നരകമോചനത്തിന്റെ പത്തില്‍ ഭക്തി സാന്ദ്രമായി ഹറമുകള്‍
മക്ക/മദീന: വിശുദ്ധ റമദാന് അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ ഇരു ഹറമുകളിലും ജനലക്ഷങ്ങളാല്‍ വീര്‍പ്പുമുട്ടി തുടങ്ങി. നരകമോചനത്തിന്റെ പത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമുകളില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്. പുണ്യം ആഗ്രഹിക്കുന്ന വിശ്വാസ ലക്ഷങ്ങളുടെ എല്ലാ വഴികളും ഇപ്പോള്‍ മക്കയിലേക്കും മദീനയിലേക്കുമാണ്.
ഉംറയ്ക്കൊപ്പം രാത്രിയിലെ മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും ഇഅ്തികാഫ് (ഭജനമിരിക്കല്‍) ഇരിക്കാനുമായി വിശ്വാസികള്‍ ഇവിടേക്ക് ഒഴുകുകയാണ്. റമദാന് അവസാന സമയമായതോടെ വിദേശ തീര്‍ഥാടകരോടൊപ്പം ആഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹവും ശക്തിപ്പെട്ടതോടെ ഇരുഹറമുകളിലെ സാധാരണ നമസ്കാരവേളയിലും തറാവീഹിനും നല്ല തിരക്കാണ് അനുഭവപ്പെടുന്നുത്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശ ഉംറ തീര്ധാടകരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തോളം വര്‍ധനവുണ്ടായതിനാല്‍ അതിനനുസരിച്ച് സ്വദേശി തീര്ധാടക വര്‍ധനവും ഉണ്ടായേക്കും.
മക്കയിലെ വിശുദ്ധ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും മറ്റു ആരാധനാകര്മ്മകള്ക്ക് പുറമെ ഇഅ്തികാഫ് ഇരിക്കുന്നതിനു മാത്രമായി വിശ്വാസികള്‍ എത്തിച്ചേരുന്നുണ്ട്. ഇതിനായി ഇവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളും അധികൃതര്‍ ഒരുക്കുന്നുണ്ട്.
തീര്‍ഥാടകരുടെ ഒഴുക്ക് ശക്തിപ്പെട്ടതോടെ സുരക്ഷാ വിഭാഗം പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയത്. കവാടങ്ങളിലും വഴികളിലും മുറ്റങ്ങളിലുമെല്ലാം പൊലിസുകാരെ വിന്യസിച്ചു. വഴിയിലെ കിടത്തവും ഇരുത്തവും കര്‍ശനമായി തടഞ്ഞു. ഹറമിനകവും മുകളിലെ നിലകളും നിറഞ്ഞുകവിയുമ്പോള് അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ആളുകളെ തിരിച്ചുവിടുന്നുണ്ട്. അവസാന പത്തില്‍ എല്ലാവിധ അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ സിവില്‍ ഡിഫന്‍സ് സദാസമയവും ജാഗരൂഗരാണ്.
മുന്‍ കാലങ്ങളിലെ തീര്‍ഥാടക കുത്തൊഴുക്കിലെ പ്രശ്നങ്ങള്‍ പഠിച്ചാണ് അവയെ നേരിടാന്‍ ഒരുങ്ങുന്നതെന്ന് സിവില്‍ ഡിഫന്‍സ് മക്ക മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് അല്‍ ദലൈവി പറഞ്ഞു. അവസാന വെള്ളിയാഴ്ചയും റംസാന് 27-ാം രാവിനും അനുഭവപ്പെടുന്ന ജന ലക്ഷങ്ങളുടെ അനിയന്ത്രിത തിരക്കുകളെ നേരിടാനും പദ്ധതികള്‍ ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."