണ് ഈ പ്രദേശമുള്‍പ്പെടെയുള്ള കേരളത്തിലെ പല തീരങ്ങളും. ചെറിയ പ്രശ്‌നങ്ങളില്‍ ആരംഭിക്കുന്ന സംഘര്‍ഷങ്ങള്‍ ചെറിയ തോതിലുള്ള സംഘട്ടനങ്ങളിലേക്കും വീടുതകര്‍ക്കലിലേക്കും നീങ്ങാറുണ്ടെങ്കിലും പൊലിസ് എത്തി അവയെല്ലാം പെട്ടെന്നു നിയന്ത്രണവിധേയമാക്കുകയാണു പതിവ്. താനൂരിലും ഇത്തരം അനുഭവങ്ങള്‍ എത്രയോതവണ സംഭവിച്ചതാണ്.


എന്നാല്‍, അവിടെ അസ്വാഭാവികമായി ചിലതു സംഭവിച്ചുവെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് വസ്തുതാന്വേഷണത്തിനായി സുപ്രഭാതത്തിന്റെ ഒരു സംഘം സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന തീരുമാനമുണ്ടായത്. സത്യത്തില്‍, അവിടെച്ചെന്ന്  ആ ഭീകരവും ദയനീയവുമായ കാഴ്ചകള്‍ക്കു സാക്ഷ്യംവഹിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ മനസ്സിലും താനൂര്‍ സംഭവം രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന നാലു കോളം വാര്‍ത്തയായി അവശേഷിക്കുമായിരുന്നു.


കടലിന്റെ കനിവിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞുകൂടുന്ന അവിടത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഒരു കാളരാത്രി സമ്മാനിച്ച തീരാദുരിതത്തിന്റെ യഥാര്‍ഥചിത്രം ഒരിക്കലും ഞങ്ങളുടെ മനസ്സിലേക്കു കടന്നെത്തില്ലായിരുന്നു. 82 വീടുകളാണ് താനൂര്‍ കടപ്പുറത്തു തകര്‍ക്കപ്പെട്ടത്. ഇത്രയും കാലം തങ്ങള്‍ക്ക് അഭയമായിരുന്ന വീടുകളില്‍ ഭയംമൂലം അന്തിയുറങ്ങാനാവാത്ത അവസ്ഥയിലാണ് അവിടത്തെ ജനങ്ങള്‍, പ്ലസ്ടു പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളില്‍ പലരും പൊലിസ് കേസില്‍പ്പെട്ട് ഒളിവിലാണ്.
വൃദ്ധരും കുട്ടികളുമല്ലാത്ത ആണുങ്ങള്‍ മിക്ക വീടുകളിലുമില്ല. എപ്പോഴും സജീവമായിരുന്ന മത്സ്യബന്ധനമേഖല ഇപ്പോള്‍ തീര്‍ത്തും ശ്മശാനമൂകതയിലാണ്. നിത്യവൃത്തിക്കുള്ള വകയുമായി പുരുഷന്മാര്‍ എത്താത്ത സ്ഥിതിവന്നതോടെ പല വീടുകളിലും പട്ടിണി നുഴഞ്ഞുകയറിക്കഴിഞ്ഞു. ''പട്ടിണി സഹിക്കാം, അതിനേക്കാള്‍ ഭീകരമാണു പേടിയോടെയുള്ള ജീവിതം.'' വൃദ്ധയായ ഒരു സ്ത്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
കാലത്തു മുതല്‍ ആരംഭിച്ച അലച്ചിലിനൊടുവില്‍ ഞങ്ങള്‍ ഫാറൂഖ് പള്ളി ഭാഗത്തുനിന്നു ഫക്കീര്‍ബീച്ച് റോഡിലൂടെ മടക്കയാത്ര തുടങ്ങി. അത് അവിചാരിതമായ മറ്റൊരു അനുഭവമായിരുന്നു. കടപ്പുറത്താണ് അക്രമങ്ങള്‍ അരങ്ങേറിയതെന്നാണ് അതുവരെ കേട്ടത്. എന്നാല്‍, ഞങ്ങള്‍ യാത്രചെയ്ത റോഡിനിരുവശത്തും കത്തിച്ചാമ്പലായ കടകളുടെയും തകര്‍ക്കപ്പെട്ട വാഹനങ്ങളുടെയും തുടര്‍ക്കാഴ്ചകളായിരുന്നു. ലോറികള്‍, ഓട്ടോറിക്ഷകള്‍, സ്‌കൂട്ടറുകള്‍, ബൈക്കുകള്‍...


''ഇതൊക്കെയും രാഷ്ട്രീയപകയുടെ ഭാഗമായുണ്ടായതാണോ?'' സംശയനിവൃത്തിക്കായി നാട്ടുകാരനായ സാദത്തിനോടു ചോദിച്ചു.
അദ്ദേഹം  അടക്കംപറയുന്ന സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: ''ഇതൊക്കെ പൊലിസിന്റെ ചെയ്തികളാണ്!''
അക്രമികളില്‍നിന്നു പൊതുജനത്തെ സംരക്ഷിക്കേണ്ട പൊലിസ് അക്രമങ്ങള്‍ക്കു മുന്‍കൈ എടുക്കുകയോ!
വിശ്വസിക്കാനായില്ല.
എന്നാല്‍, അത്തരം അനുഭവങ്ങള്‍ ഞങ്ങള്‍ക്കു മുന്നില്‍ നിരത്താന്‍ താനൂര്‍ കടപ്പുറത്ത് ധാരാളം പേരുണ്ടായിരുന്നു.
അവരില്‍നിന്നു ലഭിച്ച പൊലിസ് അതിക്രമ വിവരങ്ങളാണിനി പറയാനുള്ളത്.


(തുടരും)


കരുതിവച്ചതെല്ലാം കവര്‍ന്നെടുത്തു; മകളുടെ വിവാഹം എങ്ങനെ
നടത്തുമെന്നറിയാതെ സാജിതയും സലാമും

 

[caption id="attachment_271533" align="alignnone" width="450"]കുഞ്ഞീശിന്റെ പുരയ്ക്കല്‍ സലാമിന്റെ ഭാര്യ സാജിത തന്റെ തകര്‍ക്കപ്പെട്ട വീടിനെക്കുറിച്ച് സംസാരിക്കുന്നു കുഞ്ഞീശിന്റെ പുരയ്ക്കല്‍ സലാമിന്റെ ഭാര്യ സാജിത തന്റെ തകര്‍ക്കപ്പെട്ട വീടിനെക്കുറിച്ച് സംസാരിക്കുന്നു[/caption]



സുനി അല്‍ഹാദി

താനൂര്‍: 'മകളുടെ വിവാഹത്തിന് കരുതിവച്ചിരുന്ന നാല് ലക്ഷം രൂപയാണ് അവര്‍ എടുത്തുകൊണ്ടുപോയത്. പലരുടെയും പണ്ടം പണയംവച്ചും പതിനായിരം രൂപവീതം വായ്പ വാങ്ങിയും കരുതിവച്ച പണമായിരുന്നു അത്. ഇനി ഞങ്ങള്‍ എന്തു ചെയ്യും? എന്റെ മോളുടെ വിവാഹം നടക്കുമോ? നിങ്ങള്‍ തന്നെ പറ.
ചാപ്പപടിയില്‍ അക്രമികള്‍ തല്ലിത്തകര്‍ത്ത വീടിനുമുന്നില്‍നിന്ന്  കുഞ്ഞീശിന്റെ പുരയ്ക്കല്‍ സലാമിന്റെ ഭാര്യ സാജിത വിങ്ങിപ്പൊട്ടി. ഞാന്‍ അടുക്കളയില്‍ കുട്ടികള്‍ക്ക് രാത്രി ഭക്ഷണം എടുക്കുമ്പോഴായിരുന്നു സംഭവം. ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് ജനല്‍ ചില്ല് തകര്‍ന്ന് ചിന്നിത്തെറിക്കുന്നതാണ്. അക്രമികള്‍ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്, അവര്‍ പോയെന്നുകരുതി ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത് നൂറിലേറെ വരുന്ന സംഘം വീട്ടുമുറ്റത്ത് തമ്പടിച്ചിരിക്കുന്നതാണ്.


പേടിച്ചുവിറച്ച് അടുക്കളയില്‍ അഭയം തേടിയപ്പോള്‍ ഗോവണിപ്പടിയിലൂടെ വരുന്നു ആറംഗസംഘം. തെങ്ങില്‍ കൂടെ കയറി ഗോവണിയിറങ്ങി താഴെ എത്തിയതായിരുന്നു അവര്‍. പിന്നെ കണ്ണില്‍കണ്ടതെല്ലാം വാരിവലിച്ചിട്ടു. അലമാരയിലെ തുണികളും ഇസ്തിരിപ്പെട്ടിയും ഇന്‍ഡക്ഷന്‍ കുക്കറും ടി.വിയും ഒക്കെ നശിപ്പിച്ചു. ചോറും കറിയുമൊക്കെ കലത്തോടെ വലിച്ചെറിഞ്ഞു.


മൂത്തമകളുടെ ഒന്നരവയസുകാരന്‍ തൊട്ടിലില്‍ ഉറങ്ങുകയായിരുന്നു. അവനെ എങ്ങനെ വാരിയെടുത്തെന്ന് പടച്ചോന് മാത്രമെ അറിയൂ. അക്രമികള്‍ തനിക്കും മക്കള്‍ക്കുംനേരെ നടത്തിയ അഴിഞ്ഞാട്ടം വിവരിക്കുമ്പോള്‍ സാജിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മാര്‍ച്ച് 12ന് താനൂര്‍ കടപ്പുറത്ത് സംഘര്‍ഷത്തിന്റെ അഗ്നിഗോളങ്ങള്‍ സര്‍വതും വിഴുങ്ങുന്നതിന് ഒരാഴ്ച മുമ്പ് തൊട്ടേ ചാപ്പപടി അസ്വസ്ഥമായിരുന്നു. മാര്‍ച്ച് അഞ്ചിന് സഹോദരങ്ങളുടെ മൂന്ന് വീടുകളാണ് ഇവിടെ അക്രമികള്‍ തല്ലിത്തകര്‍ത്ത് പണവും സ്വര്‍ണവുമൊക്കെ അപഹരിച്ചത്. സലാമിന്റെയും തൊട്ടടുത്ത് താമസിക്കുന്ന മറ്റു രണ്ട് സഹോദരങ്ങളുടെയും വീടുകളാണ് അക്രമികള്‍ തകര്‍ത്തത്.


സലാമിന്റെ വീട്ടില്‍നിന്ന് മകളുടെ വിവാഹത്തിനായി കരുതിവച്ച നാലുലക്ഷം രൂപ അപഹരിച്ചപ്പോള്‍ തൊട്ടടുത്ത വീട്ടിലെ സഹോദരന്റെ ഭാര്യ പാത്തുമോളുടെ പത്ത് പവന്‍ സ്വര്‍ണം അപഹരിച്ചു. മാര്‍ച്ച് 24നാണ് സാജിത-സലാം ദമ്പതികളുടെ ഇളയമകള്‍ തസ്്‌ലീമയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
പുതിയ കടപ്പുറത്ത് സാവനാജിന്റെ പുരയ്ക്കല്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ മുജീബാണ് വരന്‍. മത്സ്യത്തൊഴിലാളിയായ സലാം മൂത്തമകളെ വിവാഹം കഴിച്ചയച്ചതിന്റെയും വീടുവച്ചതിന്റെയും ബാധ്യത ഇതുവരെ തീര്‍ന്നിട്ടില്ല. സാജിദയാണെങ്കില്‍ രക്തത്തില്‍ അണുക്കള്‍ കുറയുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സനടത്തിക്കൊണ്ടിരിക്കുകയാണ്. മാസത്തില്‍ രണ്ടായിരം രൂപയുടെ മരുന്ന് വേണം സാജിതയ്ക്ക്. ഇതിനിടയിലാണ് ഇളയമകളുടെ വിവാഹം വന്നത്.


മൂത്തമകന്‍ വിദേശത്താണെങ്കിലും കുറഞ്ഞവരുമാനമായതിനാല്‍ മെച്ചമൊന്നുമില്ല. ബന്ധുക്കളുടെ ആഭരണങ്ങള്‍ പണയംവച്ചും കൈവായ്പ വാങ്ങിയും സ്വര്‍ണം വാങ്ങാനും വിവാഹത്തിനെത്തുന്നവര്‍ക്ക് സദ്യ ഒരുക്കാനുമുള്ള പണം സ്വരൂപിച്ച് വച്ചിരിക്കുകയായിരുന്നു. അക്രമികള്‍ പണം കൈക്കലാക്കി കടന്നയുടന്‍ അബോധാവസ്ഥയിലായ സാജിതയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൊലിസ് സാജിതയുടെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ വന്നപ്പോള്‍ സാജിദ നടന്നതെല്ലാം പൊലിസിനോട് പറഞ്ഞു. എന്നാല്‍, പണവും സ്വര്‍ണവും പോകുന്നതൊക്കെ ഇവിടെ സര്‍വസാധാരണമെന്നായിരുന്നു പൊലിസിന്റെ മറുപടിയെന്ന് സാജിത പറഞ്ഞു.


വീടിന്റെ ആധാരം പണയംവച്ച് വിവാഹം നടത്താനുള്ള ശ്രമം ബന്ധുക്കള്‍ നടത്തിയെങ്കിലും അതും വിഫലമായി. ബാങ്കിന്  നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടതും തുടര്‍ന്നുള്ള നടപടിക്രമങ്ങളും ലോണ്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. വിവാഹത്തിനായി സ്വര്‍ണാഭരണങ്ങള്‍ക്ക് തൊട്ടടുത്ത ജ്വല്ലറിയില്‍ ഇതിനോടകം ഓര്‍ഡര്‍ നല്‍കിയിരുന്നു. തസ്്‌ലീമയും സാജിതയും കൂടി ചെന്നാണ് ആഭരണങ്ങള്‍ തെരഞ്ഞെടുത്തത്.


അഡ്വാന്‍സ് തുക നല്‍കി വിവാഹത്തിനു തൊട്ടുമുമ്പ് ബാക്കി പണം നല്‍കി ആഭരണങ്ങള്‍ എടുത്തുകൊള്ളാമെന്ന വ്യവസ്ഥയിലായിരുന്നു ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതിനിടെയാണ് അക്രമിസംഘം കരുതിവച്ച നാല് ലക്ഷം രൂപ കവര്‍ന്നത്.
അബ്ബാസ്, ഉണ്ണിച്ചിന്റെ പുരയ്ക്കല്‍ ഉദൈഫ്, ഹഫ്‌സല്‍, സാദിഖ് എന്നിവര്‍് തങ്ങള്‍ക്കു നേരെ അതിക്രമം നടത്തിയ സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി രണ്ടുപേരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും സാജിത പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago