യോഗിയുടെ മുഖ്യമന്ത്രിപദം തനി നിറം വ്യക്തമാക്കി ബി.ജെ.പി
ലഖ്‌നൗ: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ബി.ജെ.പിയുടെ യഥാര്‍ഥ വര്‍ഗീയ മുഖത്തെയാണ് വ്യക്തമാക്കുന്നതെന്ന് മതേതര വാദികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും. 'ഒരു ഹിന്ദു പെണ്‍കുട്ടി മതം മാറ്റപ്പെട്ടാല്‍ ഞാന്‍ 100 മുസ്്‌ലിം പെണ്‍കുട്ടികളെ മതം മാറ്റും, ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ 100 മുസ്്‌ലിങ്ങളെ കൊല്ലും' തുടങ്ങിയ വിവാദവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ ആദിത്യനാഥിന് മതേതര രാജ്യത്തെ ഒരു നിര്‍ണായക സംസ്ഥാനത്ത് എങ്ങനെ നീതിയുക്തമായി ഭരണം നടത്താനാവുമെന്ന ചോദ്യവും ഉയരുന്നുണ്ട്. രജപുത് വിഭാഗത്തില്‍പ്പെട്ട ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ബി.ജെ.പി സംരക്ഷിക്കുന്നത് യു.പിയിലെ സവര്‍ണരുടെ താല്‍പര്യമാണ്.
1998 മുതല്‍ ഖൊരക്പൂര്‍ എം.പിയാണ് യോഗി ആദിത്യനാഥ്. തീവ്ര ഹിന്ദു നിലപാടുകളിലൂടെ എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം ഖൊരക്‌നാഥ് മഠാധിപതിയുമാണ്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. കലാപം, കൊലപാതകശ്രമം, ആയുധം കൈവശം വയ്ക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ഭീഷണിപ്പെടുത്തല്‍,തുടങ്ങിയവയാണ് ആദിത്യനാഥിനെതിരായുള്ള കേസുകള്‍.
ഉത്തരാഖണ്ഡിലെ ഹേമാവതി നന്ദന്‍ ബഹുഗുണ ഗാര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്ര ബിരുദധാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസിലാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എം.പിയെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം 1998 ലാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു. ഇന്നും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. 2010 ല്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പെടുത്തുന്ന ബില്ലിനായി ബി.ജെ.പി നല്‍കിയ വിപ്പ് ലംഘിച്ച എംപിമാരില്‍ ഒരാളായിരുന്നു ആദിത്യനാഥ്.
വര്‍ഗീയ പ്രസംഗങ്ങളാണ് ഇയാളെ വളര്‍ത്തിയത്. ഹിന്ദു മത പ്രചാരണത്തിനായി ഹിന്ദു യുവ വാഹിനിയെന്ന സംഘടന രൂപീകരിച്ചു.
മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ ക്രൈസ്തവ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു വെന്നാണ് ആദിത്യനാഥിന്റെ പരാമര്‍ശം. ഷാരൂഖ് ഖാനെ പാക് ഭീകരന്‍ ഹാഫിസ് സഈദിനോടുപമിക്കാനും അദ്ദേഹം തയാറായി. സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നും ഇയാള്‍ പറയുകയുണ്ടായി.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രവും മുസ്‌ലിം പള്ളിയും പണിത് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന നിര്‍ദേശത്തെ മക്കയില്‍ ക്ഷേത്രം പണിയുന്നത് പോലെയെന്നാണ് യോഗി വിശേഷിപ്പിച്ചത്.
2007 ല്‍ ഖോരക്പൂരില്‍ നടന്ന കലാപത്തില്‍ യോഗി ആദിത്യ നാഥിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോകരുതെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇയാള്‍ നടത്തിയ വിദ്വേഷ പ്രസംഗമായിരുന്നു യു.പിയില്‍ കലാപത്തിന് കാരണമായത്.
യോഗിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും മുംബൈ -ഖൊരക്പൂര്‍ എക്‌സ്പ്രസിന് തീവയ്ക്കുന്നതില്‍ കലാശിക്കുകയും ചെയ്തു. നിരവധി മുസ്‌ലിം പള്ളികളും വീടുകളും വാഹനങ്ങളും അക്രമകാരികള്‍ നശിപ്പിച്ചു. ആദിത്യനാഥ് നടത്തിയ പ്രസംഗങ്ങളാണ് യു.പിയില്‍ കലാപങ്ങള്‍ക്ക് വഴിവച്ചതെന്ന് 2011 പുറത്തിറങ്ങിയ കാവിയുദ്ധവും ഹൈന്ദവ വര്‍ഗീയതയും എന്ന ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."