ഉദ്ഘാടനത്തിനൊരുങ്ങി ജവഹര്‍ലാല്‍ നെഹ്രു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കുളിശ്ശേരിയില്‍ സ്ഥാപിച്ച ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ്് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സബ്ബ് സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഉദ്ഘാടനം ഈമാസം അവസാനത്തില്‍ നടക്കാന്‍ സാധ്യത. കാര്‍ഷിക രംഗത്തെ വിവിധയിനങ്ങളുടെ പരിപോഷണവും തൈകളുടെ ഉദ്പാദനവും ലക്ഷ്യമിട്ടു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണു ബൃഹത്തായ പദ്ധതി തയ്യാറാക്കി സ്ഥാപനത്തിനു തുടക്കമിട്ടത്. ഇതിനകം ആകെ 10000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിച്ചു.
നാലുനില കെട്ടിടത്തിന്റെ ഒരുനിലയാണു പൂര്‍ത്തീകരിച്ചത്. ഘട്ടംഘട്ടമായി നാലുനിലകളിലുള്ള കെട്ടിടം പൂര്‍ത്തീകരിക്കും. ഇതോടെ ജീവനക്കാര്‍ക്കുള്ള താമസ സ്ഥലവും സജ്ജമാകും. പദ്ധതി പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കാനായി 125 കോടി രൂപ ആവശ്യമാണ് . കെട്ടിടം, ഫര്‍ണീച്ചറുകള്‍, കെമിക്കലുകള്‍, ബോട്ടിലുകള്‍, റാക്കുകള്‍ തുടങ്ങിയവക്കായി ഇതിനകം ഏഴര കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.
നിലവില്‍ 19 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണു നടപ്പാക്കുക. ഇതില്‍ കെ.എസ്.ഐ.ഡി.സി യുടെ 8.94 കോടി രൂപയും ബാക്കി വരുന്ന 10.06 കോടി രൂപ സംസ്ഥാന സര്‍ക്കാരുമാണു അനുവദിക്കുക. ഇതിനായുള്ള പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു സ്ഥാപനത്തിന്റെ ഹെഡ് ഇന്‍ചാര്‍ജ്ജ് സയന്റിസ്റ്റായ ഡോ. സതീഷ് അറിയിച്ചു. നിലവില്‍ വിനിയോഗിച്ചിരിക്കുന്നതു കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ്് കോര്‍പ്പറേഷന്റെ ഫണ്ടാണ്. സയന്റിസ്റ്റുമാരടക്കം 16 പേരാണു ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ വാഴ, തഴക്കൈത, ജാതി, ഏലം, പൈനാപ്പിള്‍, പപ്പായ അലങ്കാര സസ്യങ്ങള്‍ എന്നിവയുടെ പ്രജനഗവേഷണ പ്രവര്‍ത്തനങ്ങളാണു നടക്കുക. മുള്ളില്ലാത്ത തഴക്കൈത വികസിപ്പിക്കുകയാണ് ലക്ഷ്യം.
അപൂര്‍വമായി കൊണ്ടിരിക്കുന്ന ചെടികളുടേയും മരങ്ങളുടേയും ലക്ഷക്കണക്കിനു ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഉല്‍പാദിപ്പിച്ചു അവയുടെ വംശം നിലനിര്‍ത്തും. പദ്ധതിയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നതു 118 ഏക്കര്‍ ഭൂമി ഏറ്റെടുത്തു അതില്‍ പരീക്ഷണനീരീക്ഷണത്തിന്റെ ഭാഗമായി ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടു പിടിപ്പിക്കുമെന്നാണ്. എന്നാല്‍ ഇതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. തൃശൂര്‍, എറണാകുളം ജില്ലകളിലെ സ്ഥലങ്ങളാണു ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അതാതു ജില്ലാ കലക്ടര്‍മാര്‍ക്കാണു അതിന്റെ ഉത്തരവാദിത്വം.
തിരുവനന്തപുരത്താണു ഇതുപോലുള്ള മറ്റൊരു സ്ഥാപനമുള്ളത്. അതിനാല്‍ തന്നെ മധ്യകേരളത്തിലും മറ്റും സ്വകാര്യ ഏജന്‍സികളെയാണു കൃഷിഭവനുകള്‍ ആശ്രയിക്കുന്നത്. കുഴൂരിലെ സ്ഥാപനത്തില്‍ നിന്നും ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ പുറത്തിറങ്ങുന്നതോടെ ഈ പ്രവണതക്കു കുറവുണ്ടാകും. അതിനാല്‍ വലിയ പ്രതീക്ഷയാണു നാട്ടുകാരിലുള്ളത്. കാര്‍ഷിക രംഗത്തു വലിയ കുതിച്ചു ചാട്ടമാണു ഈ സ്ഥാപനം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."