ഒരു തെരുവിന്റെ കഥ
അറബികളും പറങ്കികളും വെള്ളക്കാരുമെല്ലാം വഴിയടയാളങ്ങളിട്ട കോഴിക്കോട്ടങ്ങാടിക്കുമൊരു തെരുവുണ്ട്. കോഴിക്കോട്ടുകാരുടെ സ്വന്തം കഥാകാരന്‍ എസ്.കെ പൊറ്റെക്കാട്ടിന്റെ തെരുവ്. മധുരമേറെയില്ലെങ്കിലും മധുവൂറുന്ന പേരിലൊരു മിഠായിത്തെരുവ്.
കോഴിക്കോട്ടെ ക്യാംപ് ബസാര്‍ റോഡ് ഏതെന്ന് ആരോടെങ്കിലും ചോദിച്ചു നോക്കൂ. കൈമലര്‍ത്തും. തങ്ങള്‍ക്കറിയില്ലെന്നവര്‍ തറപ്പിച്ചു പറയും. പക്ഷേ ഈ റോഡ് നന്നായറിയാം. തലമുറകള്‍ക്ക് ആത്മബന്ധമുള്ള, അവന്റെ ഹൃദയത്തിലലിഞ്ഞ ഗൃഹാതുരതകളുടെ തെരുവ്. കുഞ്ഞുനാളില്‍ പിതാവിന്റെ വിരലില്‍ തൂങ്ങി കൗതുകങ്ങള്‍ കാണുകയും വാങ്ങുകയും ചെയ്ത മിഠായിത്തെരുവ്.
ഇന്നു കുടുംബസമേതം ഷോപ്പിങ്ങിനിറങ്ങുന്ന അതേ തെരുവിന്റെ ചരിത്രത്തിലെ പേര് ക്യാംപ് ബസാര്‍ റോഡെന്നായിരുന്നു. സായ്പിന്റെ രേഖകളിലെല്ലാം ഇതേ പേരുതന്നെ ആവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ മേലേ പാളയത്തായിരുന്നു ക്യാംപ് ബസാര്‍. മൊയ്തീന്‍ പള്ളി റോഡും കോര്‍ട്ട് റോഡുമെല്ലാം ക്യാംപ് ബസാര്‍ റോഡിനു മുട്ടിനിന്നു.
അന്നവിടെ മിഠായിക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നില്ല. ഓലമേഞ്ഞ ചില കെട്ടിടങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തിരുമൂര്‍ത്തിയെന്ന അലക്കുകാരന്റെ കടയും രംഗസ്വാമി ബാര്‍ബറും തമിഴനായ കുപ്പന്റെ ഷേവിങ് കടയും.
കോഴിക്കോട്ടെ പേരുകേട്ട ഭക്ഷ്യവിഭവമായ ഹലുവയെ സായ്പന്‍മാര്‍ സ്വീറ്റ് മീറ്റെന്നു വിളിച്ചു. അത് എസ്.എം സ്ട്രീറ്റായി. പിന്നീട് എസ്.കെയുടെ മധുരം കിനിയുന്ന മിഠായിത്തെരുവുമായി.
ഇതാണ് പുതിയ കഥ
കോഴിക്കോട്ടങ്ങാടിയിലെത്തുന്നവര്‍ മിഠായിത്തെരുവ് കാണാതെ പോകില്ല. സുസ്‌മേര വദനനായ് തെരുവിന്റെ കഥാകാരന്‍ നില്‍പ്പുണ്ടിവിടെ. മാനാഞ്ചിറയുടെ പുല്‍ത്തകിടിയില്‍ വിശ്രമിച്ച് എസ്.എം സ്ട്രീറ്റിലൂടെ ഒന്നു കറങ്ങിപ്പോവുകയെന്നത് വാരാന്ത്യത്തില്‍ കോഴിക്കോട്ടുകാരുടെ ശീലമാണ്. സായ്പ് മധുരമുള്ള ഇറച്ചിയെന്ന് വിളിച്ച ഹല്‍വയുടെ ഒന്നോ രണ്ടോ കടകളാണ് തെരുവിന്റെ അങ്ങേതലയ്ക്കലുള്ളത്. ഇവിടുത്തെ പ്രധാന കച്ചവടം തുണിത്തരങ്ങള്‍ തന്നെ. നഗരത്തില്‍ പ്രസിദ്ധവും വിശാലവുമായ നിരവധി വസ്ത്ര വ്യാപാര കേന്ദ്രങ്ങളുണ്ടെങ്കിലും എസ്.എം സ്ട്രീറ്റിലെ തുണിക്കച്ചവടത്തിന്റെ പെരുമ വേറെത്തന്നെ.
കട കാലിയാക്കല്‍
ആദായ വില്‍പ്പന, കട കാലിയാക്കല്‍ ഈ രണ്ടു ബോര്‍ഡുകള്‍ മിഠായിത്തെരുവിന്റെ ഇരുഭാഗങ്ങളിലും എമ്പാടും കാണാനാവും. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞാലും കാലിയാവാത്ത കടകളാണ് തെരുവിലേതെന്നതു കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. വിറ്റു തീരും തോറും സ്റ്റോക്കുകള്‍ എത്തിക്കൊണ്ടേയിരിക്കും. പണ്ട് തോര്‍ത്തുമുണ്ടും ബനിയനും ട്രൗസറുമൊക്കെ വിറ്റിരുന്ന കടകള്‍ ഇപ്പോള്‍ വസ്ത്രലോകത്തെ വിചിത്രവും വിസ്മയങ്ങളുമായ നിരവധി തുണിത്തരങ്ങളില്‍ തിളങ്ങുന്നു.
ശ്, ശ്.... വിളി
മിഠായിത്തെരുവില്‍ പ്രവേശിച്ചു കഴിയുമ്പോഴേ ആരൊക്കെയോ വിളിച്ചു തുടങ്ങും ...ശ്...ശ്.... തെരുവിനിരുവശങ്ങളിലുമുള്ള കച്ചവടക്കാരുടെ കങ്കാണിമാരാണിവര്‍. ആദായം ഞങ്ങളുടെ കടയിലാണ് വരൂ എന്ന പ്രലോഭിപ്പിക്കുന്ന വിളിയാണത്. തെരുവില്‍ ഏറെയും റെഡിമെയ്ഡ് വസ്ത്രങ്ങളാണുള്ളത്. പുറത്ത് കടകളിലെ അലമാരകളില്‍ പായ്ക്കറ്റുകളിലാക്കി വലിയ വില പ്രിന്റ് ചെയ്ത് ഗൗരവമേറിയ കച്ചവടം നടക്കുന്ന സ്ഥലത്തേക്കാള്‍ ആളുകള്‍ക്കിഷ്ടം ഇവിടെ വന്ന് ആസ്വദിച്ച് വിലപേശി സാധനങ്ങള്‍ വാങ്ങുന്നതിലാണ്. ആവശ്യമുള്ളവ തിരഞ്ഞു തിരഞ്ഞ് പോകാം.
ഓരോ കടകളിലും കയറിയിറങ്ങാം. വിലപേശിപ്പേശി പരമാവധി കുറപ്പിക്കാം. ആരും നിങ്ങളെ മടുപ്പിക്കില്ല. കുടുംബസമേതമെത്തി തെരുവിന്റെ ഒരു കരയില്‍ നിന്നു അങ്ങേക്കരയിലേക്കു മണിക്കൂറുകളോളം തുഴഞ്ഞങ്ങനെ നീങ്ങാം.
ഞായര്‍ ചന്ത
മിഠായിത്തെരുവ് എന്നും സജീവമാണ്. വാരാന്ത്യത്തില്‍ കൂടുതല്‍ ഊര്‍ജസ്വലമാകുന്നു. ശനിയാഴ്ച രാത്രി മുതലേ ഒരുക്കങ്ങള്‍ നടക്കും. പുലരുന്നതോടെ തെരുവുണരുകയായി. അന്നവിടെ കിട്ടാത്തതൊന്നുമില്ല. അവധി ദിനത്തിന്റെ ആലസ്യത്തില്‍ നഗരത്തിന്റെ മറ്റു ഭാഗങ്ങള്‍ മയങ്ങുമ്പോള്‍ മിഠായിത്തെരുവ് നിറഞ്ഞു പതയുന്നു. മൊയ്തീന്‍ പള്ളി റോഡും കോര്‍ട്ട് റോഡും കമ്മത്ത് ലൈനുമെല്ലാം അന്നുമാത്രം തെരുവ് കടമെടുക്കും.
മൊട്ടുസൂചി മുതല്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം തെരുവിലന്ന് സുലഭം. മൊയ്തീന്‍ പള്ളിക്കു ചുറ്റുമുള്ള ചന്തവരെ നടക്കുമ്പോഴേക്കും ആദായ വിലയ്ക്ക് പലതും സഞ്ചി സ്വന്തമാക്കിയിരിക്കും.
ആഘോഷത്തെരുവ്
പെരുന്നാളും ഓണവും വിഷുവും ക്രിസ്മസുമെല്ലാം തെരുവിന് ആഘോഷത്തിമര്‍പ്പിന്റെ പൂരങ്ങളാണ്. ആഘോഷം ഏതായാലും മിഠായിത്തെരുവ് ആഴ്ചകള്‍ക്കു മുന്‍പേ ആഹ്ലാദവതിയാകും. നേരത്തെ മുഖം മിനുക്കി അണിഞ്ഞൊരുങ്ങും. പിന്നെ ജാതിഭേദമില്ലാതെ ജനസമുദ്രമാകും. ഞായര്‍ ചന്തകളിപ്പോള്‍ പരദേശികള്‍ കൈയടക്കിയെന്ന പുതുമയുമുണ്ട്.
മിഠായിത്തെരുവിന്റെ പേരിന് ഇങ്ങനെയൊരു വകഭേദമുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. തമിഴരും ഗുജറാത്തികളും പണ്ട് വാണിരുന്ന മിഠായിത്തെരുവില്‍ ബംഗാളികള്‍ വരവായി. മാസങ്ങള്‍ക്കു ശേഷം നാട്ടിലേക്കു തിരിക്കുമ്പോള്‍ കൊണ്ടുപോകാനുള്ളതെല്ലാം അവര്‍ ഞായറാഴ്ച ചന്തയിലെത്തി വാങ്ങിപ്പോകും.
കത്തിത്തീരാത്ത കച്ചവടം
മിഠായിത്തെരുവെന്നു കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലോടിയെത്തുന്നത് തീപിടിത്തം കൂടിയാണ്. കോഴിക്കോടന്‍ പൈതൃകത്തെരുവിന്റെ കേളിയെ കെടുത്തിക്കളയുന്നത് കച്ചവടം പൊടിപൊടിക്കുന്നതിനിടെ തെരുവ് കത്തുമ്പോഴാണ്. പണ്ടൊക്കെ എപ്പോഴെങ്കിലുമൊക്കെയായിരുന്നു. ഇപ്പോഴതു സ്ഥിരം പല്ലവിയായി. ആളുമനക്കവുമേറെയുള്ള തെരുവ് പെട്ടന്ന് യുദ്ധഭൂമിയാവുന്നു. അഗ്നിയുടെ ശീല്‍ക്കാരങ്ങളും ധൂമപടലങ്ങളും ആകാശത്തേക്കുയരുന്നു. മണിക്കൂറുകള്‍ നീണ്ട് കൈ-മെയ് മറന്ന് എല്ലാവരും ഒത്തുചേരുന്നു. ചിലപ്പോള്‍ കത്തിയമരുന്ന തുണിത്തരങ്ങള്‍ക്കൊപ്പം വെന്ത മനുഷ്യമാംസ ഗന്ധവും.
2007 ഏപ്രില്‍ അഞ്ചിനുണ്ടായ ദുരന്തം തെരുവിനെ വിറപ്പിച്ചു. വിഷു പടക്ക വിപണന കേന്ദ്രത്തില്‍ എട്ടു ജീവനുകളെ വിഴുങ്ങി ആ ദുരന്തം. 2010ലും 2015ലും തെരുവ് കത്തി. ഇരുട്ടിന്റെ മറവിലാണ് തീപടരാറുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പട്ടാപ്പകലും മൂന്നു നില ജൗളിക്കട നിന്നു കത്തി. അന്വേഷണങ്ങളും ചര്‍ച്ചകളും വരാറുണ്ട്. കുറച്ചു കാലം നിലനില്‍ക്കും. ചാമ്പലുകള്‍ മാറ്റപ്പെടും.
അവിടെ പുത്തന്‍ കട പിറവികൊള്ളും. വീണ്ടും തെരുവ് കച്ചവടത്തിരക്കില്‍ അലിഞ്ഞു ചേരും. കത്തിത്തീരാത്ത ജീവിത വ്യവഹാരങ്ങളുടെ പ്രവാഹമായ് എസ്.കെ യുടെ മിഠായിത്തെരുവ്. ചിലര്‍ക്കിവിടം അന്നമാണ്. മറ്റു ചിലര്‍ക്ക് പൈതൃക കാഴ്ചയാണ്. കാലം സാക്ഷി. കഥാകാരന്റെ തെരുവ് കഥ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."