നോമ്പിന്റെ മാപ്പിള ഇശലുകള്‍
മറ്റു വിഷയങ്ങളെപ്പോലെ നോമ്പും കവിഹൃദയങ്ങളില്‍ ഓര്‍മകളുടെ പെരുമഴക്കാലം സൃഷ്ടിച്ചിട്ടുണ്ട്. അനുഭൂതിയുടെ സ്‌നേഹ തല്ലജങ്ങള്‍ തീര്‍ക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളും ആത്മൈക്യത്തിന്റെ വിശ്വജാലകം തുറക്കുന്ന ഹജ്ജ് സ്മരണകളും കൈവരിച്ച ആവിഷ്‌കാര നിറവുകള്‍ കഴിഞ്ഞാല്‍ മാപ്പിള രചനകളില്‍ സ്ഥാനം പിടിച്ച കവിതാ തന്തു 'റമദാന്‍' ആയിരിക്കും. 12 അറബ് മാസങ്ങളില്‍ ഏറ്റവും പരിശുദ്ധവും കളങ്കിതമായ മുസ്‌ലിം ഹൃദയങ്ങളെ വിമലീകരിക്കാന്‍ നാഥന്‍ കാണിക്ക നല്‍കിയതുമായ അനുഗ്രങ്ങളുടെ ഈ വസന്തോത്സവം വിവിധ വര്‍ണങ്ങളിലാണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. 'വ്രതവിശുദ്ധി'യുടെ സൗകുമാര്യതയും 'ഇഅ്തികാഫി'ന്റെ ആത്മഭാവങ്ങളും 'ശവ്വാല്‍പിറ'യുടെ തീക്ഷ്ണതയേറിയ സുഖവുമെല്ലാം ഇതില്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാം. ആവിഷ്‌കാരത്തിന്റെ വശ്യത നിലനിര്‍ത്തുന്നതോടൊപ്പം കവിയും ഒരുവേള പണ്ഡിതനും സൂഫിയുമായി മാറുന്നതിന്റെ ഒരു വിസ്മയക്കാഴ്ച ഈ വരികളില്‍ തെളിഞ്ഞുവരുന്നുണ്ട്.
ഗാനരചയിതാവും മാപ്പിളപ്പാട്ട് കവിയുമായ കാസര്‍കോട് തളങ്കര പി.എസ് ഹമീദിന്റെ റമദാന്‍ രചനകളിലൂടെ കണ്ണോടിക്കുമ്പോഴുണ്ടാകുന്ന വിചാരങ്ങളാണിത്. തന്റെ കാവ്യജീവിതത്തിനിടയില്‍ റമദാനെക്കുറിച്ച് മാത്രം ഇരുപതിലേറെ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വ്രതവിശുദ്ധി, ജലമിനാരങ്ങള്‍, വ്രതവസന്തം, ഇഅ്തികാഫ്, അഭിമുഖം, ഓ...റമദാന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഓരോന്നും ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്ന കവിതകള്‍. കേരളത്തില്‍ റമദാന്‍ നിനവുകളെ പുരസ്‌കരിച്ച് ഇത്രമാത്രം എഴുതിയ ഒരു കവിയെ കണ്ടെത്തുക പ്രയാസമായിരിക്കും.
തന്റെ കവിതകളിലെ റമദാനെയും നിനവുകളിലെ നോമ്പുകാലത്തെയും ഓര്‍ത്തെടുക്കുകയാണ് കവി ഇവിടെ.
? റമദാനിനെ ഇതിവൃത്തമാക്കാന്‍ കവിതകളില്‍ എത്രമാത്രം ശ്രദ്ധിച്ചിട്ടുണ്ട്. മത ചിഹ്നങ്ങളെ ഇതിവൃത്തമാക്കി രചിക്കപ്പെടുന്ന കവിതകള്‍ക്ക് എത്രത്തോളം പൊതു സ്വീകാര്യത ലഭിക്കുന്നു.
30 വര്‍ഷത്തോളം വരുന്ന എന്റെ കവിജീവിതത്തില്‍ മതചിഹ്നങ്ങളെ ഹൈലൈറ്റ് ചെയ്തും അല്ലാതെയും അനവധി കവിതകളും മാപ്പിളപ്പാട്ടുകളും രചിച്ചിട്ടുണ്ട്. പാടാനും ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും പറ്റുന്ന കവിതകളെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവച്ചിട്ടുണ്ടെന്നത് നിഷേധിക്കാവതല്ല. എന്റെ ആദ്യകാലത്തെ രചനകളിലൊന്നായിരുന്നു ഇസ്മാഈലും ഞാനും എന്ന പേരില്‍ പ്രസിദ്ധീകരിച്ചുവന്ന കവിത. മക്കയെക്കുറിച്ചും മദീനയെക്കുറിച്ചും പുണ്യഭൂമികളെക്കുറിച്ചുമൊക്കെയായിരുന്നു അതില്‍ പരാമര്‍ശം. 22-ാം വയസില്‍ വിരചിതമായ അതിലെ വരികള്‍ ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നുണ്ട്:
'ആണ്ടുകള്‍ ഇരുപത്തിരണ്ടും കഴിഞ്ഞു, ഹന്ത!
തീണ്ടുവാനായില്ലിതുവരെ
പൊന്‍ കനവിലെ മക്ക...'
എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അത്. മത ഇതിവൃത്തങ്ങള്‍ തന്നെയായിരുന്നു എന്നും എന്റെ കവിതകളുടെ ആത്മാവ്. മറ്റുള്ളവയും പൊതു വിഷയങ്ങളും ഇല്ലെന്നില്ല.
പിന്നെ, റമദാന്റെ കാര്യം. അത് ഒരു ദൗര്‍ബല്യം പോലെയാണ്. ഇരുപതിലേറെ കവിതകള്‍ വ്യത്യസ്ത കാലങ്ങളിലായി ഈ വിഷയത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ പ്രസിദ്ധമായ അധികം പത്രമാധ്യമങ്ങളിലും റമദാന്‍ സപ്ലിമെന്റുകളിലും വെളിച്ചം കണ്ടവയാണതെല്ലാം. 2007ല്‍ മാതൃഭൂമി റമദാന്‍ സപ്ലിമെന്റില്‍ വന്ന ജലമിനാരങ്ങള്‍, തേജസില്‍ വന്ന അഭിമുഖം, മാധ്യമത്തില്‍ വന്ന വ്രതവിശുദ്ധി, ഉത്തരദേശത്തില്‍വന്ന ഇഅ്തികാഫ്, ചന്ദ്രികയില്‍ വന്ന കൃപ, മലയാള മനോരമ റമദാന്‍ സപ്ലിമെന്റില്‍ വന്ന ഒരു സന്ദര്‍ശകക്കുറിപ്പ്, മാധ്യമത്തില്‍ വന്ന ശവ്വാലിന്‍ ചോദ്യങ്ങള്‍, 2003ല്‍ ചന്ദ്രികയില്‍ വന്ന നിസ്‌കാരത്തഴമ്പ്, 2008ല്‍ മാതൃഭൂമിയില്‍ വന്ന കസ്തൂരിമണമുള്ള വെളിച്ചം, ചന്ദ്രികയില്‍ വന്ന ശസ്ത്രക്രിയ, ഉത്തരദേശത്തില്‍ വന്ന ഇഖ്‌റഅ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ആ കാലത്തെ നല്ല മനസും നല്ല അനുഭവങ്ങളും നല്ല കവിതകളുടെ ജന്മത്തിനു കാരണമാകുന്നു.
? റമദാന്‍ കവിതകളില്‍ ഏറെ പ്രതികരണങ്ങളുണ്ടാക്കിയ കവിത ഏതായിരുന്നു.
വ്രതവിശുദ്ധി എന്ന കവിത ഏറെ വായിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്ത ഒന്നാണ്. പലരുമിതിനെ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കുമെല്ലാം വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. സാധാരണ കവിതാശൈലിയില്‍നിന്നു മാറി പുതിയ ബിംബങ്ങള്‍ നല്‍കി റമദാനിനെ അവതരിപ്പിച്ചുവെന്നതാണ് ഇതിന്റെ പ്രത്യേകത. ചില ഭാഗങ്ങള്‍...
'അഞ്ചിന്ദ്രിയങ്ങള്‍ക്കും
അങ്കച്ചമയമിട്ട്
നെഞ്ചിലെ സ്പന്ദനം
നേരിന്റെ നേരെ തിരിച്ച
ധര്‍മ യോദ്ധാവിനെ ചൂണ്ടി
മല മലയോട് പറയുന്നുണ്ടാകും:
'തൃഷ്ണ തന്നഗ്നി
പര്‍വതങ്ങളെ
സുകൃതങ്ങളുടെ
രത്‌ന ഖനികളാക്കിയ
നോമ്പുകാരന്റെ
നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍
നമ്മളെന്ത് മല!'
ഉദയം തൊ-
ട്ടസ്തമയം വരെ
ഉരുകിയുരുകി
ഒളിവിതറി-
ത്തളര്‍ന്ന സൂര്യന്‍
ചന്ദ്രന്റെ കാതില്‍
മന്ത്രിക്കുന്നുണ്ടാകും:
'വിശ്വാസ തേജസ്സിന്റെ
ഈ വിസ്മയത്തിന് മുന്നില്‍
ഞാന്‍ വെറുമൊരു കരിക്കട്ട!'
റമദാനിന്റെയും നോമ്പുകാരന്റെയും ഹൃദയവിശുദ്ധിയും സ്ഥൈര്യവും പ്രകാശവും കണ്ട് ആകാശലോകങ്ങളും സൂര്യചന്ദ്രന്മാരും പഞ്ചപുച്ഛമടക്കുന്ന ആവിഷ്‌കരണമാണ് ഇതില്‍ നടത്തിയിരിക്കുന്നത്. സാധാരണ, ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന കവിതകളില്‍നിന്നു തുലോം ഭിന്നമായ ഒരു ശൈലിയാണിത്. മതകീയമായ ബിംബങ്ങള്‍ക്കു മലയാളക്കവിതയുടെ സൗകുമാര്യത ചാര്‍ത്തിയാല്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുമെന്ന് ഇത് തെളിയിക്കുന്നു.
? ഒരു വിഷയത്തെ ആധാരമാക്കി ധാരാളം കവിതകള്‍ ജനിക്കുമ്പോള്‍ സ്വാഭാവികമായും ഉള്ളടക്കത്തിന്റെ ആവര്‍ത്തന വിരസത വരുമല്ലോ. എന്നാല്‍, താങ്കളുടെ കവിതകളില്‍ ഈയൊരു അനുഭവം ഉണ്ടാകുന്നില്ല. എന്തുകൊണ്ടാണത്.
ഇവിടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുണ്ട്. ഒരു വിഷയത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചാണ് കവിതകള്‍ രചിക്കപ്പെടുന്നത്. അതും വ്യത്യസ്ത കാലങ്ങളില്‍. സ്വാഭാവികമായും ആദ്യ കവിതയില്‍ നിന്നു രണ്ടാം കവിത തുലോം ഭിന്നമായിരിക്കുമെന്നതില്‍ സന്ദേഹമില്ല. സാഹചര്യങ്ങളിലും അനുഭവങ്ങളിലും ഭാവനയിലുമെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ഇത് കവിതയിലും പ്രതിഫലിക്കും. ഈ മാറ്റമാണ് അനുവാചകര്‍ ആഗ്രഹിക്കുന്നതും.
അഭിമുഖം എന്ന കവിത പെട്ടെന്നു തീര്‍ന്നുപോകുന്ന, ഓടിപ്പോകുന്ന റമദാനോടുള്ള സംഭാഷണമാണ്. അടിയങ്ങളായ മനുഷ്യനെ ഇവിടെ നിര്‍ത്തി എങ്ങോട്ടാണ് ഈ ഓട്ടം, തിരക്ക് എന്നാണ് അതില്‍ ചോദിക്കുന്നത്. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന കളങ്കങ്ങളാണോ ഈ ഓട്ടത്തിന് ആവേഗം കൂട്ടുന്നത് എന്നും ചോദിക്കുന്നു:
'എന്തിത്ര ധൃതി,
എങ്ങണയുവാന്‍?
മണിച്ചരട് മുറിഞ്ഞപോല്‍
ഊര്‍ന്നുരുണ്ടകലുന്നു
പുണ്യദിനങ്ങള്‍,
പ്രാണനില്‍ പിടയുന്നു
പ്രാര്‍ത്ഥനാമൊഴികള്‍!
..............
വിടചൊല്ലിടും
നേരത്തുമിക്കടും
ഭാവം മാഞ്ഞുപോയില്ലെങ്കില്‍
വിധി, ഗതി, വിചാരണ-
യൊന്നുമേയോര്‍ക്കാവത-
ല്ലതിനാല്‍ സദയം
തരിക നീ മോക്ഷത്തിന്‍
സ്വര്‍ഗസുഗന്ധമോലും
സുസുസ്മിതം!'
ജലമിനാരങ്ങള്‍ എന്ന കവിതയില്‍ നോമ്പുകാരനെ ഒഴുകുന്ന പുഴയോട് ഉപമിച്ച് അവന്റെ ഹൃദയവിശുദ്ധിയെ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നു. യാനനൈരന്തര്യത്തിന്റെയും തെളിമയുടെയും വിഷയത്തില്‍ അവയ്ക്കിടയിലെ സമാനതകളാണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. എല്ലാ അര്‍ഥത്തിലും ഒരു പുഴയുടെ ഔദാര്യ സ്വഭാവം നോമ്പുകാരനിലും ഉള്ളതായി ഇവിടെ കണ്ടെത്തപ്പെടുന്നു. ആവിഷ്‌കാരത്തിന്റെ വേറിട്ട കാഴ്ചകളാണിതെല്ലാം. ചില വരികള്‍ കാണുക:
'നോമ്പുകാരനും
പുഴയും
ഒഴുകിത്തെളിയുന്ന
സമാനതകളാണ്.
മണലടുപ്പില്‍
പൂക്കുന്ന
കാരക്കയും
വ്രതസൂര്യ
രഥമുരുളും
മനസും
പാകപ്പെടലിന്റെ
പര്യായങ്ങളാണ്.
ആമാശയച്ചെരുവിലെ
അഗ്നിനിലാവ്
മനുഷ്യപ്പറ്റിന്റെ
അടയാളമാണ്.'
വ്രതമനുഷ്ഠിക്കുന്നതിലൂടെ കൈവരുന്ന ആന്തരിക പരിവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നോമ്പുകാരന്റെ വിശപ്പിനെ അഗ്നിനിലാവായും സ്‌നേഹത്തിന്റെയും സഹബോധത്തിന്റെയും പ്രേരകശക്തിയായും വര്‍ണിക്കപ്പെട്ടിരിക്കുന്നു. അന്നൊക്കെ നോമ്പുകാലം വേനല്‍ക്കാലമായിരുന്നു. അതിനാല്‍, തുടര്‍ന്നുള്ള വരികളില്‍ വേനല്‍ക്കാല വ്രതത്തിന്റെ തീക്ഷ്ണത തീര്‍ക്കുന്ന വരികളാണ്. ഓരോ കവിതകളും ആ കാലത്തിന്റെയും സമയത്തിന്റെയും പ്രതികരണമാണെന്നു മനസിലാക്കാന്‍ ഇതു മതി.
എന്നാല്‍, വ്രതവസന്തം എന്ന കവിത വിടപറയുന്ന നോമ്പുകാലത്തെക്കുറിച്ച പരിഭവങ്ങളാണ്. ഒപ്പം റമദാന്‍ സാധ്യമാക്കിയ സംശുദ്ധീകരണത്തിന്റെ പാഠങ്ങളും. 'കഴുകിവെളുപ്പിച്ച പളുങ്ക് പാത്രം പോല്‍; വെണ്മ വിതറും ഹൃത്തുടിപ്പുകള്‍, മുള്‍ത്തലപ്പുകളിലിറ്റും, ഉള്‍ത്താപത്തിന്‍, തേന്‍ തുള്ളികള്‍' എന്നാണു പാപിയായ മനുഷ്യഹൃദയങ്ങളില്‍ നോമ്പു സൃഷ്ടിക്കുന്ന ചൈതന്യത്തിന്റെ ആവിഷ്‌കാരം. റമദാന്‍ മാസത്തിന്റെ പടിയിറക്കത്തെ ഇങ്ങനെ അവതരിപ്പിക്കുന്നു:
'വിരുന്ന് പോകുന്ന
പോര്‍വിളിയുടെ
നനുത്ത് നോവേറിയ
കഴലനക്കങ്ങള്‍
കൃപയുടെ കാരക്കച്ചീന്തുമായ്
പരിവര്‍ത്തനത്തിന്റെ
പകിട്ടേറിയ
ദിനരാത്രങ്ങളുടെ
കൊടിയിറക്കത്തിന്‍
ജയഭേരികള്‍.'
അതേസമയം, ഇഅ്തികാഫ് എന്ന കവിത റമദാനിലെ ഒരു ആരാധനാരൂപത്തെക്കുറിച്ചു മാത്രമാണ്. ആധ്യാത്മികതയുടെ മൂര്‍ത്തീഭാവം പുല്‍കുന്ന ഈ ആരാധന റമദാനില്‍കൂടിയാകുമ്പോള്‍ അതിന്റെ പരിശുദ്ധത ആവിഷ്‌കരിക്കപ്പെടാന്‍ കഴിയാത്ത വിധം സമ്പന്നമാകുന്നു. അത്യധികം പ്രയാസകരമായ ഈ ജോലിയാണ് ഇഅ്തികാഫില്‍ നടത്തിയിരിക്കുന്നത്. 'നാഥാ, ഭൂമിയാകാശങ്ങളിലെ, സ്വര്‍ഗോത്സവത്തിന്റെ, പുണ്യം നുകരാന്‍, തൗബയിലുരുകിയ മനസിനെ, ഭജനമിരുത്തേണ്ടതെവിടെ?' എന്നു തുടങ്ങുന്ന കവിത തുടര്‍ന്നുള്ള വരികളില്‍ ചില സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരേ ഉറഞ്ഞുതുള്ളുന്നുണ്ട്. മതത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ തിരിച്ചറിയപ്പെടണമെന്നാണ് ഇത് ഉല്‍ഘോഷിക്കുന്നത്. അതിലെ ഒരു ചോദ്യം ഇതാ:
'നക്ഷത്രങ്ങള്‍ പൂത്തുലഞ്ഞ
വിശുദ്ധ രാവിലെ
നീലാകാശംപോലെ
ഭൂമി നിറയെ
പൊന്‍ മിനാരങ്ങളുയര്‍ന്നിട്ടും
നിന്റെ കാരുണ്യത്തിന്റെ
മാലാഖമാരിറങ്ങുന്ന
വിശുദ്ധ ഗേഹത്തിലേക്ക്
ഏതു മരുഭൂമിയിലൂടെയാണ്
ഹിജ്‌റ പോകേണ്ടത്?'
മുഴത്തിനു മുഴം പള്ളികളും മതത്തിനുള്ളില്‍തന്നെ കാക്കത്തൊള്ളായിരം വിഭാഗീയ ചിന്താഗതിക്കാരും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഓരോരുത്തരും നേരിടുന്ന ഒരു ചോദ്യമാണിത്.
? റമദാന്‍ എന്നാല്‍ കരിച്ചു കളയുന്നത് എന്നാണര്‍ഥം. മനുഷ്യന്റെ പാപങ്ങളെ കരിച്ചുകളയുന്നത് എന്നു വ്യാഖ്യാനം. എന്നാല്‍, റമദാനിനെ വസന്തമായിട്ടാണു കവികള്‍ പൊതുവെ വിവരിക്കാറുള്ളത്. കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ ഓര്‍മയിലെ റമദാന്‍ വസന്തങ്ങളെ എങ്ങനെ കാണുന്നു
റമദാനിന്റെ ഇന്നലെകളെ ഓര്‍ത്തെടുക്കുമ്പോള്‍ പെട്ടെന്ന് എന്റെ മനസില്‍ തെളിയുന്നത് പി. സീതിക്കുഞ്ഞി എന്ന കവിയായ എന്റെ പിതാവിന്റെ മുഖമാണ്. റമദാനിനെക്കുറിച്ചു ധാരാളം കവിതകള്‍ എഴുതിയ അദ്ദേഹം മരിച്ചത് 1975 സെപ്റ്റംബര്‍ 15ന് ഒരു റമദാനിലായിരുന്നു. കവിതകളിലൂടെ ഈ മാസത്തിന്റെ വിശുദ്ധിയെ മാലോകര്‍ക്കു പരിചയപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പിന്നെ, മാപ്പിള മഹാകവി ടി. ഉബൈദ് സാഹിബ്. ഇരുവരും കൊളുത്തിവച്ച ആ ദീപമാണ് ഇന്നു ഞങ്ങളെപ്പോലെയുള്ളവരില്‍ കത്തിക്കൊണ്ടിരിക്കുന്നത്.
? മാപ്പിളപ്പാട്ടുകള്‍ കാസര്‍കോടിന്റെ ആവേശകരമായൊരു അനുഭവമാണ്. മൊഗ്രാല്‍, തളങ്കര, പള്ളിക്കര തുടങ്ങിയവ ഇതിന്റെ കേന്ദ്രങ്ങളായിരുന്നു. ഇതു മുസ്‌ലിം ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നു.
കാസര്‍കോടിന്റെ പാട്ടുപാരമ്പര്യം വളരെ പ്രസിദ്ധമാണല്ലോ.
അവിടങ്ങളിലെല്ലാം മാപ്പിളപ്പാട്ടുകള്‍ ജനങ്ങളെ ആഴത്തില്‍തന്നെ ആവേശിച്ചിട്ടുണ്ടെന്നു പറയാം. മാപ്പിളമഹാകവി ടി. ഉബൈദ് സാഹിബ് തളങ്കരക്കാരനായിരുന്നു. അതിനാല്‍ ആ കലാരൂപം അവിടെ നിരന്തരം ജീവിച്ചുകൊണ്ടിരുന്നു.
1970കളില്‍ അദ്ദേഹവും എന്റെ പിതാവുംകൂടി ചേര്‍ന്ന് ഇസ്സുല്‍ വഥന്‍ മ്യൂസിക് ക്ലബ് രൂപീകരിച്ചു. കുട്ടികളെ പാട്ടു പഠിപ്പിക്കല്‍, മാപ്പിള സംസ്‌കാരത്തെ നിലനിര്‍ത്തല്‍, പാട്ടുപാരമ്പര്യത്തെ കണ്ണിമുറിയാതെ സൂക്ഷിക്കല്‍ തുടങ്ങിയവയായിരുന്നു പ്രധാനമായും ഇതുകൊണ്ട് ഉന്നംവച്ചിരുന്നത്. വളരെ നല്ല പ്രതികരണവും പ്രതിഫലനവുമായിരുന്നു ഇതിന്. ഇക്കാലത്തു വളരെ ഉന്നതമായ നിലക്കു കുട്ടികള്‍ പാട്ടില്‍ പരിശീലിക്കപ്പെട്ടു. പല ഗുരുക്കന്മാരെയും പാട്ടുകാരെയും കൊണ്ടുവന്നു പരിശീലനങ്ങള്‍ നല്‍കി. ഉത്തരേന്ത്യയില്‍നിന്നു ഗുരുക്കന്മാരെ കൊണ്ടുവന്നാണ് അന്ന് ഷാഹിബാജ എന്ന വാദ്യോപകരണം പഠിപ്പിക്കപ്പെട്ടിരുന്നത്. ഇതിനുള്ള എല്ലാ റിസ്‌കുമെടുത്തിരുന്നത് ഉബൈദ് സാഹിബാണ്. അതുകൊണ്ടുതന്നെ, ഇസ്സുല്‍ വഥന്‍ മ്യൂസിക് സംഘം വളരെ പെട്ടന്നു കേരളത്തില്‍ പ്രസിദ്ധി നേടി.
പഠിക്കുന്ന കാലത്ത് ആകാശവാണിയില്‍ 25ഓളം പ്രോഗ്രാമുകള്‍ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ പാട്ടു സംഘത്തിന്റെ പരിപാടികള്‍ വളരെ ആവേശത്തോടെ അന്നത്തെ ഡയരക്ടര്‍ പ്രക്ഷേപണം നടത്തിയിരുന്നു. സ്‌കൂള്‍ ക്ലാസുകളുണ്ടായിരുന്ന കാലം പരിപാടി ഷൂട്ട് ചെയ്യാന്‍ എല്ലാ സജ്ജീകരണങ്ങളുമടങ്ങിയ വാഹനം തളങ്കരയിലേക്കു പറഞ്ഞുവിടാറായിരുന്നു പതിവ്. പാട്ടു പാടാന്‍ പോയി കുട്ടികളുടെ പഠനം നഷ്ടപ്പെടരുത് എന്ന അദ്ദേഹത്തിന്റെ നല്ല ചിന്തയായിരുന്നു ഇതിനു കാരണം. എഴുപതുകളില്‍ സഞ്ചരിക്കുന്ന മൊബൈല്‍ സ്റ്റുഡിയോ ഞങ്ങളെ തേടി തളങ്കരയെത്തുന്നത് ഒരത്ഭുതം തന്നെയായിരുന്നു.
? റമദാന്‍ എന്നും മാപ്പിള കവികളുടെ ഒരു ആഖ്യാന വിഷയമായിരുന്നു. റമദാനിനെ വളരെ മനോഹരമായി അവതരിപ്പിച്ച മറ്റു കവികള്‍.
ടി. ഉബൈദ് സാഹിബ് മനോഹരമായി റമദാനിനെ തന്റെ കവിതയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റംസാന്‍ പെരുമാള്‍ എന്ന കവിത ഏറെ പ്രസിദ്ധമാണ്. റമദാന്‍ വരുത്തുന്ന ചൈതന്യങ്ങളെക്കുറിച്ചാണ് അതില്‍ പരാമര്‍ശിക്കുന്നത്. എന്നും മൂല്യാധിഷ്ഠിതമായി മാത്രം കവിത എഴുതിയ ഉബൈദ് സാഹിബിന്റെ ശ്രദ്ധേയമായ മറ്റൊരു രചനയാണ് മിടുക്കന്‍ ആദംപുത്രന്‍. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിനെ അവന്‍ അറിവു കൊണ്ടു കീഴടക്കിയ സമുന്നതമായൊരു നേട്ടമായാണ് അദ്ദേഹം വര്‍ണിക്കുന്നത്. എന്റെ പിതാവ് സീതിക്കുഞ്ഞി മാസ്റ്ററും നോമ്പിനെക്കുറിച്ച് കവിതകള്‍ എഴുതിയിട്ടുണ്ട്.
ഉബൈദ് സാഹിബിന്റെ കവിതാപ്രപഞ്ചം അതിവിശാലമാണ്. അദ്ദേഹത്തിനു മുന്‍പില്‍ കടന്നുവരാത്ത വിഷയങ്ങളില്ല. ശക്തനായ മുസ്‌ലിം ലീഗുകാരനായിരുന്ന അദ്ദേഹം ബാഫഖി തങ്ങളെ കുറിച്ച് എഴുതിയ കവിതയാണ് അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ കവിത. ബാഫഖി തങ്ങള്‍ക്ക് തളങ്കരയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ അനുമോദനപൂര്‍വം പാടാനായി തയാറാക്കപ്പെട്ടതായിരുന്നു ഈ കവിത.
'പ്രശംസാസിന്ധുവില്‍ നീന്തിത്തുടിക്കും ഭാരതനേതാ...
പ്രശസ്തന്‍ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ കുലജാതാ...'
എന്നിങ്ങനെയായിരുന്നു അതിന്റെ തുടക്കം. ഞാനാണു കവിത പാടിയിരുന്നത്. പാടിക്കഴിഞ്ഞ ശേഷം കൊച്ചുകുട്ടിയായ എന്നെ ബാഫഖി തങ്ങള്‍ പിടിച്ച് ആശ്ലേഷിക്കുകയുണ്ടായി. എന്റെ ജീവിതത്തില്‍ ലഭിച്ച വലിയൊരു അംഗീകാരവും സന്തോഷ മുഹൂര്‍ത്തവുമായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."