കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സഹായമായി 'തസ്മയി'
തൃശൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി തസ്മയി എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്പ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തസ്മയി ഗ്രൂപ്പിനു വേണ്ടി ആലപ്പുഴ ഇന്‍ഫോ പാര്‍ക്കിലെ ടെക്‌ജെന്‍ഷ്യാ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് ആണു ആപ്പ് നിര്‍മിച്ചത്. അപകട ഘട്ടങ്ങളില്‍ പെടുമ്പോഴും ഇതു സംബന്ധിച്ച വിവരം ലഭിക്കുമ്പോഴും തസ്മയി മൊബൈല്‍ ആപ്ലിക്കേഷന്റെ ഉപഭോക്താക്കള്‍ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തിയാല്‍ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഇതേ ആപ്പ് ഉള്ള എല്ലാ മൊബൈല്‍ ഫോണുകളും ബെല്ലടിക്കാന്‍ തുടങ്ങും. കോള്‍ സ്വീകരിക്കുന്നവര്‍ക്കു അപകടത്തില്‍ പെട്ടതോ വിവരമറിയിക്കുന്നതോ ആയ ആളുകളെ നേരിട്ടു കണ്ടു സംസാരിക്കാന്‍ സാധിക്കും. കോള്‍ ഡിസ്‌കണക്ട് ആകുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ അപകടത്തില്‍ പെട്ട വ്യക്തി നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ ഓട്ടോമാറ്റിക്കായി മറ്റു ഫോണുകളിലേക്കു ഷെയര്‍ ചെയ്യപ്പെടും. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ കാണാതായ കുട്ടിയുടെ ചിത്രവും മാതാപിതാക്കളുടെയും മറ്റും വിവരങ്ങളും തസ്മയി സെക്യൂരിറ്റിയില്‍ അപ്‌ലോഡ് ചെയ്യാം. സന്ദേശം രാജ്യം മുഴുവന്‍ എത്തുകയും നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൊബൈലുകള്‍ ബെല്ലടിക്കുകയും ചെയ്യും. ഇതോടെ കുട്ടിയെ തട്ടിയെടുത്ത ആള്‍ക്കു രക്ഷപ്പെടാനുള്ള അവസരം നിഷേധിക്കപ്പെടും. അപ്ലിക്കേഷനില്‍ ഇത്തരത്തിലുള്ള 25 ഓളം മൊഡ്യൂളുകള്‍ ലഭ്യമാണ്. ആപ് സ്റ്റോറില്‍ നിന്നോ പ്ലേസ്റ്റോറില്‍ നിന്നോ തസ്മയി മൊബൈല്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ്, ഐ ഫോണുകളില്‍ ആധാര്‍ കാര്‍ഡുള്ള ഇന്ത്യക്കാര്‍ക്കു ലോകത്തു എവിടെയാണെങ്കിലും ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാം. സര്‍ക്കാര്‍, പൊലിസ് സംവിധാനങ്ങള്‍ സഹകരിക്കാന്‍ തയ്യാറായാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ സംവിധാനം ഏറെ സഹായകമാകുമെന്നു ആപ്പ് പരിചയപ്പെടുത്തിയ ഹോളിവുഡ് സിനിമാ സംവിധായകന്‍ കൂടിയായ രഞ്ജിത്ത് ബോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."