ഞായറാഴ്ച റോ റോ സര്‍വീസില്ല; പ്രതിഷേധം ശക്തം
മട്ടാഞ്ചേരി: പ്രതിസന്ധികളുടെ നടുവില്‍ നട്ടം തിരിഞ്ഞ് ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ റോ റോ സര്‍വീസ്. എട്ടു മണിക്കൂര്‍ മാത്രം നിജപ്പെടുത്തി കൊണ്ട് സര്‍വീസ് പുനരാരംഭിച്ചെങ്കിലും പൊതു ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഞായറാഴ്ച്ചകളില്‍ സര്‍വീസിന് അവധി പ്രഖ്യാപിച്ചു കൊണ്ട് കെ.എസ്.ഐ.എന്‍.സി അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചത് ഏറെ ജനരോഷത്തിന് ഇടയാക്കിയിരിക്കയാണ്. നിലവില്‍ ഒരു റോ റോ മാത്രം എട്ടു മണിക്കൂര്‍ മാത്രം നടത്തുന്നത് സര്‍വീസ് നടത്തുന്നതിന് യാത്രാ ക്ലേശത്തിന് തീരെ പരിഹാരമാകുന്നില്ല. നിരവധി വാഹനങ്ങളാണ് കാത്ത് കിടന്നു മടങ്ങുന്നത്. നേരത്തെ സ്വകാര്യ കമ്പനി സര്‍വീസ് നടത്തിയിരുന്നപ്പോള്‍ രണ്ടു ജങ്കാറുകളാണ് ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ ഓടിയിരുന്നത്.
ഒരു ജങ്കാറിന് അറ്റകുറ്റപണികള്‍ നേരിട്ടാല്‍ സര്‍വിസ് മുടങ്ങാതിരിക്കാന്‍ സ്‌പെയര്‍ ജങ്കാറും കരുതിയിരുന്നു. എന്നാല്‍ കൊച്ചി നഗരസഭയും കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.എന്‍.സിയും ചേര്‍ന്ന് നേരിട്ടു നടത്തുമ്പോള്‍ പുതുതായി പണിത രണ്ടു വെസലുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല എന്നു മാത്രമല്ല ഒരു വെസല്‍ മുഴുവന്‍ സമയം ഓടിക്കാന്‍ പോലും കഴിയുന്നില്ല. കേവലം എട്ടു മണിക്കൂര്‍ മാത്രം സര്‍വിസ് നടത്തുന്നുള്ളു എന്നതിനു പുറമെ ഞായറാഴ്ചയും സര്‍വിസ് മുടക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പടിഞ്ഞാറന്‍ കൊച്ചിയില്‍ മാത്രം പന്ത്രണ്ടോളം വിരമിച്ച കപ്പല്‍ ക്യാപ്റ്റന്‍ന്മാരുള്ള മേഖലയാണ്.
ഇവരുമായി ബന്ധപ്പെടുന്നതിനും സഹായം തേടുന്നതിനുപോലും അധികൃതര്‍ തയാറായിട്ടല്ല. ഇതിനിടയില്‍ കുവൈത്തില്‍ നിന്നും വെസല്‍ ഓടിക്കാന്‍ എത്തിയ മലയാളിയായ വിദഗ്ധന്‍ തിരികെ പോയതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പരിശീലനക്കാരുടെ പെരുമാറ്റ രീതിയാണ് ഇയാളെ മടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.
വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധ സമരങ്ങളാണ് വിവിധ സംഘടനകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ബോര്‍ഡ് സ്ഥാപിച്ചയുടന്‍ തന്നെ കൊച്ചി പീപ്പിള്‍സ് പ്ലാറ്റ്‌ഫോമിന്റ നേതൃത്വത്തില്‍ അഴിമുഖത്ത് വാഴ പിണ്ടി ഒഴുക്കി പ്രതിഷേധിച്ചു. നവാസ് മമ്മ, പി.എസ്.അബ്ദുക്കോയ, എ.ജലാല്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. ഞായറാഴ്ച റോ റോജെട്ടിയില്‍ കായലിലിറങ്ങി മനുഷ്യചങ്ങല തീര്‍ക്കുവാനും സംഘടനകള്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."